കുറ്റപ്പെടുത്തിയെങ്കിലും വിരോധമില്ല..., എലിസബത്തിനോട് ബഹുമാനമെന്ന് ബാല, മുൻ ഭാര്യമാരെ മറക്കാൻ നടനോട് ആരാധകർ!
വിവാഹ ജീവിതത്തിൽ രണ്ട് തവണ പരാജയപ്പെട്ട വ്യക്തിയാണ് നടൻ ബാല. ബന്ധങ്ങളിലെ വിള്ളൽ ബാലയുടെ മനസിനെ മാത്രമല്ല കരിയറിനെയും സാരമായി ബാധിച്ചിരുന്നു. ആദ്യ ഭാര്യയായ അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം അതിൽ നിന്നും പുറത്ത് കടക്കാൻ നടന് പത്ത് വർഷത്തോളം സമയമെടുത്തു. അതിനിടയിൽ കരിയറിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരു കാലത്ത് മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ബാല ഭാഗമായിരുന്നു.
എന്നാൽ വിവാഹ ജീവിതത്തിലുണ്ടായ തകർച്ചകൾക്കുശേഷം നല്ല സിനിമയുടെ ഭാഗമാകാനുള്ള ശ്രമങ്ങൾ പോലും ബാലയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ബിഗ് ബിയിലേയും പുതിയ മുഖത്തിലേയും ബാലയെ വീണ്ടും ആ പഴയ രൂപത്തിൽ സ്ക്രീൻ കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ.

അമൃതയുമായി വേർപിരിഞ്ഞശേഷം ബാലയുടെ ജീവിതത്തിലേക്ക് വന്നത് എലിസബത്തായിരുന്നു. ഒരു വർഷം മുമ്പ് എലിസബത്തും ബാലയുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. ഡോക്ടറായ എലിസബത്ത് അഹമ്മദാബാദിൽ ഒരു ആശുപത്രിയിൽ ജോലി ചെയ്യുകയാണിപ്പോൾ.
നിയമപരമായി വിവാഹിതരായിട്ടില്ലാത്തതിനാൽ അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോഴുണ്ടായ കോലാഹലങ്ങളൊന്നും എലിസബത്തുമായി ബാല ബന്ധം വേർപ്പെടുത്തിയപ്പോഴുണ്ടായില്ല. വേർപിരിയാനുള്ള കാരണം പോലും ഇരുവരും ഇതുവരെയും എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. പരസ്പര ബഹുമാനത്തോടെ വേർപിരിഞ്ഞുവെന്ന തരത്തിലാണ് ബാല പലപ്പോഴും എലിസബത്തിനെ കുറിച്ച് സംസാരിക്കുമ്പോൾ പറയാറുള്ളത്.
എന്നാൽ ബാലയിൽ നിന്നും അകന്നശേഷം എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോകളെല്ലാം ചർച്ചയായിരുന്നു. സ്വന്തം പങ്കാളിയിൽ നിന്ന് താനെന്തൊക്കെ അനുഭവിച്ചുവെന്നത് പറയാതെ പറയുംപോലെയാണ് എലിസബത്ത് സംസാരിച്ചിരുന്നത്. മാത്രമല്ല ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷുമായും അവരുടെ കുടുംബവുമായും നല്ല സൗഹൃദം എലിസബത്തിനുണ്ട്.
എലിസബത്തും വളരെ വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അടുത്തിട അമൃതയും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ബാല വൈക്കത്തേക്ക് താമസം മാറിയത്. റിസോർട്ടിന് സമാനമായ ഒരു വീടാണ് കായൽ അരികത്ത് ബാലയും പുതിയ ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്.

വീണ്ടും ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ബാലയും കോകിലയും കൊച്ചിയും അവിടെയുള്ള വീടും ഉപേക്ഷിച്ച് വൈക്കത്തേക്ക് താമസം മാറിയത്. സ്വർഗം പോലെ മനോഹരമായ വീടിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബാല സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വലിയ ആർഭാടങ്ങളില്ലാത്ത വീട്ടിൽ ഇരുവരും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളെല്ലാം ബാല പങ്കിട്ട വീഡിയോയിൽ കാണാം.
ബാലയ്ക്കും ഭാര്യയ്ക്കും നിരവധി ആരാധകരാണ് ആശംസകളും പ്രാർത്ഥനകളും നേർന്ന് എത്തിയത്. അക്കൂട്ടത്തിൽ ഒരാൾ കുറിച്ച കമന്റും ബാല നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഞാൻ എലിസബത്തിനെ ബഹുമാനിക്കുന്നു. നല്ല പെൺകുട്ടിയായിരുന്നു അവർ എന്നാണ് ഒരാൾ കുറിച്ചത്. ഉടൻ ബാലയുടെ മറുപടി എത്തി.
താനും എലിസബത്തിനെ ബഹുമാനിക്കുന്നുവെന്നാണ് ബാല കുറിച്ചത്. എലിസബത്തുമായി വേർപിരിഞ്ഞിട്ട് ഒരു വർഷത്തിന് മുകളിലായെങ്കിലും ഇന്നേവരെ എലിസബത്തിനെ കുറ്റപ്പെടുത്തി ബാല സംസാരിച്ചിട്ടില്ല.
ആരാധകന്റെ കമന്റും ബാലയുടെ മറുപടിയും വൈറലായപ്പോൾ മുൻ ഭാര്യമാരെ മറന്ന് കോകിലയ്ക്കൊപ്പം സന്തോഷമായി കഴിയാനാണ് ആരാധകർ നടനെ ഉപദേശിക്കുന്നത്. അമൃതയേയും എലിസബത്തിനേയും മറന്ന് കളയാനും ചിലർ ബാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന് അറിയാതെ കമന്റ് ഇട്ടതിന് ആരാധകനെയും മറ്റ് ചിലർ വിമർശിച്ചു. ഒരു മാസം മുമ്പാണ് മാമന്റെ മകളായ കോകിലയെ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തി ബാല സ്വന്തമാക്കിയത്. ഒരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് വന്ന് കൂടുതൽ സന്തോഷത്തിൽ ജീവിക്കണമെന്ന ആഗ്രഹവും ബാലയ്ക്കുണ്ട്.


Click it and Unblock the Notifications