'മമ്മൂക്കക്ക് എന്നെ അത്ര ഇഷ്ടമല്ല... എന്തുകൊണ്ടാണെന്ന് അറിയില്ല, അദ്ദേഹത്തോട് ഇഷ്ട കുറവില്ല'; ഗണേഷ് കുമാർ
ഇന്നുവരെ ക്യാമറക്ക് മുന്നിൽ അഭിനയിച്ച ഒരു വേഷത്തിലും പ്രേക്ഷകർക്ക് നെഗറ്റീവ് കമന്റ് പറയാൻ ഒരു അവസരവും ഒരുക്കാത്ത ഒരു അസാധ്യ കലാകാരനാണ് നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി ഗണേഷ്ല കുമാർ. അന്നും ഇന്നും മലയാള സിനിമയിൽ സജീവമായി നിൽക്കുന്നുണ്ട് താരം.
എന്നാൽ മലയാള സിനിമ വേണ്ടപോലെ ഉപയോഗിക്കാത്തവരുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ഗണേഷ് കുമാറിന്റെ പേര് കാണും. ദിലീപിന്റെ ലയൺ സിനിമ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണെന്ന് ഒരിടക്ക് റിപ്പോർട്ട് പ്രചരിച്ചിരുന്നു.
തൊണ്ണൂറുകളിലും രണ്ടായിരങ്ങളുടെ തുടക്കങ്ങളിലും ഒരേസമയം നായകന്റെയും വില്ലന്റെയും ശക്തനായ വലംകൈയായി കെ.ബി ഗണേഷ് കുമാർ കഥാപാത്രങ്ങളും അരങ്ങ് തകർത്തിരുന്നു. ദാസപ്പൻ കുട്ടിയേയും, എഫ്ഐആറിലെ ഫോട്ടോഗ്രാഫറെയും പോലെ ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്ന കഥാപാത്രങ്ങൾ ആ സമയത്ത് നിരവധി ഗണേഷ് കുമാർ അവതരിപ്പിച്ചിട്ടുണ്ട്.

താരങ്ങളുടെ സംഘടനയായ അമ്മയിലും സജീവപ്രവർത്തകനായ ഗണേഷ് കുമാർ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് ഗണേഷ് കുമാർ മമ്മൂട്ടിക്ക് തന്നെ അത്ര ഇഷ്ടമല്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞത്. 'മമ്മൂക്കയുമായി നല്ല ബന്ധമാണ്. മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ്.'
'പക്ഷെ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടൻ എന്ന നിലയിൽ റോൾ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷമായി. അവസാനമായി അഭിനയിച്ചത് കിങിലായിരുന്നു. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അത് സംസാരിക്കേണ്ട കാര്യമില്ല. അങ്ങനെയൊന്നും ഞാൻ ആരോടും ചോദിക്കില്ല.'
'അതുപോലെ തന്നെ എനിക്കൊരു അവസരം തരണമെന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. എനിക്ക് വന്ന അവസരങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. വിശുദ്ധ ഖുറാനിൽ പറയുന്നതുപോലെ... നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ നാമം എഴുതിയിരിക്കുന്നു. ഞാൻ അഭനയിക്കേണ്ട പടങ്ങളിൽ അഭിനയിച്ചുവെന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണ്. അമ്മയുടെ മീറ്റിങിൽ വെച്ച് മമ്മൂക്കയെ കാണാറുണ്ട്.'
'മമ്മൂക്കയോട് സംസാരിക്കാറുണ്ട്. കാണുമ്പോൾ ലോഹ്യമാണ്. എന്തുകൊണ്ടോ അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല. പക്ഷെ എനിക്ക് അദ്ദേഹത്തോട് ഇഷ്ട കുറവില്ല. ഞാൻ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആദ്യം ഞാൻ മമ്മൂക്കയെ കാണുമ്പോൾ അദ്ദേഹത്തിന്റെ പ്രായം മുപ്പത്തിയാറ് വയസായിരുന്നു.'

'ഞാൻ അന്ന് സിനിമയിലില്ല. കോളേജ് വിദ്യാർത്ഥിയായിരുന്നു. ലാലേട്ടനെ ഫോണിൽ വിളിക്കാറുണ്ട്. മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു വല്ലപ്പോഴും ജയറാം എന്നിവരെയും വിളിച്ച് സംസാരിക്കും. മുകേഷിനെ നേരിട്ട് പോയി കാണാറുണ്ട്. അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ രണ്ട് ദിവസത്തേക്ക് ചിരിക്കാനുള്ളവ കിട്ടുമെന്നും', സൗഹൃദത്തെ കുറിച്ച് സംസാരിച്ച് ഗണേഷ് കുമാർ പറഞ്ഞു.
1985ൽ ഇരകൾ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാർ എന്ന നടന്റെ തുടക്കം. പിന്നീട് അങ്ങോട്ട് മമ്മൂട്ടിക്ക് ഒപ്പവും മറ്റ് നിരവധി സൂപ്പർ താരങ്ങൾക്കൊപ്പവും ഗണേഷ് കുമാർ സിനിമകൾ ചെയ്തു.
ഇടയ്ക്ക് ടെലിവിഷനിലും ഗണേഷ് കുമാർ സജീവമാണ്. നിയമസഭയിലായാൽ പോലും പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന പ്രകൃതമാണ് താരത്തിന്റേത്. നല്ലതെന്ന് കണ്ടാൽ അതിപ്പോൾ ശത്രുവാണെങ്കിൽ കൂടിയും പ്രശംസിക്കാൻ ഗണേഷ് കുമാർ ശ്രമിക്കാറുണ്ട്.
മുഖം നോക്കാതെ സത്യത്തിനൊപ്പം നിന്ന് അർഹതപ്പെട്ടവർക്ക് സഹായം എത്തിച്ച് നൽകാൻ തന്റെ പദവിയിലൂടെ ഗണേഷ് കുമാർ പരമാവധി ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ജനപ്രതിനിധി എന്ന നിലയിൽ വലിയ സ്ഥാനം ആളുകളുടെ മനസിൽ നേടിയെടുക്കാൻ ഗണേഷ് കുമാറിനായി.


Click it and Unblock the Notifications











