'സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു... ഒന്നിച്ചിരുന്നുള്ള സംസാരങ്ങൾ ഇല്ലാതായി'; നടൻ അശോകൻ!
മലയാളത്തിലെ ഇതിഹാസ സംവിധായകര്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ തുടക്കകാലത്ത് തന്നെ അവസരം ലഭിച്ച നടനാണ് അശോകന്‍. പദ്മരാജന്‍ സിനിമകളിലൂടെയാണ് അശോകന്റെ കരിയര്‍ ആരംഭിയ്ക്കുന്നത്. മലയാളത്തിലെ ഇതിഹാസ സംവിധാകര്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിച്ച ഭാഗ്യവാന്‍ എന്നാണ് അശോകന്‍ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് ആ ഭാഗ്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ നടന് സാധിച്ചില്ല. അപ്പോഴാണ് ചെറിയൊരു ഇടവേള കരിയറില്‍ സംഭവിച്ചത്.
അതുപോലെ തന്നെ ഇതുവരെയും അദ്ദേഹത്തിന് അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ല. ആദ്യ സിനിമയായ പെരുവഴിയമ്പലത്തിന് ശേഷം അദ്ദേഹത്തിന്റെ ശ്രദ്ധേയമായൊരു വേഷമായിരുന്നു അടൂരിന്റെ അനന്തരത്തിലേത്. അനന്തരത്തിലെ പ്രകടനത്തിന് തന്നെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഒരു മാധ്യമ പ്രവര്‍ത്തകന്‍ പേര് വെട്ടിക്കളഞ്ഞുവെന്ന് അശോകന്‍ വെളിപ്പെടുത്തിയത് വൈറലായിരുന്നു.

നിരവധി മികച്ച കഥാപാത്രങ്ങളാണ് അശോകന്‍ മലയാള സിനിമയ്ക്ക് ഇതുവരെ നല്‍കിയിട്ടുള്ളത്. 45 വര്‍ഷമായി സിനിമയില്‍ സജീവമായ താരത്തിന് 2023 എല്ലാം കൊണ്ടും ഏറെ ഗുണം ചെയ്ത വർഷമായിരുന്നു. ഇപ്പോള്‍ വളരെ സെലക്ടീവായിട്ടാണ് അശോകന്‍ സിനിമകള്‍ ചെയ്യുന്നത്. മാസ്റ്റര്‍ പീസ് എന്ന വെബ്‌സീരീസാണ് അശോകന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ പുറത്തിറങ്ങിയ മാസ്റ്റര്‍ പീസിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. പേരില്ലൂർ പ്രീമിയർ ലീഗാണ് റിലീസിന് തയ്യാറെടുക്കുന്ന അശോകന്റെ ഏറ്റവും പുതിയ പ്രോജക്ട്. ഗ്രാമീണപശ്ചാത്തലത്തിൽ ഹാസ്യത്തിൽ ചാലിച്ച രസകരമായ കഥയുമായിട്ടാണ് പേരില്ലൂർ പ്രീമിയർ ലീഗ് ഹോട്ട് സ്റ്റാറിലൂടെ പ്രദർശനത്തിനെത്താൻ പോകുന്നത്.
നിഖില വിമൽ, സണ്ണി വെയ്ൻ എന്നിവരാണ് അശോകന് പുറമെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി അശോകൻ മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പഴയകാലത്തെയും ഇന്നത്തെയും സിനിമാ സെറ്റുകളിലെ മാറ്റങ്ങളെ കുറിച്ച് അടക്കം അശോകൻ സംസാരിച്ചു. 'ഒരു പൊളിറ്റിക്കൽ സറ്റയർ എന്നൊക്കെ പേരില്ലൂർ പ്രീമിയർ ലീഗ് സീരീസിനെ വിശേഷിപ്പിക്കാം.'
'കേമൻ സോമൻ എന്ന ലോക്കൽ രാഷ്ട്രീയനേതാവിന്റെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നൊരാൾ. തോറ്റാലും ജയിച്ചു എന്ന രീതിയിൽ കോൺഫിഡന്റായി നടക്കും. അങ്ങനെ ഒട്ടേറെ പ്രത്യേകതയുള്ള രസകരമായൊരു കഥാപാത്രം. വളരെ ആസ്വദിച്ചാണ് ഞാൻ സോമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.'

'2023 എന്നെസംബന്ധിച്ച് നല്ലൊരു വർഷമായിരുന്നു. ഒരുപാട് സിനിമകൾ ചെയ്യാൻ സാധിച്ചില്ലെങ്കിലും ചെയ്ത സിനിമകളെല്ലാം എന്നെ സംബന്ധിച്ച് ഏറെപ്രശംസ നേടിത്തന്നവയായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിനൊപ്പം നിൽക്കുന്ന ശക്തമായൊരു മുഴുനീള കഥാപാത്രം ചെയ്യാനായി. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. എന്നും അഭിമാനിക്കാവുന്ന ഒരു സിനിമയും കഥാപാത്രവുമാണത്.'
'മാസ്റ്റർപീസ് എന്ന വെബ്സീരീസ് ചെയ്തു. അതിലെ കുര്യാച്ചൻ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചു. 2024ൽ പ്രതീക്ഷ നൽകുന്ന ഒരുപിടി പ്രോജക്ടുകളുണ്ട്. സിനിമയുടെ ടെക്നോളജിയിലും അവതരണത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. ഞാനിപ്പോൾ അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളും നവാഗതരായ സംവിധായകർക്കൊപ്പമാണ്.'
'ഏറ്റവും പുതിയ ടെക്നോളജിയിലും രീതിയിലും സിനിമയെ സമീപിക്കുന്നവരാണ് അവരെല്ലാം. ആ സിനിമകളിലും നല്ല കഥാപാത്രമാകാൻ സാധിക്കുന്നു എന്നതൊരു ഭാഗ്യമാണ്. പഴയതിനെ അപേക്ഷിച്ച് സിനിമ നിർമിക്കുക എന്നത് ഇന്ന് കുറേക്കൂടി എളുപ്പമായിട്ടുണ്ട്. അത് ടെക്നോളജിയുടെ വളർച്ചകൊണ്ട് സാധ്യമായതാണ്. പലതരം ക്യാമറകളും മറ്റുപകരണങ്ങളുമെല്ലാം ലഭ്യമായതിനാൽ ഇന്ന് ഏത് ബജറ്റിലും സിനിമയെടുക്കാം എന്ന രീതിയിലേക്ക് കാര്യംമാറി. അതൊക്കെ നല്ലതാണ്. മാറ്റങ്ങൾകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇന്ന് പഴയതിനെ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു.'
'കാരണം കാരവാൻപോലുള്ള സൗകര്യങ്ങൾ വന്നതോടെ ഇടവേളകളിൽ ഒന്നിച്ചിരുന്നുള്ള സംസാരവും മറ്റും ഇല്ലാതായി. സീൻ കഴിഞ്ഞാൽ ആൾക്കാർ കാരവാനിൽ പോയി ഇരിക്കുന്ന രീതിയിലേക്ക് കാര്യം മാറി. അതേസമയം കാരവാൻ വന്നതോടെ മറ്റൊരു ഗുണമുണ്ടായി... ഔട്ട്ഡോർ ഷൂട്ടിങ് സ്ഥലങ്ങളിൽ നമ്മുടെ സ്വകാര്യ ആവശ്യങ്ങൾ നിർവഹിക്കാൻ അതൊരു മികച്ച സൗകര്യമായി മാറി', എന്നാണ് അശോകൻ പറഞ്ഞത്.


Click it and Unblock the Notifications











