'കറുത്തവനോ വെളുത്തവനോ അല്ല... സ്വയം മോശമായാലും കാണുന്നവർ ചിരിക്കണം, അന്ന് ചത്ത അവസ്ഥയിലായിരുന്നു ഞാൻ'
മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തി ശ്രദ്ധേയനായ താരമാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. കോമഡി പരിപാടികളിലും സിനിമയിലും സജീവമാണ് താരം. ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവെ തന്റെ വ്യക്തി ജീവിതത്തെപ്പറ്റി താരം തുറന്നുപറഞ്ഞിരുന്നു. മൂന്ന് മാസത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു സാജുവും ഭാര്യ രശ്മിയും. ഇരുവരും ഇപ്പോൾ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കുഞ്ഞുങ്ങളുണ്ടാകാത്ത വിഷയത്തിൽ സൊസൈറ്റി ഇടപെടുന്നത് എന്നെ സംബന്ധിച്ച് കുഴപ്പമില്ല.
അത്തരത്തിലുള്ള ചോദ്യങ്ങൾ ഞാൻ തമാശയിലൂടെ കൊണ്ടുപോകും. പക്ഷെ ഭാര്യയ്ക്ക് അത്തരം ചോദ്യങ്ങൾ ഭയങ്കര പ്രശ്നമാണ്. കുഞ്ഞുങ്ങളുടെ ഫങ്ഷനൊക്കെ വരുമ്പോഴാണ് അവൾക്ക് പ്രശ്നം. രണ്ടും കൂടി ഇങ്ങനെ ഡാൻസും കളിച്ച് നടന്നോ എന്നൊക്കെ പറയും വൈഫിനോട്. നമ്മുടെ അവസ്ഥ അവർക്ക് അറിയില്ലല്ലോ. നിരവധി ഹോർമോൺ ഇഞ്ചക്ഷനും മരുന്നുമെല്ലാമാണ് വൈഫിന് കൊടുത്ത് കൊണ്ടിരിക്കുന്നത്.

ഒരു ദിവസം ഡോക്ടറോട് ഞാൻ ചോദിച്ചു. ഒരു കുഞ്ഞായി കഴിയുമ്പോൾ എന്റെ വൈഫിന് ആരോഗ്യമുണ്ടാകുമോയെന്ന്. കുഞ്ഞിനെ നോക്കാനുള്ള ആരോഗ്യം എന്റെ ഭാര്യയ്ക്ക് വേണമല്ലോ. ഇപ്പോൾ എല്ലാം നോർമലാണെങ്കിലും ഇതിന്റെ എഫക്ട് വരിക കുറേ കഴിയുമ്പോഴാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു നാടകം കളിച്ചിട്ടുണ്ട്.
അതുകൊണ്ട് വലിയ രീതിയിൽ ട്രീറ്റ്മെന്റ് വേണ്ടെന്നും കുട്ടികളെ ഭഗവാൻ തരുവാണെങ്കിൽ തരട്ടെയെന്നും ഡോക്ടറോട് പറഞ്ഞിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സാജു പറഞ്ഞത്. ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ബോഡി ഷെയ്മിങ് കോമഡികളെ കുറിച്ചും സാജു സംസാരിച്ചു. കളിയാക്കുന്ന സ്വഭാവം എനിക്ക് ഭയങ്കര കൂടുതലാണ്.
ഞാൻ ഒരിക്കൽ പരിപാടിക്കായി ചെന്നൈയിൽ പോയപ്പോൾ ഒരു റിസോർട്ട് പോലുള്ള സ്ഥലത്തായിരുന്നു താമസം. അവിടെ ഞങ്ങൾക്ക് ഭക്ഷണം കൊണ്ട് വന്ന് തരുന്ന ഒരു ചേട്ടനുണ്ട്. അദ്ദേഹത്തിന്റെ നടപ്പും സംസാരവുമൊക്കെ ഒരു പ്രത്യേകതയാണ്. ഞാൻ പലപ്പോഴും അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ട് കൂട്ടുകാർക്ക് മുന്നിൽ. അത് കാണുമ്പോൾ അവർ പൊട്ടിച്ചിരിക്കും. ഒരു ദിവസം അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ഭക്ഷണവുമായി താൻ വരില്ലെന്ന് കാരണം തിരക്കിയപ്പോൾ വായിൽ കാൻസറായതുകൊണ്ട് ആശുപത്രിയിൽ പോകുന്നുവെന്നാണ് പറഞ്ഞത്. അത് കേട്ടതോടെ ഞാൻ ഒറ്റയിരുപ്പായി. ചത്ത അവസ്ഥയിലായിരുന്നു ഞാൻ. കാരണം അത്രമാത്രം ഞാൻ അയാളെ കളിയാക്കിയിട്ടുണ്ട്. അവിടെ പ്രോഗ്രാം ചെയ്ത് കിട്ടിയ പെയ്മെന്റ് മുഴുവൻ ആ ചേട്ടന് കൊടുത്തിട്ടാണ് ഞാൻ വന്നത്.

