ചേച്ചി എന്നോട് ക്ഷമിക്കണം, ചേർത്തുപിടിക്കുക എന്ന വാക്കിന് ഇത്ര ഭംഗിയുണ്ടെന്ന് മനസിലായത് ഇപ്പോഴാണ്; വീഡിയോ!
നടൻ എന്ന രീതിയിൽ മാത്രമല്ല നല്ലൊരു മനുഷ്യൻ എന്ന രീതിയിലും ഓരോ ദിവസം കഴിയുന്തോറും ഹൃദയങ്ങൾ കീഴടക്കുകയാണ് ആസിഫ് അലി. നെക്സ്റ്റ് ഡോർ ബോയ് ഇമേജായതുകൊണ്ട് തന്നെ കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യൂത്ത് സ്റ്റാറും ആസിഫ് തന്നെയാണ്. അതുകൊണ്ട് കൂടിയാകണം ആസിഫിന്റെ സിനിമകൾ വിജയിക്കുമ്പോൾ അത് ആഘോഷിക്കുകയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകൾ മോശമാകുമ്പോൾ പ്രേക്ഷകർക്ക് നിരാശ തോന്നുകയും ചെയ്യുന്നത്.
രമേഷ് നാരാണൻ വിഷയത്തിൽ ആസിഫ് അലി കാണിച്ച പെരുമാറ്റവും പ്രതികരണവും പുറത്ത് വന്നശേഷമാണ് താരം എന്നതിലുപരിയായി ആസിഫിലെ മനുഷ്യ സ്നേഹിയെ ആളുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയത്. 2024 ആസിഫിന്റെ കരിയറിലെ മികച്ചൊരു വർഷമായിരുന്നു. 2025ഉം അങ്ങനെ തന്നെയായിരിക്കുമെന്നാണ് സൂചനകൾ.

കാരണം ഈ വർഷത്തെ ആസിഫിന്റെ ആദ്യത്തെ റിലീസായ രേഖാചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായ സിനിമ തിയേറ്ററുകൾ നിറഞ്ഞോടുമ്പോൾ ഒപ്പം ആസിഫിന്റെ ഒരു വീഡിയോയും വൈറലാകുന്നുണ്ട്. രേഖാചിത്രത്തില്‍ ചെറിയ വേഷം ചെയ്ത നടിയായ സുലേഖയെ നടൻ ആശ്വസിപ്പിക്കുന്ന വീഡിയോയാണത്. രേഖാചിത്രത്തിൽ സുലേഖയ്ക്ക് രണ്ട് ഷോട്ടുള്ള ഒരു സീനില്‍ ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോൾ ആ സീൻ സിനിമയിൽ ഉണ്ടായിരുന്നില്ല. ലെങ്ത്ത് കൂടിയതിനാൽ എഡിറ്റിങ്ങിന്റെ സമയത്ത് ചില സീനുകള്‍ മുറിച്ചുമാറ്റിയപ്പോള്‍ ആ ഷോട്ടുകളും അതില്‍പെട്ടു. ഇതോടെ ആദ്യമായി അഭിനയിച്ച ചിത്രം കാണാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമെത്തിയ സുലേഖ സങ്കടം താങ്ങാനാകാതെ കരഞ്ഞു.
ഇത് ശ്രദ്ധയിൽപ്പെട്ട ആസിഫ് അലി സുലേഖയുടെ അടുത്ത് ചെന്ന് ആശ്വസിപ്പിക്കുകയും അടുത്ത സിനിമയിൽ അഭിനയിക്കാൻ അവസരവും വാഗ്ദാനം ചെയ്തു. ആസിഫ് അലിക്കൊപ്പമുള്ള കോമ്പിനേഷൻ സീനിയാരുന്നുവത്രെ. ചെറിയ ഹ്യൂമറുള്ള സീനായിരുന്നുവെന്നും പക്ഷെ ഉൾപ്പെടുത്താൻ കഴിയാതെ പോയി എന്നുമാണ് ആസിഫ് അലി പ്രതികരിച്ച് പറഞ്ഞത്.
ചേച്ചി എന്നോട് ക്ഷമിക്കണം. വിഷമമായിപ്പോയിയെന്ന് എനിക്ക് അറിയാം. അടുത്ത സിനിമയിൽ നമുക്ക് ഒരുമിച്ച് അഭിനയിക്കാം. പറ്റിപ്പോയതാണ് ചേച്ചി. നല്ല രസമുള്ള സീനായിരുന്നു. ചേച്ചി രസമായി ചെയ്തിട്ടുമുണ്ടായിരുന്നു. ചില സിനിമകളിൽ ലെങ്ത്ത് പ്രശ്നം വരുമല്ലോ... അടുത്ത പടത്തിൽ ചേച്ചിക്ക് എന്തായാലും റോളുണ്ടാകുമെന്നാണ് ആസിഫ് അലി സുലേഖയെ സമാധാനിപ്പിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞത്.

തനിക്ക് വിഷമമില്ലെന്നും ഇപ്പോൾ അതിനേക്കാൾ സന്തോഷമായി എന്നുമാണ് സുലേഖ ആസിഫിനെ കണ്ടശേഷം പ്രതികരിച്ചത്. ഇനി കരയരുത് എന്ന് കൂടി പറഞ്ഞശേഷമാണ് ആസിഫ് സുലേഖയെ പറഞ്ഞയച്ചത്. വീഡിയോ അതിവേഗത്തിൽ വൈറലായപ്പോൾ ഒപ്പം പ്രവർത്തിച്ചവരെ കൂടി മനസിലാക്കാൻ ശ്രമിക്കുന്ന ആസിഫിന്റെ മനസിനെയാണ് പ്രേക്ഷകർ പ്രശംസിക്കുന്നത്. ചേർത്തുപിടിക്കുക എന്ന വാക്കിന് ഇത്ര ഭംഗിയുണ്ടന്ന് മനസിലായത് ഇപ്പോഴാണ് എന്ന തരത്തിലാണ് കമന്റുകൾ.
വിനയം എളിമ അതാണ് ഒരു കലാകാരന്റെ മഹത്വം, ചിലപ്പോൾ ആ സിനിമയിൽ ചേച്ചിയെ കാണിച്ചിരുന്നെങ്കിൽ ഇത്ര അറിയപ്പെടില്ലായിരുന്നു. ചേച്ചി ശരിക്കും സ്റ്റാർ ആയത ഇപ്പോഴാണ്, സ്വന്തം മകനെ പോലെ ചേർത്ത് പിടിച്ചു, സിനിമയിൽ കാണിച്ചില്ലങ്കിൽ എന്താ അതിനേക്കാൾ ആളുകൾ ശ്രദ്ധിച്ചു.
ആസിഫ് അലി വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു, ഇതിൽ കൂടുതൽ എന്ത് വേണം... ഇതാണ് ആസിഫ്, സിനിമയെക്കാൾ നല്ലൊരു സീൻ... ജാട ഇല്ലാത്ത മനുഷ്യൻ എന്നിങ്ങനെയായിരുന്നു കമന്റുകൾ. താരമാണെന്ന ഭാവമോ ജാഡയോ കാണിക്കാത്ത വ്യക്തിത്വമാണ് ആസിഫിന്റേത്. രമേഷ് നാരായണൻ വിഷയത്തോടെ ആസിഫിന്റെ സഹജീവി സ്നേഹവും ക്ഷമയും മലയാളികൾ മനസിലാക്കിയതാണ്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.


Click it and Unblock the Notifications