'സിദ്ദിഖ് ഇക്ക അഭിനയിക്കുകയാണെന്ന് മനസിലാക്കാതെ വെള്ളവുമായി ചെന്നു, അന്ന് ഇക്ക എന്നെ അടിച്ചില്ലെന്നേയുള്ളു'
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. ഒരു പിടി നല്ല സിനിമകളുടെ ഭാഗമായതിനാൽ ഇന്നും സിദ്ധിഖിന്റെ പല സിനിമകളും മലയാളികൾ ഓർക്കുണ്ട്. 80, 90 കാലഘട്ടങ്ങളിൽ നിന്നും പുതിയ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച വളരെ വലുതായിരുന്നു. പലപ്പോഴും കഥാപാത്രമാവാൻ വേണ്ടി അദ്ദേഹം ശരീരത്തിൽ രൂപ മാറ്റം വരെ വരുത്തിയിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, ജഗതി എന്നിവരുടെ ഒപ്പം ഇരുത്താൻ യോഗ്യതയുള്ളോരു നടനാണ് സിദ്ദിഖെന്നും അദ്ദേഹത്തിൻരെ പ്രകടനം കണ്ട് പലപ്പോഴും സിനിമാപ്രേമികൾ പറയാറുണ്ട്. നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വേഷം ഏതായാലും ആ കൈകളിൽ ഭദ്രമായിരിക്കും. ഇതുപോലെ പെർഫക്ഷനോടുകൂടി കോമഡിയും സീരിയസ് റോളുകളും കൈകാര്യം ചെയ്യാൻ സിദ്ധിയുള്ള നടന്മാർ സിദ്ധിഖിനെപ്പോലെ വിരളമാണ്.

ബാലൻ വക്കീലിലെ അച്ഛൻ വേഷവും ഛോട്ടാ മുംബൈലെ മുള്ളൻ ചന്ദ്രപ്പനും അടക്കം ഒട്ടനവധി കഥാപാത്രങ്ങൾ ജനങ്ങളുടെ മനസിൽ കയറി പറ്റിയിട്ടുണ്ടെങ്കിൽ അതിനൊരു കാരണം സിദ്ദിഖ് എന്ന നടന്റെ പ്രതിഭ കൂടിയാണ്. ഒരു കാലത്ത് പോലീസ്, അധോലോക നായകൻ, ക്രിമിനൽ റോളുകളിലൊക്കെ വിലസിയിരുന്നു സിദ്ദിഖ്. മാത്രമല്ല ഇമോഷണൽ സീനുകളിലെ പ്രകടനവും ഏറെ പ്രശംസ അർഹിക്കുന്ന ഒന്നാണ്.
കഥാപാത്രത്തെ ആവാഹിച്ച് എടുക്കുന്നത് പോലെയാണ് പ്രകടനം. വേഴ്സറ്റൈൽ റോൾ ചെയ്യുന്ന കാര്യത്തിൽ ഇദ്ദേഹം എല്ലാവർക്കും ഒരു മാതൃക തന്നെയാണ്. പേരിന്റെ കൂടെ ടാഗ് ലൈൻ ഒന്നുമില്ലെങ്കിലും സിദ്ദിഖ് ഒരു കംപ്ലീറ്റ് ആക്ടർ എന്ന പദവി അർഹിക്കുന്ന നടനാണ്. അടുത്ത കാലത്തായി അച്ഛൻ വേഷങ്ങളിലാണ് സിദ്ദിഖ് ഏറെയും തിളങ്ങുന്നത്.
ഇപ്പോഴിതാ സിദ്ദിഖിനൊപ്പം സൺഡെ ഹോളിഡെയിൽ അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ ആസിഫ് അലി. സിദ്ദിഖ് ഇക്ക അഭിനയിക്കുകയാണെന്ന് മനസിലാക്കാതെ വെള്ളവുമായി ചെന്നത് അദ്ദേഹം തന്നെ തല്ലിയില്ലെന്നേയുള്ളുവെന്നാണ് ആസിഫ് അലി അടുത്തിടെ ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സൺഡെ ഹോളിഡെ ഷൂട്ട് ചെയ്യുമ്പോൾ സിദ്ദിഖയുടെ ക്യാരക്ടർ അതിന്റെ പാസ്റ്റ് പറയുന്നത് ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന സീനുണ്ട്.
വലിയ ഡയലോഗാണ് സിദ്ദിഖ് ഇക്കയ്ക്ക് ആ സീനിൽ. കുറേയുണ്ട്. അങ്ങനെ ഡയലോഗ് പറയുന്നതിന് ഇടയിൽ സിദ്ദിഖ് ഇക്ക ചുമക്കാൻ തുടങ്ങി. അപ്പോൾ ഞാൻ കട്ട് കട്ട് എന്ന് പറഞ്ഞിട്ട് വെള്ളം എടുത്ത് സിദ്ദിഖ് ഇക്കയ്ക്ക് കൊടുത്തു. അപ്പോൾ സിദ്ദിഖ് ഇക്ക എന്റെ മുഖത്തേക്ക് നോക്കി നീ എന്തിനാണ് ഇപ്പോൾ വെള്ളം തന്നതെന്ന് ചോദിച്ചു.

ഇക്ക ചുമച്ചതുകൊണ്ടാണെന്ന് ഞാൻ മറുപടി നൽകി. എടാ ഇതിന് അഭിനയമെന്ന് പറയുമെന്ന് ഉടനെ സിദ്ദിഖ് ഇക്കയുടെ മറുപടി വന്നു. ഇങ്ങനെയുള്ള ആളുകളുടെ കൂടെയാണ് നമ്മൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതൊക്കെ നമ്മൾ ശ്രദ്ധിച്ച് ഇപ്പോൾ മനസിലാക്കുന്നു. കൂടെ നിന്ന് അഭിനയിച്ചിട്ടും അദ്ദേഹം അഭിനയിക്കുകയാണെന്ന് എനിക്ക് മനസിലായില്ല.
ഞാൻ ഓർത്തത് സിദ്ദിഖ് ഇക്കയ്ക്ക് ചുമച്ചിട്ട് ഡയലോഗ് പറയാൻ പറ്റാത്തതാണെന്നാണ്. അന്ന് സിദ്ദിഖ് ഇക്ക എന്നെ അടിച്ചില്ലെന്നേയുള്ളുവെന്ന് ആസിഫ് അലി പറയുന്നു. അതുപോലെ ഒരു ടേക്ക് കഴിഞ്ഞ് പുള്ളിയുടേത് അല്ലാത്ത കാരണത്താൽ റീ ടേക്ക് പോയാൽ സിദ്ദിഖ് ഇക്ക മറ്റൊരു വീരപ്പനായിട്ട് മാറുമെന്ന് സംവിധായകൻ ജിസ് ജോയിയും ഓർത്തെടുത്ത് പറഞ്ഞു. അടുത്തിടെ ഇറങ്ങിയതിൽ സിദ്ദിഖ് വീണ്ടും പ്രകടനം കൊണ്ട് ഞെട്ടിച്ച ഒരു സിനിമ നേരായിരുന്നു.
മോഹൻലാൽ കേന്ദ്രകഥാപാത്രമായ സിനിമയിൽ പ്രകടനം കൊണ്ട് ഞെട്ടിച്ചത് അനശ്വരയും സിദ്ദിഖുമാണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയായിരുന്നു നേര്. ടർബോ, ഗോളം എന്നിവയാണ് സിദ്ദിഖിന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമകൾ.


Click it and Unblock the Notifications