മിമിക്രി സമൂഹത്തിന് ഗുണം ചെയ്യുന്നില്ല; സിനിമയില്‍ എത്തിച്ചത് ആ മഹാനടന്‍; അബിയുടെ പഴയ അഭിമുഖം
മിമിക്രി കലാരംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കലാഭവന്‍ അബി. മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രി താരം കൂടിയാണ് അബി. മമ്മൂട്ടിയെ അതുപോലെ അവതരിപ്പിക്കുന്നതില്‍ അബിക്കുണ്ടായിരുന്ന കഴിവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ഒരു കാലത്ത് മിമിക്രി പരിപാടികളില്‍ സജീവമായിരുന്ന അബി നടന്മാരും ഒരു കാലത്തെ മിമിക്രി താരങ്ങളുമായ ദിലീപ് നാദിര്‍ഷ തുടങ്ങിയവര്‍ക്കൊപ്പം ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടക്ക് പുട്ടു കച്ചവടം തുടങ്ങിയ കാസറ്ററുകളിലും പുറത്തിറക്കിയിരുന്നു. അബിയുടെ ആമിനത്താത്ത എന്ന പ്രായം ചെന്ന മുസ്ലീം സ്ത്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിലാണ് ആദ്യമായി അബി അഭിനയിക്കുന്നത്. തുടര്‍ന്ന് കാസര്‍ഗോഡ് കാദര്‍ഭായി, വാത്സല്യം, സൈന്യം, വാര്‍ധക്യ പുരാണം, മിമിക്‌സ് ആക്ഷന്‍ 500, മഴവില്‍ കൂടാരം, അനിയത്തി പ്രാവ്, രസികന്‍, കൂതറ, താന്തോന്നി, ഹാപ്പി വെഡ്ഡിംഗ്, തൃശ്ശിവപ്പേരൂര്‍ ക്ലിപ്തം തുടങ്ങി ഒരു പിടി സിനിമകളില്‍ അഭിനയിച്ചു.
ഒരു കാലത്ത് അമിതാഭ് ബച്ചന്റെ ഹിന്ദി പരസ്യചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്യുമ്പോള്‍ അമിതാഭ് ബച്ചന് മലയാളത്തില്‍ ശബ്ദം നല്‍കിയിരുന്നത് അബിയായിരുന്നു. ഇപ്പോഴിതാ എവിഎം ഉണ്ണി 1992ല്‍ അബിയുമായി നടത്തിയ പഴയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. എവിഎം ഉണ്ണി ആര്‍ക്കൈവ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പുറത്തുവിട്ടിരിക്കുന്നത്.
മിമിക്രിയിലേക്ക് എത്തിയത് അവിചാരിതമായാണ്. കലയോട് അമിത സ്‌നേഹമൊന്നുമില്ല. പിന്നെ ഇതിനോട് അഡ്ഡിക്റ്റ് ആയിപോയി. ഒരിക്കലും ഒരു കലാകാരനായി ജീവിക്കണം എന്ന് ഓര്‍ത്തതല്ല. ഒരു പട്ടാളക്കാരനാകണം എന്നായിരുന്നു ആഗ്രഹം. കലയെയും അതുപോലെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാണ് കാണുന്നതെന്നും അബി അഭിമുഖത്തില്‍ പറയുന്നു.
നീ സിനിമയില്‍ എത്തും എത്തും എന്ന് പറഞ്ഞ് ഞാന്‍ ആളുകള്‍ പറഞ്ഞ് സിനിമയിലേക്ക് എത്തിപോയതാണ്. പഠിച്ച് വലിയ ഒരാളാവുക എന്നൊന്നും ചിന്തിച്ചില്ല. വലിയ ഉഴപ്പനായിരുന്നു. സമൂഹത്തിന് ഗുണം ചെയ്യുന്ന കലയായി മിമിക്രിയെ കാണുന്നില്ല. ചിരിക്കാനുള്ള ചെപ്പടി വിദ്യ മാത്രമാണ് മിമിക്രി. അത് ഒരു വിഭാഗത്തിന് ഇഷ്ടപ്പെടും മറ്റു വിഭാഗത്തിന് ഇഷ്ടപ്പെടില്ല. ആര്‍ക്കും ദൂഷ്യം ചെയ്യില്ല. പക്ഷെ ഗുണപ്രദമൊന്നുമല്ലെന്നും അബി പറയുന്നു.
അതുപോലെ സമൂഹത്തിലെ തെറ്റുകള്‍ ഒക്കെ എടുത്ത് കോമഡിയായി അവതരിപ്പിച്ചാല്‍ ബുദ്ധി ജീവികളുടെ കൈയ്യടി കിട്ടും. അതില്‍ കാര്യമില്ല. സാധാരണക്കാരായ ആളുകള്‍ കൈയ്യടിക്കില്ല. ഓഡിയന്‍സ് എങ്ങനെ റിയാക്ട് ചെയ്യുന്നു അനുസരിച്ചാണ് പെര്‍ഫോം ചെയ്യാറുള്ളത്. ഗള്‍ഫ് മലയാളികള്‍ വലിയ പ്രോത്സാഹനമാണ്. അത്രയും നാട്ടിലുള്ള ആളുകള്‍ പോത്സാഹിപ്പിക്കില്ല. അവര്‍ നമ്മുടെ കാസറ്റുകള്‍ ഒരുപാട് കാണുന്നുണ്ടെന്നും അബി പറയുന്നു.
'സിനിമയിലേക്ക് പോകുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കുകയോ അതിന് തയ്യാറെടുക്കുകയോ ചെയ്യാത്ത ഒരു മനുഷ്യനായിരുന്നു ഞാന്‍. ഇതിനെക്കുറിച്ച് സീരിയസ് ആയിട്ട് ചിന്തിച്ചിട്ടില്ല. തനിയാവര്‍ത്തനത്തില്‍ എല്ലാവരും പറഞ്ഞ് ഭ്രാന്തനാക്കി എന്ന് പറഞ്ഞതു പോലെയാണ് എന്റെ അവസ്ഥ. നിനക്ക് നന്നായി ഷൈന്‍ ചെയ്യാം എന്നൊക്കെ ആള്‍ക്കാര്‍ പറയുന്നുണ്ടായിരുന്നു. അങ്ങനെ സിനിമയിലേക്ക് വന്നതാണ്. പിന്നെ ആദ്യത്തെ സിനിമയിലേക്ക് വന്നതും ഞാന്‍ ശ്രമിച്ചിട്ടല്ല. അത് വലിയ നടനായ മമ്മൂട്ടി റക്കമന്‍ഡ് ചെയ്തതായിരുന്നു എന്നാണ് ഞാന്‍ പിന്നീട് അറിഞ്ഞത്,' അബി പറയുന്നു.

അദ്ദേഹം റക്കമന്‍ഡ് ചെയ്തത് നമ്മളിലുള്ള ഒരു നടനെ കണ്ടതുകൊണ്ടായിരിക്കും. ആ സ്‌നേഹം കൊണ്ടായിരിക്കും. ഇന്ന് കിട്ടി, നാളെ ചെന്നു, മറ്റന്നാള്‍ മേക്കപ്പിട്ട് ചെയ്തു. അങ്ങനെയാണ് ആദ്യ സിനിമയില്‍ അഭിനയിക്കുന്നത്. രണ്ടാമത് ചെയ്തതും വിളിച്ച് തന്ന അവസരമാണ്. ക്യാമറയ്ക്ക് മുന്നില്‍ ഒരു ഡയലോഗ് എങ്ങനെ പ്രസന്റ് ചെയ്യാം, ഒരു കോമഡി എങ്ങനെ പറയാം എന്നതിനെക്കുറിച്ചൊക്കെ തെറ്റില്ലാത്ത ഒരു ധാരണ ഉണ്ടായിരുന്നു.
സ്‌റ്റേജ് പ്രോഗ്രാമുകളില്‍ കൂടിയാണ് ആ ധൈര്യം കിട്ടിയതെന്നും അബി പഴയ അഭിമുഖത്തില്‍ പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ അഭിനയിച്ച് ഉണ്ടായ എക്‌സ്പീരിയന്‍സ് ആണ് അത്. ഏത് ഫീല്‍ഡില്‍ ചെന്നാലും ആരുടെ മുന്നില്‍ ചെന്നാലും എന്ത് അവതരിപ്പിക്കാനുമുള്ള ചങ്കൂറ്റം ഉണ്ട്. ഇതൊക്കെ സ്റ്റേജുകൊണ്ട് ഉണ്ടായ നേട്ടമാണെന്നും അബി ഓര്‍ത്തെടുത്തു.


Click it and Unblock the Notifications











