'പറയാൻ അർഹതയുണ്ടോയെന്ന് അറിയില്ല... ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ല'; പുതിയ വീഡിയോയുമായി ബാല!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നതും വാർത്തകളിൽ നിറയുന്നതുമായ ഒരു വിഷയം അമൃത സുരേഷും ഗോപി സുന്ദറും വേർപിരിഞ്ഞു എന്നതാണ്. അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങളും പ്രണയം പരസ്യപ്പെടുത്തി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റും ഇപ്പോൾ ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പേജിൽ കാണാനില്ല. മാത്രമല്ല എപ്പോഴും ഗോപി സുന്ദറിനെ കുറിച്ച് കുറിപ്പോ സ്റ്റോറിയോ പങ്കുവെക്കാറുള്ള അമൃത അതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്.
ഇരുവരും പ്രണയം അവസാനിപ്പിച്ചുവന്ന തരത്തിൽ ഗോസിപ്പുകൾ വരുന്നുണ്ടെങ്കിലും താരങ്ങൾ ഇതുവരെയും വാർത്തകളോട് പ്രതികരിച്ചിട്ടില്ല. അതേസമയം അമൃത സുരേഷിന്റെ മുൻ ഭർത്താവും നടനുമായ ബാല ഭാര്യഭർതൃ ബന്ധത്തെ കുറിച്ച് മനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഏറ്റവും പവിത്രമായ ബന്ധമാണ് ഭാര്യക്കും ഭർത്താവിനും ഇടയിലുള്ളതെന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ലെന്നുമാണ് ബാല പറയുന്നത്.

എന്നാൽ അമൃതയുടെയോ ഗോപി സുന്ദറിന്റെയോ പേര് ബാല പരമർശിച്ചിട്ടില്ല. ഇളയരാജ സംഗീതം നൽകിയ രാസാത്തി ഉന്നൈ കാണാതെ നെഞ്ച്... എന്ന ഗാനം ഭാര്യ എലിസബത്തിനൊപ്പം ആലപിച്ചുകൊണ്ടാണ് ബാലയുടെ വീഡിയോ ആരംഭിക്കുന്നത്. എലിസബത്തിന്റെ ആവശ്യപ്രകാരമാണ് ബാല പാട്ട് ഭാര്യയ്ക്കൊപ്പം പാട്ട് പാടുന്നത്.
പിന്നീടാണ് ഭാര്യഭർതൃ ബന്ധം എത്രത്തോളം പവിത്രമായതാണെന്നതിനെ കുറിച്ച് ബാല വിശദീകരിച്ചത്. നടൻ മമ്മൂട്ടി മുമ്പൊരിക്കൽ ഒരു സ്റ്റേജിൽ പറഞ്ഞ വാക്കുകൾ കൂടി കടമെടുത്ത് കൊണ്ടാണ് നടൻ സംസാരിച്ച് തുടങ്ങുന്നത്. 'ഒരു സ്റ്റേജിൽ വെച്ച് നമ്മുടെ സ്വന്തം മമ്മൂക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്.'
'ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുമ്പൊരു അഭിമുഖത്തിലും ഞാൻ ഇത് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരേ ഒരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്ത ബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല. രക്തബന്ധം ഇല്ലാത്തതിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്.'
'എനിക്ക് പറയാൻ അർഹതയുണ്ടോ യോഗ്യതയുണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജെനറലായി എടുത്താൽ മതി. ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും.'

'ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമ്മൾക്ക് പറയാൻ ആകില്ല. അങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും പുറത്ത് നിന്നും കാണുന്ന ആളുകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. അങ്ങനെ അഭിപ്രായം പറയാനുള്ള അവകാശം കാണുന്ന ആളുകൾക്ക് ഇല്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്മെന്റെന്നും', പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിച്ചത്.
ബാലയുടെ വീഡിയോ വൈറലായതോടെ നിരവധി ആരാധകർ കമന്റുമായി എത്തി. അമൃത-ഗോപി സുന്ദർ ബന്ധത്തെ കുറിച്ച് ബാല പറയാതെ പറഞ്ഞുവെന്ന തരത്തിലാണ് കമന്റുകൾ ഏറെയും. കൂടാതെ സർജറിക്ക് ശേഷം ബാല-എലിസബത്ത് ജീവിതത്തിൽ വന്ന മാറ്റം എല്ലാ വീഡിയോയിലും വ്യക്തമാണെന്നും ആരാധകർ കുറിച്ചു.


Click it and Unblock the Notifications