'മകൾക്ക് വേണ്ടി അന്ന് ഒരുനാട് മുഴുവൻ പ്രാർത്ഥിച്ചു... ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം ലഭിച്ചു'; ബൈജു
വളരെ വർഷങ്ങളായി വില്ലൻ വേഷങ്ങളിലും ഗുണ്ടാ റോളുകളിലും ഹാസ്യ വേഷങ്ങളിലുമെല്ലാം പ്രേക്ഷകർ കാണുന്ന മുഖമാണ് നടൻ ബൈജു ഏഴുപുന്നയുടേത്. മുപ്പത് വർഷത്തിന് മുകളിലായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ബൈജു തന്റെ ഏറ്റവും പുതിയ സിനിമയായ വിശേഷം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ്. വളരെ താൽപര്യത്തോടെ താൻ ചെയ്ത കഥാപാത്രമാണ് വിശേഷത്തിലേത് എന്നാണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈഫ് നെറ്റ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്.
മുപ്പത്തിമൂന്ന് വർഷമായി മലയാള സിനിമയുടെ ഭാഗമാണ് ഞാൻ. എന്റെ ആദ്യത്തെ സിനിമ പാതി വഴിയിൽ മുടങ്ങി. പിന്നീടാണ് ഇരിക്കൂ എം.ഡി അകത്തുണ്ട് സിനിമ ചെയ്യുന്നത്. ഇപ്പോൾ വിശേഷം വരെ എത്തി നിൽക്കുകയാണ് സിനിമാ ജീവിതം.

ഇത്രയും ചെറിയ സിനിമ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. വിശേഷത്തിലെ സുഭാഷ് എന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അതൊരു വലിയ കഥാപാത്രമായിരുന്നു. അത് എനിക്ക് അവർ തരുമെന്ന് കരുതിയില്ല. മുമ്പ് ഒരുപാട് വലിയ സിനിമകളിൽ തിരക്കഥാകൃത്തൊക്കെ ആദ്യം പറഞ്ഞ് വെച്ച കഥാപാത്രം കിട്ടാതെ ചെറിയ റോളുകളിലേക്ക് എന്നെ മാറ്റിയ സ്ഥിതിയുണ്ടായിട്ടുണ്ട്.
ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. ഇപ്പോഴില്ലാ... വിശേഷത്തിന്റെ പൂജ സമയത്ത് വലിയ പരിഗണന എനിക്ക് കിട്ടിയിരുന്നു. കുടുംബത്തിലെ അംഗത്തെപ്പോലെയാണ് അവർ കണ്ടതെന്നാണ് വിശേഷം സിനിമ തനിക്ക് സെപ്ഷ്യലാകാനുള്ള കാരണം വെളിപ്പെടുത്തി ബൈജു പറഞ്ഞത്.
പുതിയ സിനിമകൾ നിരവധി വരുന്നുണ്ടെന്നും ബൈജു പറയുന്നു. അതുപോലെ ഇതുവരെയും ഒരു വർഷം പോലും ഞാൻ സിനിമയില്ലാതെ ഇരുന്നിട്ടില്ല. കൂടാതെ എന്നെ അവഗണിച്ച പടം 128 നിലയിൽ പൊട്ടിയത് കണ്ടിട്ടുണ്ടെന്നും അനുഭവം പറയവെ ബൈജു പറഞ്ഞു. പിന്നീട് നടനും സംവിധായകനുമെല്ലാമായ സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും ബൈജു സംസാരിച്ചു. ഒരു നമ്പർ വൺ ബിസിനസ് മാനാണ് സന്തോഷെന്ന് ബൈജു പറയുന്നു.
സന്തോഷ് പണ്ഡിറ്റിനെ ഞാൻ വാച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹം നിർമാതാവ് കൂടിയാണല്ലോ. അയാൾ ഒരു നമ്പർ വൺ ബിസിനസ് മാനാണ്. കൈ പിടിച്ചിരിക്കുന്ന രീതിപോലും ഇന്റർവ്യൂവിന്റെ സമയത്ത് മാത്രമുള്ളതാണ്. ബോച്ചെയും അതുപോലെ നമ്പർ വൺ ബിസിനസ് മാനാണ്. ആ ബ്രാന്റ് പുള്ളിയായി ഉണ്ടാക്കിയെടുത്താണ്. പുള്ളി ഒരുപാട് ചാരിറ്റിയും ചെയ്യുന്നുണ്ടെന്നും ബൈജു പറഞ്ഞു.

അടുത്തിടെയായിരുന്നു ബൈജുവിന്റെ മകൾ അനീറ്റയുടെ വിവാഹം. സർജനായ സ്റ്റെഫാനാണ് അനീറ്റയെ വിവാഹം ചെയ്തത്. ആഡംബരമായി നടന്ന എൻഗേജ്മെന്റ്, വിവാഹ ആഘോഷങ്ങളിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ അടക്കം പങ്കെടുത്തു. ഇപ്പോഴിതാ മകളുടെ വിവാഹത്തെ കുറിച്ച് തനിക്ക് ഉണ്ടായിരുന്ന സ്വപ്നങ്ങളും ബൈജു വെളിപ്പെടുത്തി. വിശേഷം റിലീസ് ചെയ്ത അടുത്ത ദിവസമായിരുന്നു മോളുടെ എൻഗേജ്മെന്റ്.
മോളെ ഡോക്ടറാക്കണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. എന്റെ സ്വപ്നങ്ങളെല്ലാം ദൈവം സാധിച്ച് തന്നു. എന്റെ മോളെ വിവാഹം കഴിക്കുന്നയാളും ഡോക്ടറാകണമെന്ന് എനിക്കുണ്ടായിരുന്നു. ഞാൻ എപ്പോഴും പറയും ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം ലഭിച്ചുവെന്ന്. മോളുടെ ഭർത്താവിന്റെ വീട്ടിൽ എല്ലാവരും ഡോക്ടേഴ്സാണ്. എളിമയുള്ള കുടുംബമാണ്. രണ്ട് ആശുപത്രികൾ അവർക്കുണ്ട്.
എൻഗേജ്മെന്റ് സമയത്ത് ഒരുനാട് മുഴുവൻ പ്രാർത്ഥിച്ചു. അതുകൊണ്ട് തന്നെ മഴയടക്കമുള്ള തടസങ്ങൾ മാറി നിന്നു. വലിയൊരു അനുഗ്രഹത്താലാണ് എൻഗേജ്മെന്റ് നടന്നതെന്നാണ് ബൈജു ഏഴുപുന്ന മകളെ കുറിച്ച് പറഞ്ഞത്. ആഡംബര കാറാണ് മരുമകന് സമ്മാനമായി ബൈജു നൽകിയത്.


Click it and Unblock the Notifications











