'പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഇല്ല, ലാലിനോട് ചിലപ്പോൾ അസൂയ തോന്നിപ്പോകും'; ദിനേശ് പണിക്കർ
മലയാള സിനിമാ സീരിയൽ രംഗത്ത് നടനായും നിർമ്മാതാവായും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദിനേശ് പണിക്കർ. പല സിനിമകളും പരാജയപ്പെട്ടപ്പോൾ തന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ടെന്ന് ദിനേശ് പണിക്കർ വെളിപ്പെടുത്തിയിരുന്നു. ഏകദേശം 25 ഓളം ചിത്രങ്ങൾ ദിനേശ് നിർമ്മിച്ചിട്ടുണ്ട്.
1989ൽ പ്രദർശനത്തിനെത്തിയ സൂപ്പർഹിറ്റ് ചിത്രം കിരീടം നിർമ്മിച്ചത് ദിനേശ് പണിക്കരാണ്. പിന്നീട് രോഹിത് ഫിലംസ് എന്ന സ്വന്തം ബാനറിൽ ചിത്രങ്ങൾ നിർമ്മിക്കുകയും വിസ്മയ ഫിലംസിന്റെ ബാനറിൽ ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചിരിക്കുടുക്ക, കളിവീട്, രജപുത്രൻ, ചെപ്പ് കിലുക്കണ ചങ്ങാതി എന്നിവ നിർമ്മിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. ടെലിവിഷൻ സീരിയൽ രംഗത്തും സജീവമാണ് ദിനേശ് പണിക്കർ. മലയാള മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്ത ഒട്ടനവധി ഹിറ്റ് സീരിയലുകളിൽ ദിനേശ് ഭാഗമായിരുന്നു. മോഹൻലാലിനൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ള താരത്തിന് ഇപ്പോഴും നടനുമായി അടുത്ത സൗഹൃദമുണ്ട്.

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഇല്ലായിരുന്നുവെന്നും അന്നത്തെ മോഹൻലാലിന്റെ രൂപം അത്തരത്തിലായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ ദിനേശ് പണിക്കർ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ. ഇന്ന് ലാലിനെ ദൈവത്തെ പോലെയാണ് പ്രേക്ഷകർ കാണുന്നതെന്നും അദ്ദേഹത്തിന്റെ വീഡിയോകൾ കാണുമ്പോഴും അദ്ദേഹത്തിന് ലഭിക്കുന്ന സ്നേഹം കാണുമ്പോഴും ചിലപ്പോൾ അസൂയ തോന്നിപ്പോകുമെന്നാണ് ദിനേശ് പണിക്കർ പറയുന്നത്.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്യുന്നതിന് മുമ്പുള്ള സമയമായിരുന്നു. ഞാൻ നോക്കുമ്പോൾ അത്യാവശ്യം തടിയൊക്കെയുള്ള മുടി നീട്ടി വളർത്തിയ ഒരാൾ അവിടെ വന്ന് ലാൻഡ് ചെയ്യുന്നു.'
'അന്നത്തെ നമ്മുടെ നായക സങ്കൽപത്തിന് ചേരുന്ന ആളെയായിരുന്നില്ല അയാൾ. ലാലിന് കുറച്ച് തടിയും മുടിയും ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ നായക സങ്കൽപ്പങ്ങൾ വെച്ച് നോക്കുമ്പോൾ ഇയാൾ എങ്ങനെ അഭിനയിക്കും എന്നൊക്കെ ചിന്തിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലൻ വേഷം ചെയ്യാനാണ് വന്നത്.'
'ഇതിന് മുമ്പ് പുള്ളിയൊരു സിനിമ ചെയ്തിട്ട് നിൽക്കുകയാണെന്നും അതിലെ മെയിൻ വില്ലനാണെന്നും എന്നാൽ ഈ സിനിമയിൽ ചെറിയ വേഷം മാത്രമാണുള്ളതെന്നും എന്നോട് പറഞ്ഞു. അപ്പോഴും എനിക്ക് ഇറങ്ങാൻ പോകുന്ന സിനിമയെ കുറിച്ച് അറിയില്ലായിരുന്നു. എന്നാൽ ഞാനും അദ്ദേഹവും തമ്മിൽ പെട്ടെന്ന് തന്നെ സിങ്കായി.'

'മോഹൻലാലിന്റെ അച്ഛൻ വേഷവും ഞാൻ ചെയ്തിട്ടുണ്ട്. അതിന് വേണ്ടി കുറച്ച് നാൾ ഞാൻ സീരിയലിൽ നിന്നും പൂർണമായും ഞാൻ വിട്ടുനിന്നിട്ടുണ്ട്. 1980മുതൽ എനിക്ക് ലാലിനെ അറിയാം. വെറുമൊരു നടനല്ലല്ലോ മോഹൻലാൽ അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ അച്ഛൻ വേഷം അഭിനയിച്ചത്.'
'ഇന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം ഞങ്ങൾ തമ്മിൽ എത്ര വർഷത്തെ സൗഹൃദമുണ്ടെന്ന്. ഓർമശക്തി അത്ഭുതപ്പെടുത്തും. വീട്ടിൽ നിന്നും അദ്ദേഹത്തിന് കൊടുത്തുവിട്ട ഭക്ഷണമൊക്കെ എനിക്കും പകുത്ത് തന്നു. ലാലിനെ ജനം കാണുന്നത് സൂപ്പർസ്റ്റാർ ആയിട്ടൊന്നുമല്ല... ദൈവത്തിന് തുല്യമായിട്ടാണ്.'
'ഒരു നടനെന്ന രീതിയിൽ ലാലിന്റെ ഒരു അംശം പോലും ആകാൻ എനിക്കൊന്നും ആയിട്ടില്ലെന്നും', ദിനേശ് പണിക്കർ പറയുന്നു. മോഹൻലാൽ കോമഡി കലർന്ന കഥാപാത്രങ്ങൾ ഇപ്പോൾ ചെയ്ത് കാണാത്തതിൽ സങ്കടമുണ്ടെന്നും ദിനേശ് പണിക്കർ പറഞ്ഞു. ഹാസ്യം അഭിനയിക്കാനും നൃത്തം ചെയ്യാനും മോഹൻലാലിന് ഉള്ള കഴിവ് കണ്ട് നോക്കി നിന്നിട്ടുണ്ടെന്നും ദിനേശ് പണിക്കർ പറയുന്നു.


Click it and Unblock the Notifications











