'അച്ഛൻ അവസാന നാളുകളിൽ അവിശ്വാസിയായിരുന്നില്ല, ഞങ്ങളുടെ വിശ്വാസത്തെ എതിർത്തിരുന്നില്ല'; തിലകനെ കുറിച്ച് ഷോബി!
മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് തിലകൻ. ആരേയും കൂസാത്ത പ്രകൃതത്തിലൂടെയും ദൈവത്തിലല്ല മനസാക്ഷിയിലാണ് വിശ്വാസമെന്ന് ആവർത്തിച്ച് പറയാൻ ആർജവം കാണിച്ചും തിലകൻ പുതുതലമുറയ്ക്കും ആവേശമായി.
പതിനൊന്ന് വർഷമായി തിലകനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിട്ട്. അപ്രിയസത്യങ്ങൾ വിളിച്ച് പറഞ്ഞതിലൂടെ സിനിമാ ലോബിക്ക് മുന്നിൽ നിഷേധിയായി മുദ്രകുത്തപ്പെടുകയും നാളുകളോളം സിനിമയിൽ വിലക്ക് നേരിടുകയും ചെയ്ത മഹാപ്രതിഭയാണ് തിലകൻ. ഇന്ന് തിലകൻ എന്ന മഹാപ്രതിഭയുടെ വിടവ് മലയാള സിനിമയിൽ തെളിഞ്ഞ് കാണപ്പെടുന്നുണ്ട്.
ആ സിംഹാസനം അലങ്കരിക്കാൻ ഇതുവരെയും മറ്റൊരാൾ വന്നിട്ടില്ല. അച്ഛന്റെ വഴിയെ മക്കളായ ഷോബിയും ഷമ്മിയും സിനിമയിലേക്ക് എത്തിയിട്ട് വർഷങ്ങളായി. അതിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായുമാണ് ഷമ്മി തിലകന തിളങ്ങുന്നത്. എന്നാൽ ഷോബി തിലകൻ സീരിയൽ മേഖലയിലും ഡബ്ബിങിലുമാണ് സജീവം.

മണ്ഡലകാലം തുടങ്ങിയതോടെ പതിവ് തെറ്റിക്കാതെ ഇത്തവണയും കുടുംബസമേതം ഷോബി തിലകൻ ഓച്ചിറയിൽ ഭജനംപാർക്കാൻ എത്തിയിരുന്നു. പരബ്രഹ്മഭക്തനായ ഷോബി തിലകൻ സമയം കിട്ടുമ്പോഴെല്ലാം ഓച്ചിറയിലെത്താറുണ്ട്. ഇപ്പോഴിതാ മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അച്ഛൻ തിലകനെ കുറിച്ച് ഷോബി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
അച്ഛൻ അവസാന നാളുകളിൽ അവിശ്വാസിയായിരുന്നില്ലെന്നും തങ്ങളുടെ വിശ്വാസത്തെ എതിർത്തിരുന്നില്ലെന്നുമാണ് ഷോബി പറഞ്ഞത്. 'അന്ധവിശ്വാസത്തെ അച്ഛൻ മരിക്കുംവരെ എതിർത്തിരുന്നു. ഞങ്ങളുടെ വിശ്വാസത്തെ ഒരിക്കലും എതിർത്തിരുന്നില്ല.'
'കോവിഡ് കാലത്തെ രണ്ട് വർഷമൊഴികെ 2005 മുതൽ തുടർച്ചയായി കുടുംബവുമായി എത്തി വൃശ്ചികോത്സവ ഭജനയിൽ പങ്കെടുക്കാറുണ്ട്. ഭാര്യ ശ്രീലേഖ, മകൻ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ, മകൾ ദേവയാനി എന്നിവരാണ് ദേവസ്വം ബോർഡിന്റെ മഠത്തിൽ ഭജനമിരിക്കുന്നത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ എംബിബി.എസ് വിദ്യാർഥിയാണ് മകൾ.'
'കുടുംബത്തോടൊപ്പം പന്ത്രണ്ട് ദിവസവും ഭജനം പാർക്കാൻ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം അതിന് കഴിയാറില്ല. ഇക്കുറി പരമാവധി ദിവസം പരബ്രഹ്മത്തിന്റെ മുന്നിൽ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാൽ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിന്റെ ഡബ്ബിങ് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിട്ടുണ്ട്.'

'പുലർച്ചെയും വൈകുന്നേരങ്ങളിലുമാണ് പരബ്രഹ്മദർശനത്തിനായി പോകുന്നത്. ഗുരുവായൂർ, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടർച്ചയായി പോകാറുണ്ടെന്നുമാണ്', വർഷങ്ങളായി മുടങ്ങാതെ വൃശ്ചികോത്സവ ഭജനയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് സംസാരിച്ച് ഷോബി തിലകൻ പറഞ്ഞത്.
പരസ്പരം എന്ന പരമ്പരയിൽ ഷോബി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സമയത്ത് ഒരിക്കൽ ഓച്ചിറയിൽ പോയപ്പോഴുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് ഷോബി മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഓച്ചിറ ക്ഷേത്രത്തിൽ ഭജന ഇരിക്കാൻ പോയപ്പോൾ മൂന്ന് തവണ തൊഴുത ശേഷം ഭജനയുടെ മുറിയിൽ പ്രാർത്ഥനയോടെ ഇരിക്കുകയാണ്. ചുറ്റും നിറയെ ആളുകൾ ഉണ്ടായിരുന്നു.
പെട്ടെന്ന് പ്രായമായ സ്ത്രീ അവിടെ വെച്ച് ശപിക്കുവാൻ തുടങ്ങി. എന്തിനാടാ നീ തൊഴുന്നത്? ഇങ്ങനെ തൊഴുതാലും നിനക്ക് മോക്ഷം കിട്ടും എന്ന് കരുതുന്നുണ്ടോ? ഇതായിരുന്നു അവരുടെ വാക്കുകൾ. പരസ്പരം പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന നായികാ കഥാപാത്രത്തെ ഞാൻ ടോർച്ചർ ചെയ്യുന്നുണ്ട്. ഇത് കാരണമാണ് പ്രായമായ സ്ത്രീ ക്ഷുഭിതയായത്.
അവർ എന്നെ തല്ലുമെന്നുപോലും ഞാൻ കരുതി എന്നാണ് അന്ന് അനുഭവം പങ്കിട്ട് ഷോബി പറഞ്ഞത്. ഒട്ടുമിക്ക അന്യഭാഷ സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ ഡബ്ബിങിലൂടെ ഷോബിയുടെ സ്ഥിരമായി ഭാഗമാകാറുണ്ട്. ബാഹുബലി സീരിസിൽ അടക്കം ഷോബി ഡബ്ബിങ് ചെയ്തിരുന്നു. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര കുടുംബവിളിക്ക്, എന്നും സമ്മതം, ഭാവന തുടങ്ങിയ സീരിയലുകളിലേയും ഡബ്ബിങ് ആർട്ടിസ്റ്റാണ് ഇപ്പോൾ ഷോബി.


Click it and Unblock the Notifications