അമൃതയുമായിട്ടുള്ള പ്രശ്‌നത്തെ പറ്റി ആരോടും പറയാൻ പറ്റിയില്ല; അമ്മയ്ക്ക് മാത്രമേ എല്ലാം അറിയുകയുള്ളുവെന്ന് ബാല
എനിക്ക് പറയാന്‍ പറ്റുന്ന ഒരു കാര്യം ഞാന്‍ മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നാണ്. അവളെ കാണാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി.
നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വന്നത്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു നടന്‍ ആശുപത്രിയിലായത്.
അതേ സമയം എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത ബാലയുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ആദ്യ വിവാഹത്തെ പറ്റിയുമൊക്കെ പരിപാടിയില്‍ നടന്‍ സംസാരിച്ചിരുന്നു. അമൃതയുമായി പിരിഞ്ഞ സമയത്ത് പലതും ആരോടും തുറന്ന് പറയാന്‍ പറ്റിയിരുന്നില്ല. അതാണ് പിന്നീട് കുഴപ്പമായതെന്നാണ് നടന്‍ പറയുന്നത്.
ബാല്യകാലം എങ്ങനെയാണെന്നുള്ള എംജിയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ബാല പറഞ്ഞത്. ഞാന്‍ ജനിച്ചത് തന്നെ അരുണാചലം സ്റ്റുഡിയോയിലാണ്.
ഞാന്‍ വളര്‍ന്നത് എവിഎം സ്റ്റുഡിയോയിലാണ്. ശനി, ഞായര്‍, അവധി ദിവസങ്ങളിലെല്ലാം ഷൂട്ടിങ് കാണാന്‍ പോകും.
സ്റ്റുഡിയോയുടെ അകത്തായിരുന്നു വീട്. അച്ഛന്‍ സംവിധായകനും നിര്‍മ്മാതാവുമായിരുന്നു. രണ്ട് വര്‍ഷമായി മരിച്ചിട്ട്. അമ്മ വീട്ടമ്മ. ഒരു ചേച്ചിയുണ്ട്. അനിയന്‍ ശിവ സംവിധായകനാണ്.

അജിത്തിനെ വച്ച് നാല് സിനിമകള്‍ ചെയ്തു. രജനികാന്തിനെ വെച്ചാണ് അവസാനം സിനിമ ചെയ്തത്. അതില്‍ ഞാനും അഭിനയിച്ചു. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഏറ്റവും ഭാഗ്യങ്ങളില്‍ ഒന്നാണിത്.
ചെറുപ്പം മുതല്‍ ഞാനൊരു സ്പോര്‍ട്സ് പേഴ്‌സണ്‍ ആയിരുന്നുവെന്നാണ് ബാല പറയുന്നത്. പിന്നെ കംപ്യൂട്ടറുമായിരുന്നു എനിക്ക് താല്‍പര്യമുള്ള വിഷയം.
ഐടിഐയില്‍ മെറിറ്റില്‍ കിട്ടിയിരുന്നു. അന്ന് അത് കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടാണ്. പക്ഷേ അത് തനിക്ക് ലഭിച്ചതായി ബാല പറയുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ ഫൈറ്റ് പ്രാക്ടീസ് ചെയ്തിരുന്നു. മാത്രമല്ല നീ എന്തിനാണ് ജിമ്മില്‍ പോയത്, എന്തിനാണ് ഡാന്‍സ് പഠിച്ചത് എന്നൊക്കെ ഒരിക്കല്‍ അച്ഛന്‍ എന്നോട് ചോദിച്ചിരുന്നു.
എനിക്കതിലാണ് താല്‍പര്യമെന്ന് പറഞ്ഞപ്പോള്‍ നീ ജനിച്ചത് തന്നെ ഒരു നടനാവാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് ആ വഴി തുറന്ന് തന്നത് അച്ഛനാണ്. അതോടെ ഞാന്‍ കോളേജില്‍ പോകുന്നത് തന്നെ നിര്‍ത്തി.
ആദ്യം തെലുങ്ക് സിനിമയിലാണ് അഭിനയിച്ചത്. പിന്നെ തമിഴിലും മലയാളത്തിലും എത്തി. ഇവിടെയുള്ള ഒരു സൂപ്പര്‍താരത്തോട് ഞാന്‍ ഈ അവസരത്തില്‍ നന്ദി പറയുകയാണ്. കാരണം ഒറ്റയ്ക്ക് വേറൊരു ഭാഷയിലേക്ക് വരിക എന്ന് പറയുന്നത് നിസാരകാര്യമല്ല.
