ഒരുമിച്ച് അഭിനയിച്ചതോടെ സ്വന്തമാക്കണമെന്നായി! നളിനിയോട് എല്ലാം തുറന്ന് പറയാനൊരുങ്ങി; അർജുന്റെ പ്രണയകഥ
ആക്ഷൻ കിങ് അർജുൻ സർജയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജെന്റിൽമാനും ജെയ്ഹിന്ദും മുതൽവനുമെല്ലാം തന്നെയാണ് അർജുന് കേരളത്തിൽ ആരാധകരുണ്ടാകാൻ കാരണമായത്. മരക്കാർ അറബിക്കടലിന്റെ സിംഹം അടക്കമുള്ള മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള അർജുൻ തെന്നിന്ത്യയിലെ അണ്ടറേറ്റഡ് ബഹുമുഖ പ്രതിഭ കൂടിയാണ്. കാരണം... അർജുൻ ഒരു സംവിധായകനും എഴുത്തുകാരനും ഗായകനും കൂടിയാണ്.
തമിഴിൽ സൂപ്പർഹിറ്റുകളായ ജയ് ഹിന്ദ്, കർണ്ണ, ഏഴുമലൈ ഉൾപ്പെടെ നടൻ സംവിധാനം ചെയ്തത് പന്ത്രണ്ടോളം സിനിമകളാണ്. ജയ് ഹിന്ദ്, കർണ്ണ ഉൾപ്പെടെ 15 സിനിമകൾക്ക് കഥയും എഴുതി. കൂടാതെ ഒമ്പത് സിനിമകൾ നിർമ്മിച്ചു. സംഗീത ഇതിഹാസം എ.ആർ റഹ്മാൻ സംഗീതം നൽകിയ പരശുറാം എന്ന സിനിമയിലെ ചിട്ടുകുരുവി പാട്ട് ഉൾപ്പെടെ തമിഴിൽ അഞ്ച് ഗാനങ്ങൾ ആലപിച്ചു.

എന്നാൽ തെന്നിന്ത്യയിലെ സകലകലാവല്ലഭന്മാരെ കുറിച്ച് പറയുമ്പോൾ പലരും അർജുൻ സർജയെ ആ പട്ടികയിൽ ഉൾപ്പെടുത്താറില്ല. അറുപത്തിരണ്ടുകാരനായ താരം ഇപ്പോഴും നായകനാകാൻ പാകത്തിന് ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നുണ്ട്. 1962ൽ മൈസൂരിലെ മധുഗിരിയിലാണ് താരം ജനിച്ചത്. യഥാർത്ഥ പേര് ശ്രീനിവാസ സർജ എന്നാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ചശേഷം അത് അർജുൻ സർജ എന്നാക്കി മാറ്റി. കന്നഡ ചിത്രം സിംഹ മാരി സൈന്യയായിരുന്നു അർജുന്റെ അരങ്ങേറ്റ ചിത്രം.
നൻട്രി എന്ന സിനിമയിലൂടെയാണ് അർജുൻ തമിഴിലേക്ക് എത്തുന്നത്. രാമനാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക്, നളിനി, മഹാലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിൻ്റെ വിജയത്തിന് ശേഷം ഡ്യൂട്ടി, ഇളമൈ, വേഷം, യാർ അവൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ വീണ്ടും അർജുൻ നായകനായി.
യർ, താങ്ക്യൂ, എങ്കൾ കുറൽ എന്നീ മൂന്ന് ചിത്രങ്ങളിലാണ് നടി നളിനിക്കൊപ്പം അർജുൻ അഭിനയിച്ചത്. നളിനിക്കൊപ്പം തുടരെ തുടരെ നായകനായപ്പോൾ നടിയുടെ സൗന്ദര്യവും സൗമ്യതയും സംസാരവും അർജുനെ ആകർഷിച്ചു. തനിക്ക് നളിനിയോട് പ്രണയമാണെന്ന് തിരിച്ചറിഞ്ഞതോടെ നടിയോട് പ്രണയം തുറന്ന് പറയാൻ അർജുൻ തീരുമാനിച്ചു.
എന്നാൽ അപ്പോഴേക്കും പ്രശസ്ത സംവിധായകനും നടനുമായ രാമരാജനുമായി നളിനി പ്രണയത്തിലായി കഴിഞ്ഞിരുന്നു. ആരോ വഴി അർജുനും ഈ വിവരം അറിഞ്ഞു. അതോടെ താരം ആകെ തകർന്നു. അവസാനം വരെ നളിനിയോട് പ്രണയം പറഞ്ഞതുമില്ല. നളിനി വിവാഹിതയായപ്പോൾ അർജുന്റെ വൺസൈഡ് ലവ് സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. യാർ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണെത്രെ നളിനിയോട് അർജുന് പ്രണയം തോന്നിത്തുടങ്ങിയത്.

ചിത്രത്തിൽ നളിനിയുമായി ചില ഇന്റിമേറ്റ് രംഗങ്ങളിൽ നടന് അഭിനയിക്കേണ്ടി വന്നിരുന്നു. എൺപതുകൾ മുതൽ സിനിമാ - സീരിയൽ ലോകത്ത് സജീവമായി നിൽക്കുന്ന നടിയാണ് നളിനി. തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നടയിലും എല്ലാം നളിനി ഒരുപോലെ സജീവമായിരുന്നു. അക്കാലത്ത് മെലിഞ്ഞ വടിവൊത്ത ശരീരവുമായി നളിനി നിരവധി ഗ്ലാമർ റോളുകൾ ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്ന നടി ഇപ്പോൾ അമ്മ റോളുകളിലാണ് തിളങ്ങുന്നത്.
വീട്ടുകാരെ എതിർത്താണ് രാമരാജനെ നളിനി വിവാഹം ചെയ്തത്. പക്ഷെ 2000ൽ ഇരുവരും വേർപിരിഞ്ഞു. അർജുൻ തന്റെ പ്രണയത്തകർച്ചയ്ക്ക് ശേഷം 1988ൽ നിവേദിതയെ വിവാഹം ചെയ്തു. കന്നഡ നടൻ രാജേഷിന്റെ മകളാണ് നിവേദിത. 1986ൽ പുറത്തിറങ്ങിയ രാജ സപ്തമി എന്ന കന്നഡ സിനിമയിൽ നിവേദിത അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെയാണ് ഇരുവരും മുപ്പത്തിയാറാം വിവാഹ വാർഷിക ആഘോഷിച്ചത്. അർജുന്റെ രണ്ട് പെൺമക്കളിൽ മൂത്തവളായ ഐശ്വര്യ മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയിരുന്നു. നായക വേഷങ്ങളിൽ നിന്നും മാറി അർജുൻ ഇപ്പോൾ ഏറെയും സഹനടൻ, വില്ലൻ റോളുകളിലാണ് തിളങ്ങുന്നത്.


Click it and Unblock the Notifications











