ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
ചതുരം, അപ്പൻ എന്നാ സിനിമകളിലൂടെ ഏറെ പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ് നടൻ അലൻസിയർ. രണ്ട് സിനിമകളിലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ അലൻസിയർ അവതരിപ്പിച്ചു. കാൻ ചാനൽ മീഡിയക്ക് അലൻസിർ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അപ്പൻ സിനിമയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ചും കസബയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അലൻസിയർ സംസാരിച്ചു.

'ഞാനങ്ങനെ ഒരു അപ്പനെ കണ്ടിട്ടില്ല. ഞാനെന്റെ മക്കളുടെ അടുത്ത് അങ്ങനെ ഒരു അച്ഛനല്ല. സക്രിപ്റ്റ് വായിക്കുമ്പോൾ പോലും ഇങ്ങനെ ഒരു അച്ഛനുണ്ടോ എന്ന് ഞാൻ മജുവിനോട് സംശയം പറയുകയും ചതുരം സിനിമയിലെ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് തോന്നുകയും ചെയ്തു'
'ചതുരം വാസ്തവത്തിൽ നമ്മുടെ ലൈഫുമായി റിലേറ്റ് ചെയ്യാം. നമ്മളുടെ അയൽവക്കങ്ങളിലും പരിസരത്തുമൊക്കെ കാണാം. പക്ഷെ ഈ അപ്പനെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഇങ്ങനെ ഒരു അപ്പനുണ്ടാവുമോ എന്ന്. മജു പറഞ്ഞു ഉണ്ടെന്ന്'

'ആ പ്രൊജക്ട് ഞാൻ ചെയ്യില്ല എന്ന് തീരുമാനിച്ച ആളായിരുന്നു. മജു ഭയങ്കര നിരാശനായി രാജീവ് രവിയോട് പറഞ്ഞു. നിങ്ങളെത്ര പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്ന് രാജീവ് എന്നോട് ചോദിച്ചു. അതൊക്കെ ചലഞ്ചായി എടുക്കണ്ടേ, ഡിഫറന്റ് ആയിട്ട് ചെയ്യാൻ പറ്റുമെന്ന് നോക്കണ്ടേ എന്ന്. അത് കേട്ടപ്പോൾ എനിക്ക് തോന്നി നോക്കാം എന്ന്'

'പക്ഷെ ഈ ഷൂട്ട് തുടങ്ങി എപ്പോഴെങ്കിലും എനിക്ക് കൺഫ്യൂഷൻ വരും. ഇയാളിങ്ങനെ ഒക്കെ ചെയ്യുമോ എന്ന്. മജുവുമായിട്ട് തർക്കം ഉണ്ടായിട്ടുണ്ട്. സെറ്റിൽ നിന്ന് ഒരു ദിവസം ഇറങ്ങിപ്പോയിട്ടുമുണ്ട്'
'എന്നെക്കൊണ്ട് ഓവർ ഡൂയിങ് ചെയ്യിക്കരുത് എനിക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. പക്ഷെ അത് കഴിഞ്ഞ് അടുത്ത ദിവസവും അത് തന്നെയാണ് മജു എന്നെക്കൊണ്ട് ചെയ്യിച്ചത്'
'ആ സിനിമ കണ്ട ശേഷം എന്നെ പലരും വിളിക്കുന്നു. ഞങ്ങളുടെ അയൽവക്കത്ത് ഇങ്ങനെ ഒരാളുണ്ടായിരുന്നു, എന്റെ അങ്കിൾ ഇങ്ങനെ ആയിരുന്നു, കൊച്ചച്ചൻ ഇങ്ങനെ ആയിരുന്നെന്ന് പറയുമ്പോൾ ഞാൻ ഞെട്ടി. സത്യത്തിൽ എന്റെ ഉള്ളിലും അങ്ങനെ ഒരു അപ്പനുള്ളത് കൊണ്ടാണല്ലോ എനിക്ക് ചെയ്യാൻ പറ്റിയത്'

'കമ്മട്ടിപ്പാടം ഷൂട്ട് ചെയ്യുന്ന സമയത്താണ് കസബയിലേക്ക് വിളിക്കുന്നത്. എനിക്ക് രാജീവിന്റെ കൂടെ അഭിനയിച്ച് നടക്കാനായിരുന്നു ഇഷ്ടം. ഒട്ടും കംഫർട്ടബിൾ അല്ലാത്ത സ്ഥലത്ത് എനിക്ക് അഭിനയിക്കാൻ പറ്റില്ല'
'മമ്മൂക്ക ഭയങ്കര ദേഷ്യക്കാരനാണെന്നാണല്ലോ നമ്മൾ വായിച്ചതും കേട്ടതും. അത് കൊണ്ട് ആ സിനിമ ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തി. ഡേറ്റില്ല എന്നൊക്കെ പറഞ്ഞ്. ഫോൺ വരെ ഓഫ് ചെയ്തു വെച്ചു. പക്ഷെ വീട്ടിൽവിളിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കയറിപ്പോരാൻ പറഞ്ഞു'

'ഞാൻ പറഞ്ഞു ഉള്ള കാര്യം പറയാം, മമ്മൂക്കയെ പേടിച്ചിട്ടാണ് പറ്റില്ലെന്ന് പറഞ്ഞതെന്ന്. മമ്മൂക്കയാണ് ഇതിൽ കാസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അവർ പറഞ്ഞു'
'പക്ഷെ കസബ എന്ന സെറ്റിൽ പലരും പറഞ്ഞത് പോലുള്ള മനുഷ്യനെ അല്ല ഞാൻ കണ്ടത്. അദ്ദേഹം കാരവാനിൽ നിന്ന് വരുമ്പോൾ എന്റെ ആദ്യ സീൻ മരണ സീൻ ആണ്'
'ഞാൻ ഡെഡ് ബോഡി ആയി കിടക്കുകയാണ്. പക്ഷെ മമ്മൂക്ക വരുമ്പോൾ ഞാൻ എണീറ്റ് നിന്നു. മമ്മൂക്ക മുമ്പോട്ട് നടന്ന് രണ്ട് ചുവട് പുറകോട്ട് വെച്ച് ഞാൻ മമ്മൂട്ടി എന്ന് പറഞ്ഞു. ഞാൻ ചിരിച്ച് പോയി. ഇത്രയും നിഷ്കളങ്കനായ മനുഷ്യനെക്കുറിച്ചാണല്ലോ ഇത്രയും പറയുന്നതെന്ന്,' അലൻസിയർ പറഞ്ഞു.


Click it and Unblock the Notifications











