'മോഹൻലാലിനെക്കാളും വലിയ നടനായിരുന്നു ശങ്കർ, മമ്മൂട്ടി ഡിപ്ലോമസി നോക്കും സുരേഷ് ഗോപി അങ്ങനെയല്ല'; ബദറുദ്ദീൻ!
സിനിമ സ്വപ്നം കാണുന്ന യുവതിയുവാക്കൾ നിരവധി കേരളത്തിലുണ്ട്. താരകുടുംബത്തിൽ നിന്നുള്ളവരല്ലെങ്കിൽ ഈ മേഖലയിൽ പിടിച്ചുനിൽക്കുക സാധ്യമല്ല. ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ഓളം സൃഷ്ടിക്കാൻ സാധിച്ചാൽ മാത്രമെ തുടർന്നും അവസരങ്ങൾ തേടിയെത്തുകയുള്ളു.
പ്രതിഭാശാലികളായ നിരവധി പേർ സമൂഹത്തിൽ ഉള്ളതുകൊണ്ട് തന്നെ അവർക്കിടയിൽ നിന്നും ഒന്നാമതെത്തി അവസരം നേടിയെടുക്കുക എന്നതുപോലും എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. മറ്റുള്ള എല്ലാ ജോലികളും ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിയാൽ അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. പക്ഷെ വരുമാനം ലഭിച്ചെന്ന് വരില്ല.
അതുകൊണ്ട് തന്നെയാണ് അഭിനയമോഹം ഉണ്ടെങ്കിലും പലരും സിനിമയിലേക്ക് ഇറങ്ങാൻ മടിക്കുന്നത്.
ഇപ്പോഴിതാ സിനിമയെ ധനം സമ്പാദിക്കാനുള്ള മാർഗമായി കാണാതെ സന്തോഷത്തിനും ആത്മനിർവൃതിക്കും വേണ്ടി മാത്രം തെരഞ്ഞെടുക്കുകയാണെങ്കിൽ ജീവിതത്തിൽ സമാധാനമുണ്ടാകുമെന്ന് പറയുകയാണ് പഴയകാല നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ബദറുദ്ദീൻ. ശങ്കർ അടക്കമുള്ള താരങ്ങൾക്ക് അവസരം ലഭിക്കാതിരിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും ബദറുദ്ദീൻ സംസാരിച്ചു.

മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങൾക്കൊപ്പവും ഒരു കാലത്ത് ബദറുദ്ദീൻ പ്രവർത്തിച്ചിട്ടുണ്ട്. 'ഒരു കാലത്ത് മോഹൻലാലിനെക്കാളും വലിയ നടനായിരുന്നു ശങ്കർ. എന്നാൽ ഇന്ന് അദ്ദേഹത്തിന് സിനിമയില്ല.'
'പുള്ളിയുടെ ശൈലി ആളുകൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാകാം നിർമാതാക്കൾ ഇപ്പോൾ വിളിക്കാത്തതെന്നും അതുകൊണ്ട് തന്നെയാണ് സിനിമ ശാശ്വതമല്ലെന്ന് താൻ പറയുന്നതെന്നും', ബദറുദ്ദീൻ മാസ്റ്റർബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
'നടൻ റഹ്മാനെയും ഇപ്പോൾ ആരും വിളിക്കുന്നില്ല. എന്താണ് കാരണമെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല. പക്ഷെ സിനിമ ശാശ്വതമല്ല. അങ്ങനൊരു പ്രതിഭാസം സിനിമയിലുണ്ട്.'

'ഇവരെയൊന്നും അഭിനയിക്കാൻ വിളിക്കാത്തതെന്താണെന്ന് നിർമാതാക്കളോട് ചോദിച്ചാൽ വ്യക്തമായ കാരണം കിട്ടും. മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി എനിക്ക് ബന്ധമുണ്ട്. ശങ്കറുമായി ബന്ധമില്ല. ശങ്കർ മദ്രാസ് ബെയ്സ്ഡ് നടനായിരുന്നു. സുരേഷ് ഗോപിയുമായും നല്ല ബന്ധമുണ്ട്. അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാണ്. നല്ല മനുഷ്യനാണ്. മനസിൽ ഒന്നും വെക്കാറില്ല. എല്ലാം തുറന്നടിക്കും. മമ്മൂട്ടി പെട്ടന്ന് പ്രതികരിക്കും.'
'അതുപോലെ ബുദ്ധിയും ഡിപ്ലോമസിയും കാത്തുസൂക്ഷിക്കും. സുരേഷ് ഗോപി അത് ചെയ്യില്ല. ഇഷ്ടവും അനിഷ്ടവും തുറന്ന് പറയുമെന്നും', ബദറുദ്ദീൻ പറയുന്നു. ഇനി ഒരു സൂപ്പർസ്റ്റാർ ഉണ്ടാകില്ലെന്നും രണ്ടും നാലും വർഷം കഴിയുമ്പോൾ ആർട്ടിസ്റ്റുകൾ മാറിക്കൊണ്ടിരിക്കുമെന്നും അത്രത്തോളം ആളുകൾ സിനിമയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ബദറുദ്ദീൻ കൂട്ടിച്ചേർത്തു.
പണ്ട് മദ്രാസിൽ പോയി കഷ്ടപ്പെടാൻ തയ്യാറായാൽ മാത്രമെ അഭിനയിക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളുവെന്നും ഫിലിമിലായിരുന്നു ഷൂട്ടിങ് എന്നതുകൊണ്ട് തന്നെ അത്രത്തോളം ട്രെയിൻഡായ ആർട്ടിസ്റ്റുകളെ മാത്രമാണ് അഭിനയിപ്പിച്ചിരുന്നതെന്നും ഇന്ന് ഒരു ക്യാമറയും എഡിറ്ററുമുണ്ടെങ്കിൽ ആർക്കും നടനാകാമെന്ന സ്ഥിതിയാണെന്നും ബദറുദ്ദീൻ പറയുന്നു.
സിനിമകൊണ്ട് മാത്രമെ ജീവിക്കൂവെന്ന് തീരുമാനിച്ച് വന്നാൽ ചിലപ്പോൾ ഒന്നുമല്ലാതെയാകുമെന്നും ചിലർ മുൻവിധികളോടെയാണ് അഭിനയിക്കാൻ എത്തുന്നതെന്നും ബദറുദ്ദീൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications