ലാലേട്ടനെ ചീത്ത വിളിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇതാണ്; അനു മോഹന്‍ പറയുന്നു
താരകുടുംബത്തില്‍ നിന്നുമാണ് അനു മോഹന്‍ സിനിമയിലെത്തുന്നത്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത്ത് ആണ് അനു മോഹന്‍ എന്ന നടന് കയ്യടി നേടിക്കൊടുത്തത്.
അടുത്തിടെ പുറത്തിറങ്ങിയ ലളിതം സുന്ദരം, 21 ഗ്രാംസ് എന്നീ ചിത്രങ്ങളിലും അനുവിന്റെ പ്രകടനം പ്രേക്ഷകപ്രീതി നേടിയിരുന്നു. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചായിരുന്നു അനു തന്റെ അഭിനയജീവിതം ആരംഭിച്ചത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് അനു മോഹന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ എന്ന മഹാനടനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇപ്പോള്‍ അനു മോഹന്‍. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അനു മോഹന്‍ മനസ്സുതുറക്കുന്നത്.

മോഹന്‍ലാലിനോട് ദേഷ്യപ്പെടുന്ന സീനുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അനു മോഹന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു
'ലാലേട്ടനുമായി നിരവധി കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തിലുണ്ട്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ വലിയ ടെന്‍ഷന്‍ തോന്നിയിരുന്നു. ലാലേട്ടനോട് ചൂടാകുന്ന അത്തരം സീക്വന്‍സുകള്‍ കുറേയുണ്ട്. സെറ്റിലെത്തുന്നതുവരെ എങ്ങനെ ചെയ്യും എന്നൊക്കെ ഓര്‍ത്ത് ആധിയായിരുന്നു. കാരണം ലാലേട്ടന്റെയും ജീത്തു ജോസഫിന്റെയുമൊക്കെ ഒപ്പം എന്റെ ആദ്യ ചിത്രമാണ്. എങ്കിലും കൂടെ അഭിനയിക്കുന്ന കുറച്ചുപേര്‍ സുഹൃത്തുക്കളാണല്ലോ എന്നുള്ള ധൈര്യത്തിലാണ് പോയത്.
ടെന്‍ഷനോടെയാണ് ചെന്നതെങ്കിലും പിന്നീട് സെറ്റിലെത്തിയ ശേഷം അതെല്ലാം ശരിയായി. ലാലേട്ടനും ജീത്തു സാറുമെല്ലാം വളരെ നന്നായി പരിഗണിച്ചു. അധികം കണ്‍ഫ്യൂഷനുകളൊന്നും അടിപ്പിക്കാതെ നമ്മളെ കംഫര്‍ട്ടാക്കി നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. അതെനിക്കും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും വളരെ ഗുണകരമായി.' അനു മോഹന്‍ പറയുന്നു.

"ഏതൊരു അഭിനേതാവിനെയും പോലെ എന്റെയും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ലാലേട്ടന്റെയും ജീത്തു സാറിന്റെ ഒപ്പം ജോലി ചെയ്യുക എന്നുള്ളത്. അതിന് സാധിച്ചു.
ഒരു റിസോര്‍ട്ടിനുള്ളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങും താമസവുമൊക്കെ. കോവിഡ് കാലമായിരുന്നതിനാല്‍ ഒരിടത്തേക്കും പോകാനും സാധിക്കില്ലായിരുന്നു. മിക്കവരും കുടുംബത്തോടെയായിരുന്നു ലൊക്കേഷനില്‍ വന്നത്. ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ എല്ലാവരും ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയുകയും പാചകവും ഒക്കെയായി വളരെ ആസ്വദിച്ചാണ് സിനിമ ചെയ്തത്. സിനിമയുടെ ഷൂട്ടിങ്ങും വളരെ പെട്ടെന്ന് തന്നെ തീര്‍ത്തു. വളരെ സിസ്റ്റമാറ്റിക് ആയി 25 ദിവസങ്ങള്‍ കൊണ്ടു തന്നെ സിനിമയുടെ ഷൂട്ടിങ്ങ് തീര്‍ത്തിരുന്നു." അനു മോഹന്‍ പറയുന്നു.
വാശി എന്ന പുതിയ ചിത്രമാണ് ഇനി അനുവിന്റേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications











