'ചിട്ടിപിടിച്ചാണ് ഒരു കോടിയുടെ വണ്ടി വാങ്ങിയത്, എനിക്കിതൊന്നും കണ്ടാൽ വേദനിക്കില്ല'; ജീവിതത്തെ കുറിച്ച് ടിനി
അടുത്തിടെ ടിനി ടോം ആഢംബര വാഹനം വാങ്ങിയത് വൈറലായിരുന്നു. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും ആഗ്രഹവും അദ്ദേഹം മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്
മിമിക്രി വേദികളില്‍ തുടങ്ങി സിനിമാ താരമായി മാറിയ ആളാണ് നടന്‍ ടിനി ടോം. ആദ്യം സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധ നേടിയ ടിനി ടോം പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറുകയായിരുന്നു. അതിന് പിന്നാലെയാണ് സിനിമയിലെത്തിയത്. ചെറിയ കാലയളവില്‍ തന്നെ സ്വന്തമായി ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മമ്മൂട്ടി അടക്കമുള്ള താരങ്ങൾക്ക് ഡ്യൂപ്പായും ഒരു കാലത്ത് ടിനി ടോം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമകളെക്കാൾ കൂടുതൽ ടെലിവിഷനിലാണ് ടിനി ടോം സജീവമായിട്ടുള്ളത്. ട്രോളുകളിലും നിറയുന്ന നടനാണ് ടിനി ടോം. റിയാലിറ്റി ഷോ ജഡ്ജായും മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലെ ഭാരവാഹിയും സജീവമാണ് ടിനി ടോം.

അടുത്തിടെ ടിനി ടോം ആഢംബര വാഹനം വാങ്ങിയത് വൈറലായിരുന്നു. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും ആഗ്രഹവും അദ്ദേഹം മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. ഗ്യാസ് കയറ്റിയ മാരുതി 800ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്യാരേജില്‍ പജേറോ സ്‌പോട്ട്, ബിഎംഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ വാഹനങ്ങളാണുള്ളത്.
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള സ്‌പോര്‍ട്‌സ് കാറായ മസ്താങ്ങാണ് ടിനിയുടെ ഗ്യാരേജില്‍ പുതിയതായി എത്തി ചേർന്നത്. അന്നും നിരവധി മോശം വാർത്തകളും പരിഹാസങ്ങളും ടിനിയെ കുറിച്ച് വന്നിരുന്നു.
അന്ന് വന്ന വാർത്തകളെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോൾ. 'ഞാൻ കാറെടുത്തപ്പോൾ ചിലർ വേദനിപ്പിക്കണം എന്നാഗ്രഹിച്ച് ചെയ്ത ചില കമന്റുകളുണ്ട്. ഇൻകം ടാക്സ് റെയ്ഡ് നടത്തണം എന്നെല്ലാം. എനിക്കിതൊന്നും കണ്ടാൽ വേദനിക്കില്ല. ഞാൻ ചിട്ടിയെല്ലാം പിടിച്ചാണ് ഒരു വണ്ടി എടുത്തത്.'
'എന്റെ ഭാര്യ പറയും കാർ വാങ്ങിച്ച നേരം ഒരു ഫ്ലാറ്റോ സ്ഥലമോ എങ്ങാൻ വാങ്ങിച്ചിരുന്നെങ്കിൽ ഭാവിയിലേയ്ക്ക് ഗുണം ചെയ്തേനെയെന്ന്. പക്ഷെ നമ്മൾ ആഗ്രഹിക്കുക എന്നതാണ് പ്രധാനം. ഞാൻ സീറോ ബാലൻസിൽ നിന്നും ജീവിതം തുടങ്ങിയ ആളാണ്. എന്റെ വീട്ടിൽ കാശില്ലാഞ്ഞിട്ടല്ല. ചില കാരണങ്ങൾ കൊണ്ട് ഒരു ഒറ്റമുറി വാടക വീട്ടിലേയ്ക്ക് താമസം മാറി ജീവിക്കേണ്ടി വന്നൊരാളാണ് ഞാൻ.'

'ഒരു വീട് വേണം, വണ്ടി വേണം എന്നതെല്ലാം അന്ന് കണ്ട സ്വപ്നങ്ങളാണ്. എറണാകുളത്ത് ചായക്കട നടത്തിയിരുന്ന ഒരു പാവപ്പെട്ട അപ്പാപ്പനും അമ്മാമ്മയുമുണ്ട്. ആ വല്യപ്പൻ മരിച്ച് പോയി. അവർ ചായക്കട നടത്തിയ കാശ് കൊണ്ട് ലോകം മുഴുവൻ കറങ്ങി. ഒരുപക്ഷെ ഹയാത്തിന്റെ ഓണർ പോലും അത്രയധികം സ്ഥലങ്ങൾ കണ്ട് കാണില്ല.'
'ഇതെല്ലാം ആഗ്രഹങ്ങളാണ്. ആഗ്രഹങ്ങൾ പാപമല്ല. അതുകൊണ്ട് ദൈവം നടത്തിത്തരുന്നതാണ്. ദൈവത്തിനറിയാം നല്ല ആഗ്രഹങ്ങൾ ഏതെല്ലാമെന്ന്. അത് ദൈവം നടത്തിത്തരുന്നതാണ്. എന്റെ ജീവിതത്തിൽ നടന്നതെല്ലാം തന്നെ ഒരു മാജിക്കാണ്. ഞാനൊരു നടനായി മാറിയത് പോലും മാജിക്കാണ്.'
'യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത എന്നെ ഈ നിലയിലെത്തിച്ചത് ആഗ്രഹമാണ്... കഴിവല്ല. ഈ വണ്ടി പോലും എന്നെ ഇങ്ങോട്ട് തേടി വന്നതാണ്. ഒരു പ്രായമുള്ള പുള്ളിക്ക് മകൻ സമ്മാനിച്ച വണ്ടി അദ്ദേഹത്തിനുപയോഗിക്കാൻ പറ്റാതെ വന്നപ്പോൾ എന്റെയൊരു സുഹൃത്ത് എന്നോട് വാങ്ങിക്കാൻ പറഞ്ഞു. എനിക്കൊരു സ്പോർട്സ് കാർ വേണം എന്നായിരുന്നു ആഗ്രഹം.'
'പക്ഷെ കുറച്ച് നാൾ മുമ്പ് പൃഥ്വി വില്പനയ്ക്ക് വെച്ചിരുന്ന ലംബോർഗിനിയിൽ കയറി ഇരുന്നു. എന്റെ വലിപ്പമുള്ള ഒരാൾ കിടക്കണം എന്ന അവസ്ഥയാണ് ആ കാറിൽ. എന്നെപ്പോലെ അത്യാവശ്യം ശരീരമുള്ള ഒരാൾക്ക് പറ്റുന്ന കാർ മസ്താങാണ്. പക്ഷെ ഈ കാർ സ്റ്റാർട്ട് ചെയ്‌താൽ വീട്ടിലെ പൂച്ചയ്ക്ക് പേടിയാണ്. അത് ഓടിപ്പോകും' ടിനി ടോം പറഞ്ഞു.


Click it and Unblock the Notifications