'ലാലേട്ടൻ ഒരു റെസ്ലറാണ്..., മൂന്നാം മുറയുടെ സമയത്ത് ഞങ്ങൾ ടെറസിൽ വർക്കൗട്ട് ചെയ്യുമായിരുന്നു'; ബാബു ആന്റണി!
മലയാളത്തിലെ മികച്ച നടൻ ആര് എന്ന് ചോദിച്ചാൽ മലയാളികൾക്ക് രണ്ട് അഭിപ്രായം കാണും മമ്മൂട്ടിയെന്നും മോഹൻലാലെന്നും. എന്നാൽ മലയാള സിനിമയിൽ ഏറ്റവും നന്നായി ആക്ഷൻ ചെയ്യുന്ന നടൻ ആരെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം മോഹൻലാൽ എന്നായിരിക്കും.
തന്റെ അസാധ്യ മെയ്വഴക്കം കൊണ്ടും കഠിനാധ്വാനം കൊണ്ടും മോഹൻലാൽ നേടിയെടുത്ത സ്ഥാനമാണിത്. വർഷം ഇത്രകഴിഞ്ഞിട്ടും അസാധ്യമായ മെയ്വഴക്കത്തോടെ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ മോഹൻലാലിന് സാധിക്കുന്നുണ്ട്.
സിനിമയുടെയും കഥാപാത്രത്തിന്റെയും ലെവലിന് അനുസരിച്ചാണ് മോഹൻലാൽ ആക്ഷൻ സീനുകൾ ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ സ്ഥിരം പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. ഒരേ രീതി എവിടെയും അങ്ങനെ തുടരാറില്ല. ഓരോ കഥാപാത്രത്തിന്റെ റേഞ്ചിന് അനുസരിച്ച് അതുമാറികൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ ലാലേട്ടന്റെ ഫൈറ്റ് സീൻസ് കാണുമ്പോൾ ഇന്നും പ്രേക്ഷകർ ആവേശത്തോടെ നോക്കി നിൽക്കും.

ലൂസിഫറിൽ പോലീസുകാരനെ ചുമരിൽ ചേർത്ത് നിർത്തി നെഞ്ചത്ത് കാല് പാദം ഉറപ്പിച്ച് വെച്ച് മാസ് കാണിക്കുന്ന ലാലേട്ടന്റെ സീൻ ഇന്നും പ്രേക്ഷകർ ആഘോഷിക്കാറുണ്ട്. ലൂസിഫർ തെലങ്ക് അടക്കം പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തെങ്കിലും മോഹൻലാൽ ചെയ്ത ആ രംഗം ആർക്കും റീക്രിയേറ്റ് ചെയ്യാൻ സാധിച്ചില്ല. ആ രംഗത്തിന് പകരം മറ്റ് പോസുകളാണ് ചിരഞ്ജീവി അടക്കമുള്ളവർ ചെയ്തത്.
പ്രായം അറുപത്തിരണ്ടിലേക്ക് എത്തിയെങ്കിലും ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്ന കാര്യത്തിൽ ഒരുപടി പോലും പിന്നിലേക്ക് പോകാൻ തയ്യാറല്ല മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിന് ആക്ഷൻ സീനുകൾ ചെയ്യാൻ പ്രത്യേക താൽപര്യമുണ്ടെന്ന് പറയുകയാണ് നടൻ ബാബു ആന്റണി.
മൂന്നാംമുറ അടക്കമുള്ള സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് മോഹൻലാലും ബാബു ആന്റണിയും. മോഹൻലാലിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മൂന്നാംമുറ. 'ലാലേട്ടൻ ബേസിക്കിലി റെസ്ലലറാണ്. അതുകൊണ്ട് തന്നെ അതിന്റേതായ ഫ്ലക്സിബിലിറ്റിയും കാര്യങ്ങളും എപ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിന് ഉണ്ടാകും.'
'പുള്ളി റെസ്ലിങിൽ സ്റ്റേറ്റ് ചാംപ്യനോ മറ്റോ ആയിരുന്നുവെന്നാണ് അറിവ്. അതുമാത്രമല്ല പുള്ളിക്ക് ആക്ഷൻ ഇഷ്ടവുമാണ്. അത് ചെയ്യാൻ പ്രത്യേക താൽപര്യവുമുണ്ട്. മൂന്നാം മുറയുടെ സമയത്ത് ഞാനും ലാലും ഒരുമിച്ച് ടെറസിൽ വർക്ക് ഔട്ട് ചെയ്യുമായിരുന്നു.'

'ഡെയ്ലി ചെയ്യുമായിരുന്നു. രണ്ടും മൂന്നും മണിക്കൂറാണ് ആ സമയത്ത് വർക്ക് ഔട്ട് ചെയ്തിരുന്നതെന്നും', ബാബു ആന്റണി ലെറ്റ്സ് ടോക്ക് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ബോക്സിങ് പരിശീലനം നടത്തുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു.
ബോക്സിങ് കോച്ചിനോടൊപ്പമുള്ള ലാലിന്‍റെ ചിത്രവും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്നതാണ് സ്പോർട്സ് ഡ്രാമ സിനിമ. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പിന്നീട് പുറത്ത് വന്നില്ല. കേരളത്തിന്റെ ജാക്കിച്ചാനാണ് ബാബു ആന്റണി.
അദ്ദേഹത്തിന്റെ സ്റ്റൈലും ഫൈറ്റും കണ്ടാണ് ഏറെയും പേർ ആരാധകരായി മാറിയത്. ആർഡിഎക്സാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബാബു ആന്റണി സിനിമ. സമീപകാലത്ത് റിലീസ് ചെയ്ത് മലയാള സിനിമാ മേഖലയിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ആർഡിഎക്സ്.
ആക്ഷൻ ത്രില്ലർ ജോണറിൽ ഇറങ്ങിയ ചിത്രത്തിൽ ഷെയ്ൻ നിഗവും ആന്റണി വർഗീസും നീരജ് മാധവും കസറിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുക്കുകയായിരുന്നു. ബാബു ആന്റണി എന്ന ആക്ഷൻ കിങ്ങിന്റെ ഫൈറ്റ് സീൻസ് കണ്ട് തിയേറ്ററുകൾ ഹർഷാരവം കൊണ്ട് നിറഞ്ഞിരുന്നു.


Click it and Unblock the Notifications











