'ഞാൻ വാക്ക് പാലിക്കുന്നുണ്ട്... നിങ്ങളും പാലിക്കുന്നതല്ലേ ന്യായം'; മകളെ വലിച്ചിട്ട് വീഡിയോ ചെയ്യരുതെന്ന് ബാല
കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മുൻ ഭാര്യ അമൃത സുരേഷുമായും മകൾ അവന്തികയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി നിരന്തരം നടൻ ബാല വീഡിയോകൾ പങ്കുവെക്കുകയും അഭിമുഖങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നു. അവയിൽ മിക്കതിലും അമൃതയേയും കുടുംബത്തേയും മോശമായി ചിത്രീകരിച്ചാണ് ബാല സംസാരിക്കാറുണ്ടായിരുന്നത്. മകൾ തന്റെ അടുത്തേക്ക് വരാത്തതിന് പിന്നിലും തനിക്ക് കാണാൻ സാധിക്കാത്തതിന് പിന്നിലും അമൃതയാണെന്നും ബാല ആരോപിച്ചിരുന്നു.
നിരന്തരമായി അമ്മയ്ക്കെതിരെ അച്ഛൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നാല് ദിവസം മുമ്പ് മകൾ അവന്തിക തന്നെ ബാലയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. അച്ഛനായ ബാലയെ കാണാനോ സംസാരിക്കാനോ ആ സ്നേഹം അനുഭവിക്കാനോ താൽപര്യമില്ലെന്നാണ് അവന്തിക വീഡിയോയിൽ പറഞ്ഞത്. തന്നേയും അമ്മയേയും സമാധാനമായി ജീവിക്കാൻ അനുവദിക്കണമെന്നും അവന്തിക വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.

മകളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇതുവരെ പറയാതെ മൂടിവെച്ചിരുന്ന പല കാര്യങ്ങളും അമൃതയും വെളിപ്പെടുത്തി രംഗത്ത് എത്തി. ബാലയിൽ നിന്നും കൊടിയ പീഡനം അനുഭവിച്ചതിനാലാണ് താൻ വിവാഹമോചനം നേടിയതെന്നാണ് അമൃത പറഞ്ഞത്. അമൃത മാത്രമല്ല ബാലയിൽ നിന്നും ഉണ്ടായ മോശം അനുഭവങ്ങൾ വെളിപ്പെടുത്തി നടന്റെ മുൻ ഡ്രൈവറും രംഗത്ത് എത്തിയിരുന്നു.
അമൃത ബാലയിൽ നിന്നും അനുഭവിച്ച പീഡനങ്ങൾ അറിയാവുന്നവരും അമൃതയ്ക്ക് വേണ്ടി സംസാരിച്ച് എത്തിയിരുന്നു. മകളുടെ വീഡിയോ പുറത്ത് വന്നശേഷം ഒരിക്കൽ മാത്രമാണ് ബാല വീഡിയോയുമായി എത്തിയത്. ഇനിയൊരിക്കലും താൻ മകളെ വിഷമിപ്പിക്കില്ലെന്നാണ് ബാല ഇമോഷണലായി പറഞ്ഞത്. ഇപ്പോഴിതാ താനും അമൃതയുമായുള്ള പ്രശ്നം വലിയ ചർച്ചയായതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബാല. തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവരോട് അത് അവസാനിപ്പിക്കാനാണ് പുതിയ വീഡിയോയിലൂടെ ബാല ആവശ്യപ്പെട്ടത്.
എല്ലാവർക്കും നമസ്കാരം... കഴിഞ്ഞ വീഡിയോയിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു ഇനി തൊട്ട് ഒരു കാര്യത്തിലും സംസാരിക്കില്ലെന്ന്. ആ വാക്ക് ഞാൻ പാലിക്കുന്നുണ്ട്... ഇനിയും പാലിക്കും. എന്റെ മകൾ പറഞ്ഞ വാക്കുകളെ ഞാൻ ബഹുമാനിക്കുന്നു. എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്. അതുകൊണ്ട് അതേ കുറിച്ച് തർക്കിക്കാനോ നാല് പേര് സംസാരിക്കാനോ നിൽക്കരുത്. എന്റെ ചോര... എന്റെ മകൾ. ഞാൻ മാറി നിൽക്കുമെന്നാണ് പറഞ്ഞത്.
ഞാൻ മാറി നിൽക്കുന്ന സമയത്ത് എല്ലാവരും വന്ന് അഭിപ്രായം പറയുന്നത്... നമ്മൾ ആ വാക്കുകൾ റെസ്പെക്ട് ചെയ്യണം. പത്ത് വർഷം ഞാൻ ഫൈറ്റ് ചെയ്തു. ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ മാർഗവും നോക്കിയതാണ്. സോഷ്യൽമീഡിയ മാത്രമല്ല. അതിന് കാരണം ഞാൻ ആത്മാർത്ഥമായാണ് സ്നേഹിച്ചത് എന്നതാണ്.

ഒരു സിറ്റുവേഷനിൽ അവർ തന്നെ അത് ഹർട്ടാകുന്നുണ്ടെന്ന് പറയുമ്പോൾ ആ വാക്കുകൾ നമ്മൾ ബഹുമാനിക്കണം. പറഞ്ഞ വാക്ക് വാക്കായിരിക്കും. ഇത് പറഞ്ഞിട്ട് മൂന്ന് ദിവസമായിട്ട് ആരാണ് ക്യാംപെയ്നിങ് നടത്തുന്നത്. എന്നെ വിളിച്ച ഒരു മീഡിയയ്ക്കും അഭിമുഖം തരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഇതിനെ കുറിച്ച് ഇനി ആര് ചോദിച്ചാലും വാ തുറന്ന് ഒന്നും ഞാൻ സംസാരിക്കില്ല.
പക്ഷെ ആരെന്ന് പോലും അറിയാത്ത ആളുകൾ വന്ന് ഈ ടോപ്പിക്ക് എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ്. അവരെല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ. ഞാൻ കളി നിർത്തി. വിഷമിക്കേണ്ട... എല്ലാം നന്മയ്ക്കാണ്... ഞാൻ മടങ്ങുവാണ്. ദയവ് ചെയ്ത് എന്റെ മകളുടെ വാക്കുകൾക്ക് റെസ്പെക്ട് കൊടുക്കണം. ഞാൻ നിർത്തിയല്ലോ... ചില ചെറിയ ആളുകൾ വന്ന് അവരുടെ എക്സ്പീരിയൻസ് എന്നൊക്കെ പറയുന്നുണ്ട്.
അതും പാപ്പുവിനെ വേദനിപ്പിക്കുകയല്ലേ. എന്നെ വിട്ടേയ്ക്കു... ഞാൻ എന്റെ വാക്കുകൾ പാലിക്കുന്നുണ്ട്. നിങ്ങളും പാലിക്കുന്നത് അല്ലേ ന്യായം. ചിന്തിച്ച് നോക്കി നിർത്തുക എന്നാണ് ബാല പുതിയ വീഡിയോയിൽ പറഞ്ഞത്. എന്നാൽ പഴയതുപോലെ നടനെ പിന്തുണയ്ക്കുന്നവരെ കമന്റ് ബോക്സിൽ കാണാനില്ല. കൂടുതലും ഹേറ്റ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications