പ്രണയമുണ്ട്; വിവാഹം ഇപ്പോൾ പറ്റില്ലെന്നാണ് പറഞ്ഞത്; കാമുകിയെക്കുറിച്ച് അരിസ്റ്റോ സുരേഷ്
ഒരുപിടി പുതിയ മുഖങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാള സിനിമയാണ് ആക്ഷൻ ഹീറോ ബിജു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജു വലിയ തോതിൽ ജനശ്രദ്ധ നേടി. ജൂനിയർ ആർട്ടിസ്റ്റുകളായിരുന്ന ബേബി, മേരി എന്നിവരുടെ കോമഡി രംഗമാണ് ഇതിലേറെ വൈറലായത്. സിനിമയിലൂടെ ശ്രദ്ധ നേടിയ മറ്റാെരു വ്യക്തി അരിസ്റ്റോ സുരേഷാണ്. മദ്യപാനിയുടെ റോളിൽ തകർത്ത് അഭിനയിച്ച അരിസ്റ്റോ സുരേഷിന്റെ മുത്തേ പൊന്നേ എന്ന ഗാനവും ശ്രദ്ധ നേടി.
സിനിമ കണ്ടവരുടെയെല്ലാം മനസിൽ പതിഞ്ഞ കഥാപാത്രത്തെയാണ് അരിസ്റ്റോ സുരേഷ് അവതരിപ്പിച്ചത്. തിരുവന്തപുരത്തെ ഒരു സാധാരണ ചുമട്ട് തൊഴിലാളിയായിരുന്ന അരിസ്റ്റോ സുരേഷിന് ജീവിതത്തിലെ വഴിത്തിരവായത് ആക്ഷൻ ഹീറോ ബിജുവാണ്. പിന്നീട് ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും അരിസ്റ്റോ സുരേഷ് മത്സരാർത്ഥിയായെത്തി.

അവിവാഹിതനായ നടൻ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ. തനിക്കൊരു കാമുകിയുണ്ടെന്നും അവരുടെ പേര് പറയാൻ പറ്റില്ലെന്നും അരിസ്റ്റോ സുരേഷ് വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
എന്നെക്കാൾ കുറച്ച് പ്രായം കുറവാണ്. വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്നയാളാണ്. അവർ ജീവിക്കുന്നത് മരിച്ച് പോയ ആളുടെ സഹോദരിയുടെ മക്കൾക്ക് വേണ്ടിയാണ്. അങ്ങനെയൊരാളായതിനാൽ എനിക്കിഷ്ടമായി. നമ്മളെ പോലൊരാൾ. സിനിമാ ലൊക്കേഷനിൽ വെച്ച് കാണും. മേക്കപ്പൊക്കെ ഇട്ടത് കൊണ്ട് ഗ്ലാമർ കുറവായിരുന്നു. നമുക്ക് പറ്റിയ ആളാണെന്ന് കരുതി.

മേക്കപ്പില്ലാതെ കണ്ടപ്പോൾ ഞെട്ടിപ്പോയി. നല്ല ഗ്ലാമറായിരുന്നു. ജീവിക്കാൻ സൗകര്യമുള്ള രണ്ടും മൂന്നും ആങ്ങളമാരുള്ള വ്യക്തി. കല്യാണക്കാര്യം പറഞ്ഞപ്പോൾ ഇപ്പോൾ കല്യാണം കഴിക്കാൻ പറ്റില്ല, പിന്നീടാവട്ടെ എന്നാണ് പറഞ്ഞത്. കുറച്ച് സമയം കഴിയുമ്പോൾ തീരുമാനം എന്താകുമെന്ന് അറിയില്ലെന്നും അരിസ്റ്റോ സുരേഷ് വ്യക്തമാക്കി.
എന്റെ മനസിലെ ആഗ്രഹം ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ്. സ്ക്രിപ്റ്റ് എഴുതാറുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പ് ഒന്ന് രണ്ട് സ്ക്രിപ്റ്റുകളുമായി പലരെയും കണ്ടിട്ടുണ്ട്. അതിലൊരു സ്ക്രിപ്റ്റിന്റെ ആശയം എന്റെ പേരില്ലാതെ സിനിമയായിട്ടുണ്ട്. അത് വളരെ സങ്കടമുണ്ടാക്കിയ കാര്യമാണ്. എന്റെ സമയം ആയിട്ടില്ല എന്ന് കരുതി അന്ന് ആശ്വസിച്ചെന്നും അരിസ്റ്റോ സുരേഷ് വ്യക്തമാക്കി.
ബിഗ് ബോസിലെ അനുഭവങ്ങളും അരിസ്റ്റോ സുരേഷ് പങ്കുവെച്ചു. ബിഗ് ബോസിൽ പോയ ശേഷം ഒരുപാട് പഠിച്ചു. തന്റെ സ്വഭാവത്തിൽ മാറ്റം വന്നു. പരിമിതികളിൽ നിന്ന് ജീവിക്കാൻ പഠിച്ചു. പല ലൊക്കേഷനുകളിലും സത്യം പറഞ്ഞാൽ ഭക്ഷണം പോലും കിട്ടാതായിട്ടുണ്ട്. അപ്പോഴൊക്കെ ബിഗ് ബോസിനെ ഓർക്കും. അവിടെ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പക്ഷെ ഇഷ്ടപ്പെടുന്ന ഭക്ഷണം കിട്ടണമെന്നില്ലെന്നും അരിസ്റ്റോ സുരേഷ് ചൂണ്ടിക്കാട്ടി.
ആക്ഷൻ ഹീറോ ബിജുവിന് ശേഷം സിനിമാ രംഗത്ത് സജീവമായ അരിസ്റ്റോ സുരേഷ് കുട്ടനാടൻ മാർപാപ്പ, പ്രതി പൂവൻകോഴി, സഖാവ്, പരോൾ, ക്യൂബൻ കോളനി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2016 ലാണ് ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











