'അന്ന് അനിഖയോട് ഞാൻ തമാശയ്ക്ക് പറഞ്ഞതാണ്, ഇന്ന് ആളുകൾ അവളെ എന്റെ നായികയായി സജസ്റ്റ് ചെയ്യുന്നു'; ആസിഫ് അലി
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2010ൽ തിയേറ്ററുകളിലെത്തിയ ഫീൽഗുഡ് സിനിമയായിരുന്നു കഥ തുടരുന്നു. ജയറാം, ആസിഫ് അലി, മംമ്ത മോഹൻദാസ്, കെപിഎസി ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമ ഇന്നും റിപ്പീറ്റ് വാല്യുവുള്ള ഒന്നാണ്. ചിത്രത്തിൽ ആസിഫ് അലി മംമ്തയുടെ ഭർത്താവിന്റെ വേഷമാണ് ചെയ്തത്.
വളരെ ചെറിയ സ്ക്രീൻ സ്പേസ് മാത്രമെ ചിത്രത്തിൽ ആസിഫ് അലിക്ക് ഉണ്ടായിരുന്നുള്ളുവെങ്കിൽ കൂടിയും ആസിഫിന്റെ പ്രകടനവും മംമ്തയ്ക്കൊപ്പമുള്ള ഡ്യൂയറ്റും വളരെ പോപ്പുലറാണ്.
ആ സിനിമയിൽ മംമ്തയ്ക്കൊപ്പം ഡ്യൂയറ്റ് അഭിനയിച്ച ശേഷം തനിക്ക് മംമ്തയോട് വല്ലാത്ത പ്രണയം തോന്നിയിരുന്നുവെന്ന് ആസിഫ് അലി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഋതു ചെയ്ത ശേഷം ഉടൻ തന്നെ ആസിഫ് അലി അഭിനയിച്ച സിനിമ കൂടിയായിരുന്നു കഥ തുടരുന്നു.
അതിൽ മംമ്തയുടേയും ആസിഫ് അലിയുടേയും മകളായി അഭിനയിച്ചത് യുവ നടി അനിഖ സുരേന്ദ്രനാണ്. അന്ന് വളരെ ചെറിയ കുട്ടിയായിരുന്നു അനിഖ. ഇന്ന് അനിഖ വളർന്ന് നായികയായി മാറി കഴിഞ്ഞു.

അനിഖ, മെല്‍വിന്‍.ജി.ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ്.കെ.ജോയിയാണ് ചിത്രത്തിന്റെ തിരക്കഥ. ഇപ്പോഴിത അനിഖയ്ക്കൊപ്പം കഥ തുടരുന്നു സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലിയും മംമ്ത മോഹൻദാസും.

'ഞാൻ ആ സിനിമ തിയേറ്ററിൽ കണ്ടിറങ്ങിയ ശേഷം എനിക്ക് തോന്നിയ അതേ ചിന്ത തന്നെയാണ് എന്റെ സുഹൃത്തിനും തോന്നിയത്. ആ കൊച്ചിന് മാങ്ങ ചോദിക്കാൻ കണ്ട നേരമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ആ സിനിമയിൽ മുഴുവൻ ഉണ്ടാകുമായിരുന്നു.'
'ഇപ്പോഴും എന്റെ മോൾ ഹയ കഥ തുടരുന്നുവിലെ പാട്ട് കാണുമ്പോൾ ചോദിക്കും അത് ആരാണ് എന്റെ മടിയിൽ ഇരിക്കുന്ന കുട്ടിയെന്ന്. അന്ന് അനിഖയെ മടിയിലിരുത്തി കീ ബോർഡ് വായിച്ച് കൊടുക്കുമ്പോൾ ഞാൻ അവളോട് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട് നീ ഭാവിയിൽ എന്റെ ഹീറോയിനായി അഭിനയിക്കുമെന്ന്.'

'അന്ന് അത് തമാശയ്ക്ക് പറഞ്ഞതാണ്. ഇപ്പോൾ ഞാൻ കഥ കേൾക്കുമ്പോൾ നായികയുട കാര്യം പറയുമ്പോൾ അനിഖയെ പലരും എനിക്ക് സജസ്റ്റ് ചെയ്യാൻ തുടങ്ങി' ആസിഫ് അലി പറഞ്ഞു. അനിഖ വളരെ നാച്വറലായി അഭിനയിച്ചുവെന്നാണ് മംമ്ത അനിഖയെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
വളരെ വർഷങ്ങൾക്ക് ശേഷം ആസിഫ് അലിയും മംമ്ത മോഹൻദാസും നായകനും നായികയുമാകുന്ന മഹേഷും മാരുതിയും റിലീസിന് തയ്യാറെടുക്കുകയാണ്. അതിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ.

എൺപതുകളിലെ ഒരു മാരുതി കാറിനെയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരൻ്റെ ത്രികോണ പ്രണയത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ് മഹേഷിനേയും ഗൗരിയേയും അവതരിപ്പിക്കുന്നത്.
സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ പ്രദര്‍ശനത്തിനെത്തും. രസകരമായ മുഹൂര്‍ത്തങ്ങളും ഹൃദ്യമായ നിമിഷങ്ങളും ചേര്‍ന്ന ഒരു ക്ലീന്‍ എന്‍റര്‍ടെയിനറായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി.എസ്.എൽ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ ,കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.


Click it and Unblock the Notifications