'കോളേജ് കഴിഞ്ഞ സമയത്ത് തമിഴ്നാട്ടിൽ ബുക്ക് വിൽക്കാൻ പോയിട്ടുണ്ട്, ഒരുത്തനും വാങ്ങിയില്ല'; അജു വർഗീസ് പറയുന്നു
മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അജു വർഗീസിന്റേത്. മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തുവെച്ച അജുവിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നായക നടൻ, ഹാസ്യതാരം, നിർമാതാവ്, വില്ലൻ തുടങ്ങി ഏത് വേഷവും ഇന്ന് അനായാസമായി അജു വർഗീസ് കൈകാര്യം ചെയ്യും.
മുപ്പത്തിയെട്ടുകാരനായ അജു വർഗീസ് നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും നിര്‍ദ്ദേശിച്ചത് പ്രകാരമാണ് അജു വർഗീസ് എഞ്ചിനീയറിങിന് ചേർന്നത്. അങ്ങനെ എന്‍ട്രസ് എഴുതി.
മദ്രാസിലുള്ള ഹിന്ദുസ്‌ഥാന്‍ കോളജിലാണ് അജു പഠിച്ചത്. അവിടെ വെച്ചാണ് സിനിമയെ ഗൗരവത്തോടെ താരം വീക്ഷിച്ച് തുടങ്ങിയത്. പഴയ സിനിമകളുടെ സി.ഡികള്‍ വാങ്ങി കാണുക എന്നതായിരുന്നു പ്രധാന പരിപാടി.
മലയാള സിനിമയുടെ സുവര്‍ണകാലത്തെ ശ്രദ്ധിക്കുന്നത് അന്നാണ്. പത്മരാജന്‍, അരവിന്ദന്‍, ഭരതന്‍, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകള്‍ കണ്ടു. സ്‌കൂള്‍ ജീവിതകാലത്തിറങ്ങിയ മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകൾ മുഴുവന്‍ കണ്ട് തീര്‍ത്തു.

ഓരോ സിനിമ കാണുമ്പോഴും അജുവിലെ അഭിനേതാവിന് ആവേശം കൂടി വന്നു. ഏതെങ്കിലും രീതിയില്‍ ഒരു സിനിമയുടെ ഭാഗമാകണമെന്ന് തോന്നി. പക്ഷെ ഒരിക്കലും അത് മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നുവെന്നാണ് പിന്നീട് അജു പറഞ്ഞത്. 'അഭിനയത്തില്‍ യാതൊരു പാരമ്പര്യവുമില്ല. അങ്ങനെയുള്ള എനിക്ക് സിനിമയില്‍ എങ്ങനെ അവസരം കിട്ടാന്‍?. അതുകൊണ്ടൊരു ജോലിക്ക് ശ്രമിച്ച് തുടങ്ങി.'
'എങ്കിലും സമയം കിട്ടുമ്പോഴെല്ലാം സിനിമയിലൂടെ സഞ്ചരിക്കാനിഷ്‌ടപ്പെട്ടു. ഒരു സിനിമ പോലും കാണാതെ വിട്ടില്ല. പിന്നീട് ജോലി രാജിവെച്ച് വീട്ടില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കോള്‍ വരുന്നത്. സുഹൃത്തും സഹപാഠിയുമായ വിനീത് ശ്രീനിവാസന്റെ കോൾ ആയിരുന്നു.', അങ്ങനെയാണ് സിനിമയിലേക്ക് അജു വർഗീസിന് വാതിൽ തുറന്ന് കിട്ടിയത്.
മലർവാടിയുടെ വിജയത്തിന് ശേഷം തുടരെ തുടരെ അവസരങ്ങൾ അജു വർഗീസിന് ലഭിച്ചു. അതേസമയം മദ്രാസിലായിരുന്ന കാലത്ത് ബുക്ക് വിൽക്കാൻ നടന്നൊരു കഥയും അജുവിന് പറയാനുണ്ട്. ഹോട്ട്സ്റ്റാറിലെ താരത്തിന്റെ ഏറ്റവും പുതിയ വെബ് സീരിസ് കേരള ക്രെെം ഫയൽസാണ്. സീരിസിന്റെ പ്രമോഷന്റെ ഭാഗമായി അജു ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് എൻസൈക്ലോപീഡിയ വിൽക്കാൻ നടന്ന കഥ അജു വർഗീസ് വെളിപ്പെടുത്തിയത്.
'ഞാൻ ബുക്ക് വിൽക്കാൻ പോയിട്ടുണ്ട്. കോളേജ് കഴിഞ്ഞ സമയത്ത്. എൻസൈക്ലോപീഡിയയായിരുന്നു. എന്നെ ആ ജോലിയിലേക്ക് ക്ഷണിച്ചൊരു വ്യക്തി ഞാൻ അതിൽ പ്രവേശിക്കും മുമ്പ് എന്നോട് പറഞ്ഞത് ഈ ജോലി എന്റെ കരിയർ വേറെ ലെവലിൽ എത്തിക്കുമെന്നാണ്.'

'അടയാറിൽ നിന്നും ഞാൻ അവനൊപ്പം ഒരു ഓഫീസിലേക്ക് പോയി. അവിടെ ചെന്നപ്പോൾ നല്ല ഭാരമുള്ള ഒരു ബാഗ് എനിക്ക് തന്നു. അതിൽ വലിയ അഞ്ച് എൻസൈക്ലോപീഡിയ ഉണ്ടായിരുന്നു. നല്ല ഭാരമുണ്ടായിരുന്നു.'
'ആ ഭാഗുമായി അവർക്കൊപ്പം ഞാൻ ബസിൽ കയറി മദ്രാസ് ക്രിസ്ത്യൻ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോയി. അത് വളരെ ഉള്ളിലുള്ള ഒരു സ്ഥലമാണ്. അവിടെ പോയി ഓരോ കടയിലും മറ്റും കയറി ഇറങ്ങി എൻസൈക്ലോപീഡിയ വിൽക്കാൻ നോക്കി. ആരും വാങ്ങിയില്ല.'
'തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിൽ പോയി എൻസൈക്ലോപീഡിയ വിൽക്കാൻ നോക്കിയാൽ ആരെങ്കിലും വാങ്ങുമോ?. അന്ന് ഞാനും എന്റെ ഒപ്പമുണ്ടായിരുന്നവരും ഒന്ന് പോലും വിറ്റില്ല. വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് മടുത്തു.'
'ഞാൻ പതിയെ എനിക്ക് ആ ജോലി വാങ്ങിത്തന്ന വ്യക്തിയുടെ കൈലിന് സമീപത്ത് ബാഗ് വെച്ച് ബസിൽ നിന്നും പതിയെ ഇറങ്ങിപ്പോയി', എന്നാണ് ബുക്ക് വിൽക്കാൻ നടന്ന കഥ വിവരിച്ച് അജു വർഗീസ് പറഞ്ഞത്. ഒരു ശതമാനം താൽപര്യം പോലും ആ ജോലിയോട് തനിക്ക് ഇല്ലായിരുന്നുവെന്നും അജു വർഗീസ് പറയുന്നു.


Click it and Unblock the Notifications











