ആ ചാനലൊന്നും രക്ഷപ്പെടുത്തിയിട്ടില്ല; ലോട്ടറി വിൽക്കുന്നതിന് സഹോദരൻ ചീത്ത വിളിച്ചു; മേരി
ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ വൻജനപ്രീതി നേടിയവരാണ് ബേബിയും മേരിയും. മിനിട്ടുകൾ മാത്രമുള്ള സീനിൽ അഭിനയിച്ച ഇരുവരും സിനിമയിലെ പ്രധാന ആകർഷണ ഘടകമായി. ഇന്നും ആക്ഷൻ ഹീറോ ബിജുവിലെ താരങ്ങളായാണ് ബേബിയും മേരിയും അറിയപ്പെടുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളായി പ്രവർത്തിച്ചിരുന്ന ഇവർക്ക് അപ്രതീക്ഷിതമായാണ് ഈ അവസരം ലഭിക്കുന്നത്.
ഇത്രയും കഴിവുള്ളവർ ജൂനിയർ ആർട്ടിസ്റ്റുകളായി ഒതുങ്ങിപ്പോയതെങ്ങനെയെന്ന് പ്രേക്ഷകർക്കിടയിൽ ചോദ്യവും വന്നു. ആക്ഷൻ ഹീറോ ബിജുവിന് ശേഷം ബേബിയും മേരിയും കരിയറിൽ സജീവമാകുമെന്നാണ് ഏവരും കരുതിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. സിനിമകളിൽ ഇവർക്ക് നല്ല അവസരങ്ങൾ ലഭിച്ചില്ല. അറിയപ്പെടുന്നവരായതിനാൽ ജൂനിയർ ആർട്ടിസ്റ്റായി അധികമാരും വിളിച്ചതുമില്ല. ജീവിതം മുന്നോട്ട് കൊണ്ട് പോകാനായി ഇതിനിടെ മേരി ലോട്ടറി വിൽപ്പനയിലേക്കും കടന്നു.
തങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേബിയും മേരിയും. മാസ്റ്റർ ബിൻ ചാനലിനോടാണ് പ്രതികരണം. ഒരു ചാനൽ തന്നെ ഏറ്റെടുത്തെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ ഒരു ചാനലും തന്നെ രക്ഷിച്ചിട്ടില്ലെന്ന് മേരി പറയുന്നു. കിട്ടുന്ന പൈസ കടം വീട്ടാൻ ചെലവാകും. എന്റെ മകന് സുഖമില്ല. അവന് പെയ്ന്റിന്റെ പണിയാണ്. വല്ലപ്പോഴുമേ ജോലിയുണ്ടാകൂ.

ഒരു ലോട്ടറി അടിച്ചാൽ ജീവിതം രക്ഷപ്പടുമെന്ന പ്രതീക്ഷയിലാണ് ഈ ജോലി ചെയ്യുന്നത്. ഒരിക്കൽ ഒരു ഹോട്ടലിന്റെ വാതിൽക്കൽ ടിക്കറ്റുമായി നിൽക്കുമ്പോൾ എന്റെ സഹോദരൻ എന്തിന് വന്ന് നിൽക്കുകയാടീ, നാണം കെടുത്താനായിട്ട് എന്ന് ചോദിച്ച് എന്നെ ചീത്തയും പറഞ്ഞ് പോയി. അയാളെന്നെ പറ്റി തിരക്കുന്നത് പോലുമില്ല. പിന്നെ ഞാനെന്തിന് കാര്യമാക്കണം. ചിലർ തന്നെ കണ്ട് കരയുമെന്നും മേരി പറയുന്നു.
അതേസമയം തന്റെ ജീവിതം കുറേക്കൂടി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബേബി പറയുന്നു. വീട് പണി ചെയ്തു. സിനിമകളിൽ വിളിക്കുമ്പോൾ ചെയ്യാറുണ്ട്. മേരിയില്ലെങ്കിൽ വരില്ലെന്ന് പറയാൻ പറ്റില്ലല്ലോ. ഒരാളെ മതിയെന്ന് പറയുമ്പോൾ അതിലൊന്നും ചെയ്യാൻ പറ്റില്ലെന്ന് ബേബി ചൂണ്ടിക്കാട്ടി. മേരി ലോട്ടറി വിൽപ്പനയ്ക്ക് പോകുന്നതിനെക്കുറിച്ച് തന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഒരു ജോലിയല്ലേ ചെയ്യുന്നത്. അതിൽ നാണിക്കുന്നത് എന്തിനാണ്.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ചിലപ്പോൾ ഒന്ന് അടിച്ചാൽ അവൾ രക്ഷപ്പെടുമെന്നും ബേബി വ്യക്തമാക്കി.മുമ്പത്തെ പോലെ ജൂനിയർ ആർട്ടിസ്റ്റായി പോലും ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടായതിനെക്കുറിച്ചും ബേബിയും മേരിയും സംസാരിച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു ചെയ്ത ശേഷം ഞങ്ങളെ ജൂനിയർ ആർട്ടിസ്റ്റായി വിളിക്കരുതെന്നും പകരം നല്ല വേഷങ്ങൾ നൽകണമെന്നും സംവിധായകൻ പറഞ്ഞിരുന്നു. പക്ഷെ അത് ഞങ്ങൾക്ക് ദോഷമാണ് ചെയ്തത്.
സിനിമകളിൽ നിന്നും അധികം അവസരം വന്നില്ല. തിരികെ ജൂനിയർ ആർട്ടിസ്റ്റായി പോകാനും പറ്റിയില്ല. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കുന്നത് സ്ഥിര ജോലിയായിരുന്നു. ഇപ്പോൾ വല്ലപ്പോഴുമേ അവസരങ്ങൾ ലഭിക്കുന്നുള്ളൂയെന്നും ബേബിയും മേരിയും പറഞ്ഞു. ഏഴ് വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ടെന്ന് ബേബി വ്യക്തമാക്കി.
സിനിമകളിൽ എന്റെ മുഖം കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ നടന്നില്ല. മിക്കവരും കളിയാക്കി. ഒരു സിനിമയിലെങ്കിലും തന്റെ മുഖം കാണണമെന്ന് ആഗ്രഹിച്ചു. ആക്ഷൻ ഹീറോ ബിജുവിലൂടെ ആ സ്വപ്നം സാധ്യമായെന്നും ബേബി ചൂണ്ടിക്കാട്ടി. സിനിമകളിൽ ബേബിക്കും മേരിക്കും നല്ല അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications











