'മകളെ എന്നെ കാണിക്കാറില്ല... ഞാൻ ഇപ്പോഴും ഒരുപാട് ശ്രമിക്കുന്നുണ്ട്, ദൈവത്തെ ഞാൻ കുറ്റപ്പെടുത്താറില്ല'; ബാല!
തമിഴ്നാട് സ്വദേശിയാണെങ്കിലും കേരളത്തിൽ ജനിച്ച് വളർന്ന് മലയാളത്തിൽ ശോഭിച്ച ഒരു നടൻ എന്ന രീതിയിലാണ് ബാലയെ മലയാളി പ്രേക്ഷകർ സ്നേഹിക്കുന്നത്. മലയാളം സിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയശേഷം ഒട്ടനവധി പരാജയങ്ങളും ജീവിതത്തിൽ തിരിച്ചടികളും ബാലയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വർഷങ്ങളായി ബാല കൊച്ചിയിലാണ് താമസം. അച്ഛനും ജേഷ്ഠനുമെല്ലാം തമിഴ് സിനിമാ പാരമ്പര്യമുള്ളവരാണെങ്കിലും ബാലയ്ക്ക് ചുവടുറപ്പിക്കാനുള്ള സ്പേസ് കിട്ടിയത് മലയാളത്തിലാണ്.
ബിഗ് ബിയുടെ റിലീസിന് ശേഷം പെൺകുട്ടികളുടെ വലിയൊരു ആരാധനവൃന്ദം ബാലയ്ക്ക് ചുറ്റുമുണ്ടായിരുന്നു. ആദ്യത്തെ വിവാഹജീവിതം പരാജയപ്പെട്ടശേഷമാണ് ബാലയുടെ തകർച്ച തുടങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയാറുള്ളത്. ഗായിക അമൃത സുരേഷിനെ ബാല പ്രണയിച്ച് വിവാഹം ചെയ്താണ്. എന്നാൽ മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക പിറന്നശേഷം രണ്ടുപേരും വിവാഹബന്ധം വേർപ്പെടുത്തി.

വിവാഹം എന്നത് അമൃത എടുത്ത് ചാടി എടുത്തൊരു തീരുമാനമായിരുന്നുവെന്നാണ് അമൃതയുടെ മാതാപിതാക്കൾ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്. ബാലയുടെ മകൾ അവന്തിക അമൃതയുടെ സംരക്ഷണയിലാണ്. ബാല കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ അമൃതയും മകളും ബാലയെ കാണാൻ എത്തിയിരുന്നു.
വളരെ നാളുകൾക്ക് ശേഷം അന്നാണ് ബാല മകളെ കണ്ടത്. ബാല അതീവഗുരുതരാവസ്ഥയിലാണെന്നും മകളെ ഒരു തവണയെങ്കിലും ബാലയെ കാണിക്കണമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അടക്കം ആവശ്യപ്പെട്ടപ്പോഴാണ് അമൃതയും കുടുംബവും മകളുമായി ആശുപത്രിയിൽ എത്തിയത്. ബാലയുമായി വേർപിരിഞ്ഞ അമൃത വർഷങ്ങളായി സിംഗിൾ മദറായി ജീവിക്കുകയായിരുന്നു.
ഒരു വർഷം മുമ്പാണ് ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായത്. പക്ഷെ ഇരുവരും വിവാഹിതരായോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല. മകൾക്ക് ഗോപി സുന്ദറിനെ വലിയ ഇഷ്ടമാണെന്ന് അമൃതയും പറഞ്ഞിരുന്നു. മകളെ തന്നെ കാണിക്കാറില്ലെന്നാണ് ബാല ന്യൂസ് 18 മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞത്. മകളുമായുള്ള റാപ്പോ എങ്ങനെയാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബാല.
'എന്നെ സംബന്ധിച്ചിടത്തോളം ഞാൻ മലയാളം കറക്ടായി സംസാരിക്കുന്നുവെന്നാണ് തോന്നാറുള്ളത്. ഇന്നുവരെ ഞാൻ ദൈവത്തെ കുറ്റം പറഞ്ഞിട്ടില്ല. ചിലർ ചില വിഷയങ്ങൾ അനുഭവിക്കണം. അത് അനുഭവിച്ചാൽ മറ്റുള്ളവരുടെ കഷ്ടവും മനസിലാകും. ചിലപ്പോൾ നമുക്ക് അവരെ ഹെൽപ്പ് ചെയ്യാൻ പറ്റും.'

'ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നത് എനിക്ക് എന്ത് സംഭവിച്ചാലും എന്റെ മകൾ നന്നായിരിക്കണമെന്നാണ്. മകളെ എന്നെ കാണിക്കാറില്ല. കോൺടാക്ടില്ലെന്ന് പറയാനാകില്ല. കാണിക്കാറില്ലെന്ന് പറയാൻ പറ്റും. അത് രണ്ടിനും വ്യത്യാസമുണ്ട്. ഇപ്പോഴും ഞാൻ കുറെ ശ്രമിക്കുന്നുണ്ട്. പിന്നെ എല്ലാവരോടും പറയാനുള്ള ഒരു കാര്യം അവനവൻ ചെയ്ത തെറ്റിന് അവനവന് കർമ്മ തിരിച്ച് കിട്ടും.'
'അത് എനിക്ക് നന്നായി അറിയാം എന്നാണ്', മകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബാല പറഞ്ഞത്. അമൃതയുമായി വേർപിരിഞ്ഞശേഷം രണ്ട് വർഷം മുമ്പ് ബാല ഡോക്ടർ എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. എലിസബത്ത് ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിന് പുറത്താണുള്ളത്. എലിസബത്തും ബാലയും പ്രണയിച്ച് വിവാഹിതരായവരാണ്.
ബാല കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കിടന്നപ്പോൾ എല്ലാ സഹായവുമായി ഒപ്പം നിന്ന് ശുശ്രൂഷിച്ചത് എലിസബത്തായിരുന്നു. എലിസബത്ത് വഴിയാണ് ബാലയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ അടുത്തിടെയാണ് കഴിഞ്ഞത് എന്നതുകൊണ്ട് തന്നെ വിശ്രമത്തിലാണ് ബാല. വൈകാതെ തന്നെ തന്റെ പുതിയ സിനിമ പ്രഖ്യാപിക്കുമെന്ന് ന്യൂസ് 18ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ ബാല പറഞ്ഞു.


Click it and Unblock the Notifications