'അപ്പ എന്ന് വിളിച്ച് തുടങ്ങിയത് ഫാസിൽ സർ, യഥാർത്ഥ പേര് അതല്ല, ജഗദീഷ് തിരിച്ച് വരുമെന്ന് കരുതിയില്ല'; അപ്പ ഹാജ
ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അപ്പ ഹാജ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ സിനിമാപ്രേമകൾക്ക് ആദ്യം ഓർമ വരുന്നത് ഇൻ ഹരിഹർ നഗറിലെ കഥാപാത്രമാണ്.
അനിയൻ ബാവ ചേട്ടൻ ബാവ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, ടു ഹരിഹർ നഗർ, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ തുടർച്ചയായി സിനിമകൾ ചെയ്യണമെന്ന കൂട്ടത്തിലല്ല അപ്പ ഹാജ.
തനിക്ക് പറഞ്ഞ് വെച്ചിരുന്ന കഥാപാത്രങ്ങൾ പിന്നീട് കിട്ടാതെയായാലും അപ്പ ഹാജയ്ക്ക് പരാതിയില്ല. ഇത്തരം കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ മറ്റ് സെലിബ്രിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോൾ അപ്പ ഹാജ വളരെ വ്യത്യസ്തനാണ്. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും സിനിമയിലെ സൗഹൃദങ്ങൾ ഇപ്പോഴും അപ്പ ഹാജ നിലനിർത്തുന്നുണ്ട്.

അപ്പ ഹാജയുടെ ഏറ്റവും അടുത്ത സുഹൃത്ത് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു അപ്പ ഹാജയുടെ മകളുടെ വിവാഹം. ചടങ്ങിൽ ഏറ്റവും സജീവമായി നിന്നത് കൃഷ്ണകുമാറും കുടുംബവുമായിരുന്നു. നേരത്തെ അപ്പ ഹാജയ്‌ക്കൊപ്പമുള്ള പെരുന്നാള്‍ ആഘോഷത്തിന്റെ ഓര്‍മകള്‍ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
പെരുന്നാള്‍ ദിനങ്ങളില്‍ ഹാജയ്‌ക്കൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഷൂട്ടിലാണെങ്കിലും ഹാജയുടെ വക സ്‌പെഷല്‍ ഭക്ഷണം വീട്ടിലെത്തിക്കുമെന്നും കൃഷ്ണ കുമാര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് കൃഷ്ണ കുമാര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ തൊട്ടടുത്ത ഫ്‌ളാറ്റിലെ ആളുടെ ബന്ധുവായിരുന്നു അപ്പ ഹാജ. ഇപ്പോഴിതാ വ്യത്യസ്തമായ പേരിന് പിന്നിലെ കാരണവും വിരളമായി മാത്രം സിനിമകൾ ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും കാൻചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അപ്പ ഹാജ സംസാരിച്ചു.
അഭിമുഖങ്ങളിൽ പോലും വളരെ വിരളമായി മാത്രമെ അപ്പ ഹാജ പ്രത്യക്ഷപ്പെടാറുള്ളു. 'പണ്ട് മുതൽ മുഖം കാണിച്ച് നിറഞ്ഞ് നിൽക്കണമെന്ന് തോന്നിയിട്ടില്ല. ഒരു സ്റ്റില്ല് പോലും എടുക്കാറില്ല. ഐ.വി ശശിയുടെ ഇണയിൽ ആണ് ആദ്യം അഭിനയിച്ചത്. പക്ഷെ ആ സിനിമ പാതിവഴിയിൽ നിന്ന് പോയി. വേറൊരാൾ ആ വേഷം ചെയ്തു.'

'ആ സിനിമയുടെ ഷൂട്ടിന് പോയി ടൈഫോയ്ഡും പിടിപെട്ടു. ഫാസിലിക്ക എന്റെ ബന്ധുവാണ്. അങ്ങനെയാണ് എന്നേന്നും കണ്ണേട്ടനിലേക്ക് എത്തിയത്. അപ്പ എന്ന് വിളിച്ച് തുടങ്ങിയതും ഫാസിലിക്കയാണ്. യഥാർത്ഥ പേര് അപ്പ ഹാജ എന്നല്ല. സിനിമയോട് ഭയങ്കരമായൊരു ക്രേസും ഉണ്ടായിരുന്നില്ല. എന്റെ ബാപ്പ അമീർ ഹംസ സിനിമ നിർമിച്ചിട്ടുണ്ട്.'
'ഞങ്ങൾ റാവുത്തേർസാണ്. ഫാസിലിക്കയുടെ ഗ്രാന്റ്പാരന്റിസിനും തമിഴ് ബേസുണ്ട്. അതുകൊണ്ടാണ് അപ്പ എന്ന് എന്നെ വിളിച്ച് തുടങ്ങിയത്. കുഞ്ഞുങ്ങളെയാണ് തമിഴിൽ അപ്പയെന്ന് വിളിക്കുന്നത്. ഫാസിൽ സാർ അങ്ങനെ വിളിച്ച് തുടങ്ങിയതോടെ അന്നത്തെ മാസികകളിൽ ഹാജ എന്ന എന്റെ പേര് കൂടി ചേർത്ത് അപ്പ ഹാജ എന്ന് അച്ചടിച്ച് വന്നു.'
'യഥാർത്ഥ പേര് ഹാജ ഹുസൈൻ എന്നാണ്. അന്തരിച്ച സംവിധായകൻ സിദ്ദിഖും എന്നെ അപ്പ എന്നാണ് വിളിച്ചിരുന്നത്. ഇൻ ഹരിഹർ നഗറിലെ നാല് പേരിൽ ഒരാളായി എന്നെ സെലക്ട് ചെയ്തിരുന്നു. തോമസുകുട്ടിയുടെ വേഷമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ജഗദീഷ് അഭിനയിക്കാൻ വരുമെന്ന് ഇൻ ഹരിഹർ നഗർ ടീം കരുതിയിരുന്നില്ല. കഥാപാത്രം നഷ്ടപ്പെട്ടപ്പോൾ ഞാൻ പരാതിയൊന്നും പറഞ്ഞില്ലെന്നും', അപ്പ ഹാജ പറയുന്നു.


Click it and Unblock the Notifications











