'സ്റ്റൈലിലൊന്നും പറയേണ്ടെന്നാണ് നിവിൻ പോളി പറഞ്ഞത്, അദ്ദേഹം ഒരുപാട് സഹായിച്ചു'; നടിമാരായ മേരിയും ബേബിയും!
റിയലിസ്റ്റിക്ക് സിനിമകൾക്കാണ് മലയാളത്തിൽ ആരാധകർ കൂടുതൽ. അത്തരത്തിൽ ഹിറ്റായൊരു സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു. എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആക്ഷന്‍ ഹീറോ ബിജു 2 എന്ന പുതിയ ചിത്രത്തിലേയ്ക്കുള്ള ഒഡിഷന്‍ ആരംഭിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.
വിവിധ കഥാപാത്രങ്ങള്‍ക്കായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ നേരിട്ടാണ് ഒഡിഷന്‍ നടത്തിയത്. ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയ സമയത്ത് ചിത്രത്തിലെ ചെറിയ സീനുകളിൽ പ്രത്യക്ഷപ്പെട്ട് നിരവധി താരങ്ങൾ കൈയ്യടി വാങ്ങിയിരുന്നു.
ബിജു എന്ന പോലീസുകാരന്റെ സ്റ്റേഷനിൽ വരുന്ന നിരവധി കേസുകൾ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ചെയ്തിരിക്കുന്നത്. പതിവായി മലയാള സിനിമയിൽ കണ്ടുവരാറുള്ള പോലീസുകാരിൽ നിന്നും വ്യത്യസ്തരായിരുന്നു ആക്ഷൻ ഹീറോ ബിജുവിലെ ഓരോ പോലീസുകാരും.
നിവിൻ പോളിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിലൂടെ സുരാജ് അടക്കം നിരവധി താരങ്ങളുടെ കരിയർ തന്നെ മാറി മറിഞ്ഞിരുന്നു.

അക്കൂട്ടത്തിൽ രണ്ട് താരങ്ങളാണ് ചിത്രത്തിൽ വളരെ കുറച്ച് സീനുകളിൽ മാത്രം കടന്നുവരുന്ന നടിമാരായ ബേബിയും മേരിയും. അയൽവാസിയുടെ ശല്യത്തെ കുറിച്ച് പരാതി പറയാനെത്തിയ മേരിയും ബേബിയും സ്വതസിദ്ധമായ ശൈലിയിലൂടെ സിനിമയിൽ ഉടനീളം ചിരിപ്പിച്ചു.
ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജുവിന്റെ ഭാഗമായപ്പോൾ ഉണ്ടായ അനുഭവങ്ങൾ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മേരിയും ബേബിയും. ഒരു പരിഭ്രമമൊക്കെ ഉണ്ടായിരുന്നുവെന്നും ആ സമയങ്ങളിൽ ധൈര്യം പകർന്ന് സീൻ നന്നാക്കാൻ സഹായിച്ചത് നിവിൻ പോളിയാണെന്നും മേരിയും ബേബിയും പറയുന്നു.
'നല്ല സപ്പോർട്ടാണ് നിവിൻ പോളി തന്നത്. ആദ്യമായി അടുത്ത് നിന്ന് അഭിനയിച്ച സൂപ്പർതാരം നിവിൻ പോളിയാണ്. നല്ല സ്നേഹമുള്ള മനുഷ്യനാണ്. എല്ലാം കറക്ട് ചെയ്ത് തരും. സിനിമാ നടനാണ് മുന്നിലിരിക്കുന്നതെന്ന ഭയമില്ലാതെ ചെയ്യാൻ സാധിച്ചു. അധികം സ്റ്റൈൽ ആക്കാതെ നോർമലായി ആ ഡയലോഗുകൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചതും നിവിൻ പോളിയാണ്.'
'മൂന്ന് ദിവസത്തെ ഷൂട്ട് മാത്രമാണ് ആ സീനിനുണ്ടായിരുന്നത്. മറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതൊന്നും കണ്ടിട്ടില്ല. അരിസ്റ്റോ സുരേഷ് ചൊറിയണം ഉപയോഗിക്കുന്ന സീനിന്റെ ഷൂട്ട് കണ്ടിരുന്നു. സുരേഷിന്റെ പ്രകടനം കണ്ട് ഇയാൾ എന്താണ് കാണിക്കുന്നതെന്ന തരത്തിലാണ് ഞങ്ങൾ നോക്കി നിന്നത്. അന്ന് അത് അരിസ്റ്റോ സുരേഷാണെന്ന് അറിയില്ലായിരുന്നുവെന്നും', ബേബിയും മേരിയും പറയുന്നു.

ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചപ്പോൾ ആദ്യ കാലങ്ങളിൽ 200 രൂപയാണ് ശമ്പളം ലഭിച്ചതെന്ന് ബേബി പറഞ്ഞിരുന്നു. ഏഴ് വർഷം ജൂനിയർ ആർട്ടിസ്റ്റായിരുന്നു ബേബി. അവസാനമായി വർക്ക് ചെയ്തപ്പോൾ കിട്ടിയത് 500 രൂപയാണ്.
ആക്ഷൻ ഹീറോ ബിജുവിന് ശേഷം ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ ആരും വിളിക്കാറില്ലെന്നും ആ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് എല്ലാ ദിവസവും സിനിമ ഉണ്ടായിരുന്നുവെന്നും ബേബി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വരുമാനമാർഗത്തിനായി മേരി ലോട്ടറി വിൽപ്പനയിലേക്ക് കടന്നതും വാർത്തയായിരുന്നു.


Click it and Unblock the Notifications