അന്ന് ഞാൻ തീരുമാനിച്ചു ഇനി മേലാൽ ഒരാളെയും കളിയാക്കില്ലെന്ന്. എന്റെ ഒരു ടൈം വരെ കറുത്ത നിറത്തിനെയും വണ്ണത്തിനേയുമെല്ലാം കളിയാക്കുന്ന രീതിയുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ കാലഘട്ടം മാറി. ആളുകൾക്ക് ബുദ്ധിയും ബോധവുമൊക്കെ വെച്ചു. പണ്ട് ആളുകൾ തമാശ കേട്ടാൽ ചിരിക്കും അത്രമാത്രം. അല്ലാതെ അതിന്റെ വരും വരായ്കകളെ കുറിച്ച് ചിന്തിക്കില്ല.
ഞാൻ തന്നെ കറുപ്പിനെ കളിയാക്കി സ്കിറ്റ് കളിച്ചിട്ടുണ്ട്. നമ്മളെ മോശമാക്കി കാണിച്ചിട്ടാണെങ്കിലും ഓഡിയൻസ് ചിരിച്ച് കാണണം. സ്കിറ്റ് കളിക്കുന്നവരിൽ നിറം കുറഞ്ഞവരുണ്ടെങ്കിൽ അവർ തന്നെ നമ്മളോട് ഇങ്ങോട്ട് പറയും എന്നെ പറ്റി ഇത് പറഞ്ഞോളൂ... അത് പറഞ്ഞോളൂ എന്നാലെ കയ്യടി കിട്ടൂവെന്ന്.
പക്ഷെ ഇത്തരം കോമഡികൊണ്ട് ഒരു തലമുറ വഴിതെറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. ഒരു അഞ്ചുപേർ കൂടി നിന്നാൽ അതിൽ ഒരാളെ കളിയാക്കില്ലേ. ആ ഒരാളെ കളിയാക്കുന്നത് നമ്മുടെ സന്തോഷത്തിന് വേണ്ടിയല്ല... ബാക്കി നാലുപേർ ചിരിക്കാൻ വേണ്ടിയാണ്.
കാര്യങ്ങൾ പറഞ്ഞ് വരുമ്പോൾ നമുക്ക് അറിയാം ചെയ്യുന്നത് തെറ്റാണെന്ന്. ഇപ്പോൾ ആരും അത് ചെയ്യാറില്ല. അതേസമയം സിനിമകളിൽ പച്ചക്ക് തെറി പറയുന്ന സീൻ വരുമ്പോൾ ആളുകൾ കയ്യടിക്കും. കറുപ്പും വെളുപ്പും പറയുന്ന കോമഡികളെക്കാൾ ആളുകളെ ചീത്തയാക്കുന്നത് ഇത്തരം കാര്യങ്ങൾ അല്ലേ. കറുത്തവനോ വെളുത്തവനോ അല്ല. മനുഷ്യർക്ക് ഒറ്റ നിറമെയുള്ളു അത് ചോരയുടെ നിറമാണ് എന്നാണ് സാജു പറഞ്ഞത്.


Click it and Unblock the Notifications











