'എന്റെ പോസ്റ്ററുകൾ കീറിക്കളഞ്ഞു; അപവാദങ്ങൾ പറഞ്ഞ് പരത്തി; ആക്ഷൻ ഹീറോ ബിജുവിന് ശേഷം നടന്നത്'
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ അഭിനയിച്ച പലർക്കും കരിയറിൽ പിന്നീട് വഴിത്തിരിവുണ്ടായി. സുരാജ് വെഞ്ഞറാമൂടിനെ കോമഡി നടൻ എന്ന ലേബലിൽ മാറാൻ ഈ സിനിമ സഹായിച്ചു. മിനിട്ടുകൾ മാത്രമേ സുരാജിനെ സിനിമയിൽ കാണുന്നുള്ളൂ എങ്കിലും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം പതിഞ്ഞു. സമാനമായി ഈ സിനിമയിൽ ഒറ്റ സീനിൽ വന്ന് പ്രേക്ഷകരുടെ മനം കവർന്നവരാണ് മേരിയും ബേബിയും.
ജൂനിയർ ആർട്ടിസ്റ്റുകളായി നിരവധി സിനിമകൾ ചെയ്ത ബേബിക്കും മേരിക്കും ആദ്യമായി ലഭിച്ച ക്യാരക്ടർ റോളായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്. ഇവരുടെ സീൻ ഇന്നും ജനപ്രിയമാണ്. ട്രോളുകളിലും മീമുകളിലും ബേബിയുടെ ചിരി വ്യാപകമായി ഉപയോഗിച്ചു. എന്നാൽ പിന്നീട് രണ്ട് പേർക്കും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചില്ല.
ജൂനിയർ ആർട്ടിസ്റ്റായി ആരും വിളിക്കാതെയുമായി. ഇതോടെ മേരി ലോട്ടറി കച്ചവടത്തിനിറങ്ങി. ആക്ഷൻ ഹീറോ ബിജുവിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേരിയും ബേബിയും. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇവർ.

ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കുമ്പോൾ ഒരു സിനിമയിലും മുഖം കാണിക്കാൻ പറ്റിയില്ല. മക്കളും കൂട്ടുകാരും ഇത് പറഞ്ഞ് കളിയാക്കിയിരുന്നു. ഒരു സിനിമയിലെങ്കിലും ഞാനുള്ളത് അവരെ കാണിക്കാൻ പറ്റിയാൽ സന്തോഷമായേനെയെന്ന് പറഞ്ഞിരുന്നെന്ന് ബേബി ഓർത്തു. സിനിമയിൽ അഭിനയിച്ചതറിഞ്ഞ് അസൂയപ്പെട്ട ചില നാട്ടുകാർ തന്റെ ചിത്രമുള്ള സിനിമാ പോസ്റ്ററുകൾ കീറിക്കളഞ്ഞെന്ന് മേരി പറയുന്നു.
ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ അനുഭവങ്ങളും മേരി പങ്കുവെച്ചു. കാണാൻ കൊള്ളത്തില്ല സാറേ, കറുത്ത് കാക്കാച്ചിയെ പോലെയുണ്ട് എന്ന ഡയലോഗ് ഞാൻ തന്നെ പറഞ്ഞതാണ്. ഞാൻ ഡയലോഗ് പറഞ്ഞപ്പോൾ നിവിൻ പോളി ചിരിച്ചു. ചേച്ചി വാ തുറന്നാൽ എനിക്ക് ചിരി വരുമെന്ന് നിവിൻ പറഞ്ഞു. ഷൂട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കൈയടിച്ചു. അത് കണ്ട് പണി പാളി എന്നാണ് കരുതിയതെന്നും മേരി ഓർത്തു.

അതേസമയം ആക്ഷൻ ഹീറോ ബിജുവിന് ശേഷം അവസരങ്ങൾ ഇല്ലാതായെന്നും ഇവർ തുറന്ന് പറയുന്നു. മുമ്പ് ജൂനിയർ ആർട്ടിസ്റ്റാണെങ്കിലും അത് സ്ഥിരമായ ഒരു ജോലി ആയിരുന്നു. എന്നാൽ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തതോടെ ജൂനിയർ ആർട്ടിസ്റ്റായി വിളിക്കാതായി. കുടുംബം നോാക്കാനുള്ള ജോലിയാണ് ഇല്ലാതായതെന്നും ബേബിയും മേരിയും വ്യക്തമാക്കി.
ലോട്ടറി കച്ചവടത്തിന് ഇറങ്ങിയത് കടബാധ്യതകൾ കൊണ്ടാണ്. സ്ഥിര വരുമാനം ആവശ്യമായിരുന്നു. ആദ്യ ദിവസം ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയപ്പോൾ തനിക്ക് കരച്ചിൽ വന്നിരുന്നെന്നും മേരി തുറന്ന് പറഞ്ഞു. മേരി ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയപ്പോൾ താൻ പിന്തുണച്ചു. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. തനിക്കും ഇതേ ജോലി ചെയ്യണമെന്നുണ്ട്. പക്ഷെ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും ബേബി പറഞ്ഞു. ആക്ഷൻ ഹീറോ ബിജുവിന് ശേഷമാണ് രണ്ട് പേരും അടുത്ത സുഹൃത്തുക്കളായത്.
സിനിമയ്ക്ക് ശേഷം ജൂനിയർ ആർട്ടിസ്റ്റുകളായി ഒപ്പമുണ്ടായിരുന്നവർ പോലും തങ്ങളെക്കുറിച്ച് അപവാദം പറഞ്ഞന്നും ബേബിയും മേരിയും വ്യക്തമാക്കി. എന്തെങ്കിലും കേട്ടാൽ മേരി കരയും. പക്ഷെ താൻ തക്ക മറുപടി നൽകാറുണ്ടെന്ന് ബേബി പറയുന്നു.
2016 ലാണ് ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. പൊലീസുകാരുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയിൽ നിവിൻ പോളിയായിരുന്നു നായകൻ. എബ്രിഡ് ഷെെൻ ആണ് സിനിമ സംവിധാനം ചെയ്തത്. സിനിമയിലെ പല സീനുകളും ഇന്നും ജനപ്രിയമാണ്. അതേസമയം ആക്ഷൻ ഹീറോ ബിജുവിനെതിരെ വിമർശനവും വന്നിരുന്നു. പൊലീസിന്റെ ക്രൂരതകളെ വെള്ളപൂശുന്നു എന്നാണ് സിനിമയ്ക്കെതിരെ വന്ന വിമർശനം.


Click it and Unblock the Notifications











