അമ്പത് രൂപയാണ് അന്ന് കിട്ടിയത്! അഭിനയിച്ചപ്പോള്‍ 500 രൂപയായി; കാശ് വാങ്ങാതെയും അഭിനയിക്കാറുണ്ടെന്ന് ബൈജു
ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടന്മാര്‍ മലയാള സിനിമയില്‍ വളരെ കുറവാണ്. എന്നാല്‍ ബാലതാരത്തില്‍ നിന്നും വളര്‍ന്ന് ഇന്ന് പ്രമുഖ നടന്മാരില്‍ ഒരാളായി മാറിയ താരമാണ് ബൈജു സന്തോഷ്. മണിയന്‍പിള്ള അഥവ മണിയന്‍പിള്ള എന്ന സിനിമയിലൂടെയാണ് നടന്‍ ആദ്യമായി അഭിനയിക്കുന്നത്.
പന്ത്രണ്ട് വയസില്‍ തുടങ്ങിയ അഭിനയ ജീവിതം ഇപ്പോഴും സജീവമായി കൊണ്ട് പോവുകയാണ് താരം. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെ കുറിച്ചും പ്രതിഫലമായി ലഭിച്ച തുക എത്രയാണെന്നും വെളിപ്പെടുത്തുകയാണ് താരം. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍.

ആദ്യമായി സിനിമയിലേക്ക് വന്നതിനെ കുറിച്ചായിരുന്നു ബൈജു സംസാരിച്ചത്. 'ബാലചന്ദ്ര മേനോനുമായിട്ടുള്ള പരിചയം അദ്ദേഹമാണ് എന്നെ ആദ്യമായി സിനിമയിലേക്ക് കൊണ്ട് വരുന്നത്. സ്‌കൂളില്‍ നിന്നും പിടിച്ച് കൊണ്ട് വരികയായിരുന്നു. മണിയന്‍പിള്ള അഥവ മണിയന്‍പിള്ള എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.
അതിന് ശേഷം അഭിനയിച്ച സിനിമയില്‍ അത്യാവശ്യം വലിയ റോളാണ് ചെയ്തത്. ലാലേട്ടന്റെ അഞ്ചാമത്തെ പടമോ മറ്റോ ആണത്. നെടുമുടി വേണു ചേട്ടനാണ് അതില്‍ പ്രധാനപ്പെട്ട റോളില്‍ അഭിനയിച്ചത്. മാത്രമല്ല തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലത്തെ പറ്റിയും ബൈജു പറഞ്ഞു.
ആദ്യം ഡബ്ബ് ചെയ്തപ്പോള്‍ പ്രതിഫലമായി കിട്ടിയത് അമ്പത് രൂപയായിരുന്നു. പിന്നെ അഭിനയിച്ചപ്പോള്‍ കിട്ടിയത് അഞ്ഞൂറ് രൂപയാണ്. പിന്നെ കയറി കയറി വന്നു. ഇപ്പോള്‍ അത്യാവശ്യം നല്ല ശമ്പളം വാങ്ങിക്കുന്നുണ്ട്. പ്രതിഫലത്തെ കുറിച്ച് നേരത്തെ തന്നെ പറയാറുണ്ട്. നല്ല തുകയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കാനും പോവില്ല. എന്ന് കരുതി ഭീമമായ തുകയൊന്നും പറയാറില്ല. എനിക്ക് അര്‍ഹമായ കാശ് മാത്രമേ ഞാന്‍ ചോദിച്ചിട്ടുള്ളു.
ആ പ്രൊജക്ട് എന്താണെന്നും അതിന്റെ രീതികളുമൊക്കെ നമ്മളും നോക്കണം. ആരൊക്കെ അഭിനയിക്കുന്നു, അതിന്റെ സാധ്യതകള്‍ എന്തൊക്കെയാണ് എന്നൊക്കെ നോക്കണം. അങ്ങനെ നോക്കിയിട്ട് പൈസ കുറച്ചും താന്‍ അഭിനയിച്ചിട്ടുണ്ട്. അല്ലാതെ വലിയ തുക ചോദിച്ചിട്ട് അവസരം നഷ്ടപ്പെടാനും പാടില്ലല്ലോ എന്നും' ബൈജു പറയുന്നു.

ഇതിനിടയില്‍ കാശ് വാങ്ങാതെ അഭിനയിച്ച സിനിമകളുമുണ്ട്. ദിനേശ് പണിക്കരുടെ ഒരു പടത്തില്‍ പൈസ വാങ്ങിയിരുന്നില്ല. ജഗദീഷേട്ടനൊക്കെ അഭിനയിച്ചിട്ടുള്ള ചിരിക്കുടുക്ക എന്ന സിനിമയായിരുന്നു അത്. പുള്ളിയെ സഹായിക്കാന്‍ വേണ്ടി ചെയ്തതാണ്. അതുപോലെ ടികെ രാജീവ് കുമാറിന്റെ കോളാമ്പി എന്ന സിനിമയില്‍ അഭിനയിച്ചതും പൈസ വാങ്ങിക്കാതെയാണ്.
വേറെ ചില സിനിമകളില്‍ തുക പറഞ്ഞ് അഭിനയിച്ചിട്ടും അവസാനം പൈസ തികയാതെ വന്നപ്പോള്‍ നമ്മള്‍ ബാക്കി വാങ്ങിക്കാതെ വിട്ട് കളയുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഷൂട്ടിങ്ങിന് ഇടയില്‍ പൈസ ചോദിച്ച് ശല്യപ്പെടുത്തുന്ന സ്വഭാവം എനിക്കില്ല.
അഡ്വാന്‍സ് വാങ്ങി കഴിഞ്ഞാല്‍ എത്രയും വേഗം സിനിമ തീര്‍ക്കുക എന്നതാണ് എന്റെ ലക്ഷ്യം. പൈസ എപ്പോഴാണെങ്കിലും കിട്ടുമല്ലോ. അതിനിടയില്‍ പൈസ ചോദിച്ച് ആരെയും ശല്യപ്പെടുത്താറില്ല. ഇങ്ങോട്ട് തരികയാണെങ്കില്‍ വാങ്ങും. അല്ലാതെ ആരെയും ബുദ്ധിമുട്ടിക്കില്ല. എനിക്ക് മര്യാദയുണ്ട്. പക്ഷേ എത്ര പേര്‍ക്ക് ഈ മര്യാദയുണ്ടെന്ന് നോക്കിയാല്‍ ആരുമുണ്ടാവില്ല.


Click it and Unblock the Notifications











