'ഓവറാക്കി മനപൂര്‍വ്വം കളിയാക്കുന്നു, കണ്ണൂര്‍ സ്‌ക്വാഡിൽ അഭിനയിച്ച അസീസ് ആ ഗണത്തില്‍ പെട്ടതാണ്'; നടൻ അശോകൻ!
മലയാളികളുടെ സ്വന്തം തോമസുകുട്ടിയാണ് നടൻ അശോകൻ. പത്മരാജൻ എന്ന അതുല്യ പ്രതിഭയാണ് അശോകനെ മലയാളികൾക്ക് സമ്മാനിച്ചത്. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം നടന്മാരിൽ ഒരാൾ കൂടിയാണ് അശോകൻ.
പത്മരാജന്റെയൊപ്പം പെരുവഴിയമ്പലം, അരപെട്ട കെട്ടിയ ഗ്രാമത്തിൽ, മൂന്നം പക്കം, തൂവനത്തുമ്പികൾ എന്നിവയും ഭരതനൊപ്പം അമരം, വൈശാലിയും കെ.ജി ജോർജിനൊപ്പം യവനികയും അടൂരിന്റെ കൂടെ അനന്തരവും ചെയ്യാൻ സാധിച്ചു.
കരിയറിന്റെ തുടക്കകാലത്ത് തന്നെ ക്ലാസിക്ക് സിനിമകളുടെ ഭാഗമാകാൻ സാധിക്കുക എന്നത് തന്നെ അനുഗ്രഹീതരായവർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹർ നഗറിലെ തോമസുകുട്ടി അശോകന്റെ കരിയറിലെ ജനകീയ വേഷമായിരുന്നു.

കാസർ ഗോഡ് കാദർ ഭായ്, പൊന്നുച്ചാമി, സ്ഫടികം, സുന്ദരകിലാഡി, പാപ്പി അപ്പച്ച, കുഞ്ഞളിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളും അശോകൻ ചെയ്തിട്ടുണ്ട്. ഞാൻ എന്തിനാ സാറേ നുണ പറയുന്നത്... സ്വന്തം അച്ഛനല്ലേ... കൊന്നേൽ കൊന്ന് എന്ന് പറയും എന്ന യവനികയിലെ ഈ സീനിൽ മമ്മൂട്ടിയെ പോലും കടത്തി വെട്ടി അശോകൻ മുന്നേറുന്നത് കാണാമെന്നാണ് ആരാധകർ പറയാറുള്ളത്.
നല്ലൊരു ഗായകൻ കൂടിയായ അശോകൻ ഇപ്പോൾ വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു. താരം അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ വെബ് സീരിസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലെ മാസ്റ്റർപീസാണ്.
നിത്യ മേനോന്റെ അച്ഛന്റെ വേഷമാണ് സീരിസിൽ അശോകൻ ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്. ഇതിന് മുമ്പ് നൻപകൽ നേരത്ത് മയക്കം, ന്റെ ഇക്കാക്ക് ഒരു പ്രമണ്ടാർന്ന് എന്നിവയാണ് അശോകൻ അഭിനയിച്ച് റിലീസ് ചെയ്ത സിനിമകൾ. മിമിക്രി കലാകാരന്മാർ ഏറെയും അനുകരിക്കാറുള്ള നടൻ കൂടിയാണ് അശോകൻ.
അശോകന്റെ കണ്ണുകളും അതുകൊണ്ടുള്ള ചലനങ്ങളും അനുകരിച്ചാണ് മിമിക്രി കലാകാരന്മാർ കയ്യടി വാങ്ങാറുള്ളത്. എന്നാൽ പലരും തന്നെ ഓവറാക്കി അനുകരിച്ച് കളിയാക്കുന്നതായി തോന്നിയിട്ടുണ്ടെന്നും അതിൽ വിഷമമുണ്ടെന്നും പറയുകയാണ് അശോകൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം അമരത്തിലെ അശോകന്റെ രാഘവൻ എന്ന കഥാപാത്രത്തെയാണ് അസീസ് അടക്കമുള്ളവർ അനുകരിക്കാനായി ഉപയോഗിക്കാറുള്ളത്. അമരത്തിലെ ഒരു സീനിലെ അശോകന്റെ നോട്ടം വളരെ ശ്രദ്ധനേടിയതാണ്. അതുകൊണ്ട് തന്നെ ആ നോട്ടം അസീസ് അടക്കമുള്ള മിമിക്രി കലാകാരന്മാർ വീണ്ടും അനുകരിക്കുമ്പോൾ അശോകനും രാഘവനെന്ന കഥാപാത്രവും ആളുകളുടെ മനസിലേക്ക് ഓടിവരും.
'അമരം സിനിമയിലെ എന്റെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. കളിയാക്കുന്നത് കണ്ടാല്‍ മനസിലാവും. അത്രയ്‌ക്കൊന്നും ഞാന്‍ നോക്കിയിട്ടില്ല. മിമിക്രിയെന്ന് പറയുമ്പോള്‍ കുറച്ചധികം അവര്‍ കയ്യില്‍ നിന്നിട്ട് കളിക്കുന്നതാണല്ലോ.'
'അങ്ങനെ ഞങ്ങളെ പോലുള്ള നടന്മാരെ വിറ്റ് ജീവിക്കുന്നവര്‍ മനപൂർവം കളിയാക്കുകയും ചെയ്യും. കണ്ണൂര്‍ സ്‌ക്വാഡിലൊക്കെ അഭിനയിച്ച അസീസ് ആ ഗണത്തില്‍ പെട്ടതാണ്. അയാള്‍ അത്ര നന്നായി എന്നെ അനുകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓവറാക്കി കളിയാക്കുന്നത് പോലെയാണ് തോന്നിയത്. എന്നെ കാണിച്ചാണ് പോപ്പുലറായതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ.'
'ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കുമെന്നാണ്', അശോകന്‍ പറഞ്ഞത്. അസീസ് മിമിക്രിക്കായി വേദിയിൽ എത്തിയാൽ അശോകനെ അനുകരിച്ചെ മടങ്ങാറുള്ളു. വളരെ കുറച്ച് നാളുകളെയായുള്ളു അസീസിന് സിനിമയിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ച് തുടങ്ങിയിട്ട്.


Click it and Unblock the Notifications