ബിഗ് ബി യിലൂടെ മമ്മൂക്ക എനിക്ക് വലിയ സ്‌പേസ് തന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഏതോ ഒരുത്തന് നല്ലൊരു വേഷം തന്നു. മുത്തുമഴ കൊഞ്ചല്‍ പോലെ എന്ന പാട്ട് തന്നു. അവിടെ നിന്നുമാണ് മലയാളികളഉടെ സ്‌നേഹം എനിക്ക് കിട്ടിയതെന്നാണ് ബാല പറയുന്നത്.
ഞാന്‍ വില്ലന്‍ കഥാപാത്രം ചെയ്യുന്നത് കാണാനാണ് ആളുകള്‍ക്ക് ഇഷ്ടം. ഷെഫിക്കിന്റെ സന്തോഷത്തില്‍ കോമഡി വേഷമാണ് ചെയ്തത്. ഇത്രയും കാലത്തെ ആഗ്രഹം ഒരു ഫുള്‍ കോമഡി വേഷം ചെയ്യാനാണ്.
എന്നാല്‍ അടുത്തിടെയും ഒരു ആരാധകന്‍ പറഞ്ഞത് നിങ്ങളെ വില്ലനായി കാണുന്നതാണ് വലിയ ഇഷ്ടമെന്നാണ്. സിനിമയില്‍ വില്ലനായിരുന്നാല്‍ ജീവിതത്തില്‍ ഹീറോ ആയിരിക്കും.

പണ്ട് എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യുന്ന വ്യക്തിയായിരുന്നു. ജീവിതത്തില്‍ എവിടെയാണ് അടി പറ്റിയതെന്ന് എംജി ചോദിച്ചപ്പോള്‍ ഇതിന്റെ ഉത്തരം നിങ്ങള്‍ക്ക് അറിയാമല്ലോ എന്നായി ബാലയുടെ മറുപടി.
ആദ്യ വിവാഹത്തില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായതിന്റെ കാരണം രണ്ട് തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ടാണ്. എല്ലാ സങ്കടങ്ങളും തുറന്ന് പറയാന്‍ ഒരാളുണ്ടാവും. ലോകത്ത് ആരോടും തുറന്ന് പറയാന്‍ പറ്റാത്ത സങ്കടവും മനസിലുണ്ടാവും. അതിലാണ് ഞാന്‍ പെട്ടുപോയത്.
എന്താണ് സംഭവിച്ചതെന്ന് എനിക്കാരോടും തുറന്ന് പറയാന്‍ പറ്റിയില്ല, അന്നതിന് സാധിക്കുകയുമില്ലായിരുന്നു. മാധ്യമങ്ങളെയല്ല ഞാന്‍ ഉദ്ദേശിച്ചത്. ഒരു സുഹൃത്തിനോടോ വീട്ടുകാരാടോ ഒന്നും പറയാന്‍ സാധിച്ചില്ല. എന്റെ അമ്മയ്ക്ക് കുറച്ച് കാര്യങ്ങള്‍ അറിയാം. വേറെ ആര്‍ക്കും അറിയില്ല. ഇപ്പോഴും അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവകാശമില്ല- ബാല പറയുന്നു.
എനിക്ക് പറയാന്‍ പറ്റുന്ന ഒരു കാര്യം ഞാന്‍ മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നാണ്. അവളെ കാണാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി.
ഈ കലിയുഗത്തില്‍ കെട്ടവന് നീതിയും ന്യായവുമുണ്ട്, അവര്‍ രക്ഷപ്പെട്ട് പോകും. നല്ലവന്‍ പെട്ടുപോവും. ഇതിനിടെ മനസിന്റെ ഉള്ളിന്റെയുള്ളില്‍ ആദ്യത്തെ പ്രണയം കാണില്ലേ എന്ന എംജിയുടെ ചോദ്യത്തിന് ചില കാര്യങ്ങള്‍ പോയാല്‍ പോയതാണ്.
ജീവിതത്തില്‍ ചില കാര്യങ്ങള്‍ പണം കൊടുത്ത് വാങ്ങിക്കാനാവില്ല. അതുപോലെ റിലേഷന്‍ഷിപ്പ് വാങ്ങിക്കാനാവില്ലെന്നാണ് ബാല പറയുന്നത്.
ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ശേഷം ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം ബാല രണ്ടാമതും വിവാഹിതനാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











