ആ സംവിധായകന്‍ മോശമായി പെരുമാറി, ആശ്വസിപ്പിച്ചത് ഒരു ഓട്ടോക്കാരന്‍; ദുരനുഭവം പങ്കുവെച്ച് അനീഷ്
അപൂര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെ സഹനടനായി സിനിമയിലേക്കെത്തിയ നടനാണ് അനീഷ് ജി മേനോന്‍. ബെസ്റ്റ് ആക്ടര്‍ അടക്കം നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും അനീഷ് ഇപ്പോഴും ആളുകളുളെ മനസില്‍ തങ്ങി നില്‍ക്കുന്നത് ദൃശ്യത്തിലെ രാജേഷ് എന്ന യുവ രാഷ്ട്രീ നേതാവിന്റെ കഥാപാത്രത്തിലൂടെയാണ്. കെ എല്‍ 10 പത്ത് എന്ന ചിത്രത്തിലെ യൂസഫ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലൂസിഫറിലും കടുവയിലും വരെ അഭിനയിക്കാന്‍ സാധിച്ചെങ്കിലും ഇപ്പോഴും സിനിമകള്‍ ചെയ്യാന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്നും കൊവിഡ് കാലം കരിയറില്‍ വലിയൊരു വിടവ് സൃഷ്ടിച്ചെന്നും അനീഷ് പറയുന്നുണ്ട്. അടുത്ത ബന്ധമുള്ള ആളുകളോട് അവസരം ചോദിക്കാറില്ല. കണ്ടറിഞ്ഞ് തരുമ്പോള്‍ അഭിനയിക്കാറാണ് പതിവ്. ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയ കാലത്ത് മലയാളത്തിലെ ഇപ്പോഴത്തെ ഒരു വലിയ സംവിധായകന്റെ അടുത്ത് പോയി അവസരം ചോദിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായെന്നും ഇതുപോലെ പലയിടങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അനീഷ് പറയുന്നു.

ചില ആളുകളൊക്കെ ഒഴിവാക്കിയിട്ടുണ്ട്. ഒരു തവണ മലയാളത്തിലെ വലിയ ഒരു ഡയറക്ടറുടെ അടുത്ത് പോയി. അദ്ദേഹം മുഴുവന്‍ പുതുമുഖങ്ങളെ വെച്ച് എടുത്ത ഒരു സിനിമ വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകനാണ്. അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ ഒരിക്കല്‍ പോയി. ദൃശ്യം കഴിഞ്ഞ് എല്ലായിടത്തും സ്വീകാര്യത കിട്ടിത്തുടങ്ങുന്ന സമയത്താണ് പോയതെന്നും അനീഷ് മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ടാണ് ഞാന്‍ വരുന്നത്. പിന്നെ ചെല്ലുന്ന ഇടങ്ങളില്‍ അംഗീകരിക്കപ്പെടുകയും ഒരു സീറ്റ് തരികയും ചെയ്യുന്ന അവസ്ഥയിലേക്ക് ഒക്കെ പതുക്കെയാണ് എത്തുന്നത്. അങ്ങനെ നമുക്ക് തന്നെ സന്തോഷം ഒക്കെ വരുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോകുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞിട്ടാണ് ഫ്‌ളാറ്റില്‍ പോകുന്നത്. അദ്ദേഹം വളരെ റൂഡ് ആയിട്ടാണ് അന്ന് പെരുമാറിയത്,' അനീഷ് പറഞ്ഞു.
അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് ആര് പറഞ്ഞിട്ടാണ് ഞാന്‍ വന്നത് എന്നായിരുന്നു. അങ്ങനെ പെരുമാറിയതിന് അദ്ദേഹത്തിന് ചിലപ്പോള്‍ അതിന്റേതായ കാരണം ഉണ്ടായിരിക്കാം. ചിലപ്പോള്‍ എഴുതിക്കൊണ്ടിരിക്കുയാവാം. പക്ഷെ ഞാന്‍ ഒരിക്കലും എന്റെ വീട്ടില്‍ വന്ന ഒരാളോടും അങ്ങനെ പെരുമാറില്ല. അത് എന്റെ രീതി. അദ്ദേഹം വേറെ ഒരു വാക്ക് ഉപയോഗിച്ചാണ് പറഞ്ഞത്. ഇതിലാരാണ് പറഞ്ഞത് എന്നാണ് ചോദിച്ചത്. ആരും പറഞ്ഞതല്ല, അന്വേഷിച്ച് കണ്ടെത്തിയതാണ് എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും അനീഷ് പറഞ്ഞു.
'അവസരം ചോദിക്കുകയാണ് ഞാന്‍ ചെയ്തത്. തരണോ തരേണ്ടയോ എന്നുള്ളത് സാറിന്റെ ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ഈ പറയുന്ന പോലെയൊന്നുമല്ല, വളരെ റൂഡ് ആയിട്ടാണ് അദ്ദേഹം സംസാരിച്ചത്. സങ്കടത്തോടെയാണ് അവിടുന്ന് ലിഫ്റ്റ് ഇറങ്ങിയത്. ലിഫ്റ്റിലുണ്ടായ രണ്ട് കുട്ടികളും ആക്ടര്‍ എന്ന രീതിയില്‍ നമ്മളെ തിരിച്ചറിയുന്നുണ്ട്. എനിക്ക് അത് സഹിക്കാന്‍ പറ്റിയില്ല. ആള്‍ക്കാര്‍ നമ്മളെ തിരിച്ചറിഞ്ഞ് എന്നൊക്കെ വിചാരിച്ച് നില്‍ക്കുന്ന സമയത്ത് നെഗറ്റീവ് അടിച്ചാണ് ലിഫ്റ്റ് ഇറങ്ങി വരുന്നത്.
അതിന്റെ ഒരു പോസിറ്റീവ് വശം എന്താണെന്ന് വെച്ചാല്‍, അതിന്റെ മുന്നില്‍ വേറൊരു ഫ്‌ളാറ്റ് ഉണ്ട്. അവിടെ ഒരു ഓട്ടോക്കാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആ ഓട്ടോക്കാരന്‍ കുറച്ച് മുന്നോട്ട് പോയിട്ട് തിരിച്ച് വന്നിട്ട് അളിയാ എന്ന് വിളിച്ചു. ദൃശ്യത്തിലെ അളിയന്‍ എന്ന രീതിയില്‍ ആയിരിക്കണം പുള്ളി വിളിച്ചത്. വണ്ടിയില്ലേ കയറ് എന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി. എന്നിട്ട് പുള്ളി, എന്താ നിങ്ങളെ മുഖം എന്താ വല്ലാതെ എന്ന് ചോദിച്ചു. ഒന്നുമില്ല എന്ന് പറഞ്ഞു.

പുള്ളി വലിക്കുമോ എന്ന് ചോദിച്ചു. വല്ലപ്പോഴുമേ വലിക്കൂ എന്ന് പറഞ്ഞു, എന്നാ വാ എന്ന് പറഞ്ഞ് മറൈന്‍ ഡ്രൈവിന്റെ സൈഡില്‍ കൊണ്ടു പോയി അവിടുത്തെ കടയില്‍ നിന്ന് സിഗരറ്റ് തന്നിട്ട് പുള്ളി അവിടുന്ന് ഒരു ഗംഭീര മോട്ടിവേഷന്‍ തന്നു. ആകെ മൂന്നോ നാലോ സെന്റന്‍സേ പറഞ്ഞുള്ളു.
പക്ഷെ ഞാന്‍ ആ സമയം ആലോചിക്കുന്നത്, ഓട്ടോക്കാരന്റെ കാരക്ടറും ഈ പറയുന്ന സംവിധായകന്റെ കാരക്ടറും തമ്മിലുള്ള അന്തരമാണ്. അത് ക്രാഫ്റ്റ് ഉള്ള ഗംഭീര സംവിധായകന്‍ ആണ്. ഇപ്പുറത്ത് സാധാരണക്കാരനായ ഓട്ടോക്കാരനാണ്. ആ സമയത്ത് ആ മനുഷ്യന്‍ എനിക്ക് തന്നെ സമാധാനവും സന്തോഷവുമൊക്കെയുണ്ട്. അത് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണ്,'എന്നും അനീഷ് പറഞ്ഞു.


Click it and Unblock the Notifications











