ലളിതം സുന്ദരത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു: അനു മോഹന്‍
താരകുടുംബത്തില്‍ നിന്നുമാണ് അനു മോഹന്‍ സിനിമയിലെത്തുന്നത്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത്ത് ആണ് അനു മോഹന്‍ എന്ന നടന് കയ്യടി നേടിക്കൊടുത്തത്. അടുത്തിടെ പുറത്തിറങ്ങിയ ലളിതം സുന്ദരം, 21 ഗ്രാംസ് എന്നീ ചിത്രങ്ങളിലും അനുവിന്റെ പ്രകടനം കയ്യടി നേടുകയാണ്. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചായിരുന്നു അനു തന്റെ അഭിനയജീവിതം ആരംഭിച്ചത്.
തന്റെ അഭിനയജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോള്‍ അനു മോഹന്‍. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അനു മോഹന്‍ മനസ്സുതുറക്കുന്നത്.

കുട്ടിക്കാലം മുതല്‍ സിനിമയെക്കുറിച്ച് കണ്ടും അറിഞ്ഞുമാണ് വളര്‍ന്നത്. മുതിര്‍ന്നപ്പോള്‍ ഒരു ക്യാമറാമാനോ ആര്‍ട്ട് ഡയറക്ടറോ ആകാനൊക്കെ ആയിരുന്നു ഒരു കാലത്തെ ഇഷ്ടം. പിന്നീട് പ്രോഡക്ട് ഡിസൈന്‍ പഠിച്ച് രണ്ട് വര്‍ഷത്തോളം ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്നു.
അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ചട്ടമ്പിനാടില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ചട്ടമ്പിനാട്, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്, തീവ്രം എന്നീ സിനിമകളില്‍ ഒക്കെ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ഇനി എന്റെ വഴി സിനിമയാണെന്ന ബോധ്യം ഉണ്ടാകുന്നത്.
തീവ്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ മുതല്‍ സംവിധായകനൊപ്പം ഉണ്ടായിരുന്നു. അപ്പോഴാണ് ഒരു സിനിമ എങ്ങനെ രൂപപ്പെടുന്നുവെന്നും അതിന് പിന്നിലെ അധ്വാനത്തെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണയുണ്ടാകുന്നത്. ആ പ്രോസസ് എനിക്കിഷ്ടപ്പെട്ടിരുന്നു. അതിനു ശേഷം ഞാന്‍ ജോലി രാജിവെച്ച് സിനിമയില്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അന്നും എന്റെ ഇഷ്ടത്തിന് നില്‍ക്കാനാണ് അച്ഛനും അമ്മയും പറഞ്ഞത്.
പക്ഷെ, ഇടയ്ക്ക് ഒരു രണ്ടു വര്‍ഷത്തോളം ഞാന്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. ആ സമയത്ത് നല്ല തിരക്കഥകള്‍ വന്നില്ല എന്നതു തന്നെയായിരുന്നു കാരണം. അങ്ങനെയിരിക്കെയാണ് സച്ചി സാര്‍ എന്നെ അയ്യപ്പനും കോശിയിലേക്കും വിളിക്കുന്നത്. ആ ചിത്രത്തിലെ സിപിഒ സുജിത്തിന്റെ കഥാപാത്രം എനിക്ക് ലഭിച്ച വളരെ മികച്ച വേഷമായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി സച്ചിസാര്‍ ഒരുപാട് ഡീറ്റെയ്‌ലിങ്ങ് തന്നിരുന്നു.

കോവിഡ് സമയത്ത് ഷൂട്ട് ചെയ്ത ചിത്രങ്ങളായിരുന്നു ലളിതം സുന്ദരവും 21 ഗ്രാംസും. രണ്ടു സിനിമകളും ഒരുമിച്ച് പുറത്തിറങ്ങിയത് അവിചാരിതമായിരുന്നു. ലളിതം സുന്ദരത്തില്‍ റിയാലിറ്റി ഷോയില്‍ പാട്ടുകാരനായി വരുന്ന രംഗമൊക്കെയുണ്ട്. അതില്‍ ഇടയ്ക്ക് സ്വരസ്ഥാനങ്ങള്‍ പാടാന്‍ വേണ്ടി കുറേ കഷ്ടപ്പെട്ട് സംഗീതം പഠിച്ചെടുക്കേണ്ടിവന്നു.
കൂടാതെ സിനിമയിലെ ഒരു ഡാന്‍സ് രംഗവും ഉണ്ടായിരുന്നു. അത് ഞാന്‍ പേടിച്ചാണ് ചെയ്തത്. മഞ്ജു ചേച്ചിക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ എനിക്ക് കുറച്ച് പേടിയൊക്കെണ്ടായിരുന്നു. കലാ മാസ്റ്റര്‍ തന്നെയായിരുന്നു ഡാന്‍സ് പഠിപ്പിച്ചതും. ഒടുവില്‍ പിടിച്ചുവലിച്ചാണ് എന്നെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചത്. പക്ഷെ, എല്ലാവരും കൂടി ഒത്തൊരുമിച്ച് എന്‍ജോയ് ചെയ്ത് അഭിനയിച്ചതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്തു തീര്‍ത്തു.' അനു മോഹന്‍ പറയുന്നു.
വാശി എന്ന പുതിയ ചിത്രമാണ് ഇനി അനുവിന്റേതായി പുറത്തിറങ്ങാനുള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ട്വല്‍ത്ത്മാനിലും അനു മോഹന്‍ ഒരു സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











