'പൃഥ്വിരാജിന് നാച്വറാലിറ്റിയില്ല അഭിനയിക്കുകയാണെന്ന് മനസിലാകും... ഇന്ദ്രനായിരുന്നു ഉയരേണ്ടിയിരുന്നത്...'
നടനും റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി മലയാളികൾക്കെല്ലാം സുപരിചിതനാണ്. അറുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള എബ്രഹാം കോശി മാവേലിക്കരയിലാണ് ജനിച്ചതും വളർന്നതും. ലീഗൽ മെട്രോളജി ഇൻസ്‌പെക്ടറായിരുന്നു. സ്കൂളിലെ സാഹിത്യ സമാജങ്ങളായിരുന്നു അഭിനയ കളരിയുടെ ആദ്യ തട്ടകങ്ങൾ. പ്രീഡിഗ്രി പഠനത്തിനുശേഷം പ്രൊഫഷണൽ നാടക ലോകത്തേക്ക് എത്തി. തെക്കൻ കേരളത്തിലെ നാല് നാടക ട്രൂപ്പുകൾക്ക് വേണ്ടി നൂറോളം നാടകങ്ങളിൽ ആയിരത്തോളം വേദികളിൽ അഭിനയിച്ചു.
പിന്നീടാണ് സിനിമയിലേക്ക് എത്തിയത്. മോഹൻലാൽ, മമ്മൂട്ടി മുതലായ സൂപ്പർതാരങ്ങൾ മുതൽ നിവിൻ പോളി തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം വരെ സ്ക്രീൻ പങ്കിടാനുള്ള അവസരം എബ്രഹാം കോശിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ നായക നടന്മാരെ കുറിച്ച് എബ്രഹാം കോശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജിന് നാച്വറാലിറ്റിയില്ലെന്നും അഭിനയിക്കുകയാണെന്ന് മനസിലാകുമെന്നും ഇന്ദ്രജിത്തായിരുന്നു ഉയരേണ്ടിയിരുന്നതെന്നുമാണ് എബ്രഹാം കോശി പറയുന്നത്. ഇനി തിരികെ അഭിനയത്തിലേക്ക് വരില്ലെന്ന് പോലും ഫഹദിന്റെ കാര്യത്തിൽ കരുതിയിരുന്നുവെന്നും നടൻ പറയുന്നു. സുരേഷ് ഗോപി വളരെ ഡീസന്റാണ് ഫ്രീയാണ് നമ്മളോട് എങ്ങനെ വേണമെങ്കിലും സഹകരിക്കും. നമുക്ക് എന്ത് വേണമെങ്കിലും പറയുകയും ചെയ്യാം.
സുരേഷേട്ടൻ പക്ഷെ പിടിതരില്ല. അതുപോലെ ലോഹ്യം ചോദിക്കാൻ ചെന്ന് മുഷിച്ചിലുണ്ടാക്കാൻ ഞാൻ നിൽക്കാറില്ല. മമ്മൂക്കയെ കാണുമ്പോൾ വിഷ് ചെയ്യും അദ്ദേഹവും തിരിച്ച് വിഷ് ചെയ്യും. ആരും മൈന്റ് ചെയ്യാതെ പോവുകയൊന്നുമില്ല. കാരണം വീണ്ടും എല്ലാവരും ഒരുമിച്ച് അഭിനയിക്കേണ്ട സാഹചര്യം വരുമല്ലോ. എന്നെ സംബന്ധിച്ചിടത്തോളം ദിലീപിന്റെ അനിയനാണ് ഫഹദ് ഫാസിൽ.
ദിലീപ് എനിക്ക് തൊട്ടുള്ള അനിയനെ പോലെയാണ്. വളരെ കൂളാണ് ഫഹദ്. നടനാണെന്ന് തോന്നില്ല. ഇടപെടാനും നല്ലതാണ്. മറ്റുള്ളവരെക്കാൾ അഭിനയിക്കുമ്പോൾ എന്തോ പ്രത്യേകത ഫഹദിനുണ്ട്. അദ്ദേഹത്തിന്റെ ആക്ടിങും ഡയലോഗ് പ്രസന്റേഷനുമൊന്നും മലയാള സിനിമയിൽ മറ്റാരിലും ഞാൻ കണ്ടിട്ടില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയാണ്.
പരാജയപ്പെട്ട് പോയിട്ട് തിരിച്ച് വന്ന നടനല്ല. ഇനി മേലാൽ വരില്ലെന്ന് പോലും അദ്ദേഹത്തിന്റെ കാര്യത്തിൽ കരുതിയിരുന്നു. പൃഥ്വിരാജ് സിനിമ ചെയ്യുമ്പോൾ അഭിനയിക്കുകയാണെന്ന് മനസിലാകും. ലാലേട്ടനൊക്കെ സിനിമയിൽ കഥാപാത്രമായി വന്ന് നിൽക്കുന്നതായിട്ടാണ് തോന്നുക.
അഭിനയിക്കുകയാണെന്ന് തോന്നുകയില്ല. പൃഥ്വിരാജ് വൃത്തിയായിട്ടൊക്കെ ചെയ്യും. പക്ഷെ അഭിനയിക്കുകയാണെന്ന് തോന്നും. എന്റെ അഭിപ്രായത്തിൽ ഒന്നുകൂടി നല്ലത് ഇന്ദ്രനാണ്. നാച്വറാലിറ്റിയുണ്ട്. പൃഥ്വിരാജ് പല വേഷങ്ങളും നന്നായി ചെയ്തിട്ടുമുണ്ട്.

എന്നാലും അഭിനയിക്കുകയാണെന്ന് തോന്നും. പക്ഷെ ഇന്ദ്രൻ ചെയ്യുമ്പോൾ നമുക്ക് അത് തോന്നുകയില്ല. ഇന്ദ്രനായിരുന്നു ഉയരേണ്ടിയിരുന്നത്. പക്ഷെ തലയിലെഴുത്ത് ഇങ്ങനെയായി. ഭാഗ്യം വലുതായി ഇന്ദ്രനില്ല. അതാണ് പുള്ളിയുടെ കുഴപ്പം. നിവിൻ പോളി വരെയുള്ള താരങ്ങളുമായൊക്കെ അഭിനയിച്ചിട്ടുണ്ട്. നാട്ടിൻപുറത്തെ മര്യാദ രാമനാണ് കുഞ്ചാക്കോ ബോബൻ. ഇതുവരെ അഭിനയിച്ചതിൽ ഇഷ്ടം തോന്നിയിട്ടുള്ളത് ദിലീപിനോടാണ്.
പക്ഷെ നടൻ എന്ന രീതിയിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് നെടുമുടി വേണു ചേട്ടനെയാണ്. തിലകൻ ചേട്ടനാണ് വലിയ നടനെന്ന് പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഡയലോഗ് മ്യൂട്ട് ചെയ്ത് വെച്ചാലും വേണു ചേട്ടൻ എന്ത് കണ്ടന്റാണ് അവതരിപ്പിക്കുന്നതെന്ന് മനസിലാകും. തിലകൻ ചേട്ടന്റെ ഡയലോഗ് പ്രസന്റേഷൻ നല്ലതാണെന്നും എബ്രഹാം കോശി പറയുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന എമ്പുരാൻ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് നടൻ പൃഥ്വിരാജ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. സിനിമയുടെ ചിത്രീകരണം ഗുജറാത്തിൽ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications