കല്യാണത്തിനുശേഷം തുടരെ തുടരെ പ്രശ്നങ്ങൾ, ചുറ്റുപാടും ശത്രുക്കൾ, സിനിമകളും ചെയ്യുന്നില്ല; മറുപടികളുമായി നടൻ ബാല
അടുത്തിടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചപ്പോൾ തന്റെ ഇപ്പോഴത്തെ ജീവിതവുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് ബാല അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്ക് വേണ്ടി ഭാര്യ കോകില ചില ചോദ്യങ്ങൾ നടനോട് ചോദിച്ചിരിക്കുകയാണ്. 2026 പിറന്നിരിക്കുന്നു ഞങ്ങൾ വളരെ ഹാപ്പിയാണ്. അന്ന് പറഞ്ഞതുപോലെ കോകില ചോദിക്കുന്ന നാല് ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നടൻ വീഡിയോ ആരംഭിച്ചത്.
പിറന്നാൾ, ന്യൂഇയർ, ക്രിസ്മസ് എല്ലാം പ്രമാണിച്ച് എത്രത്തോളം സമ്മാനങ്ങൾ ലഭിച്ചു? എന്നാണ് കോകിലയുടെ ആദ്യ ചോദ്യം. അമേരിക്കയിൽ നിന്നും ചേച്ചിയുടെ വക സമ്മാനം കിട്ടി. ചില ബന്ധങ്ങൾ ഇപ്പോഴുമുണ്ട് എന്നതിന്റെ ഉദാഹരണം അതാണ് എന്നായിരുന്നു ബാലയുടെ മറുപടി. എനിക്കും ഒരുപാട് സമ്മാനങ്ങൾ കിട്ടി. പെർഫ്യൂം, ക്രീം എല്ലാം കിട്ടിയെന്ന് കോകിലയും പറഞ്ഞു.

ഒരു വളർത്തുനായയെയാണ് കോകില പിറന്നാൾ ദിനത്തിൽ ബാലയ്ക്ക് സമ്മാനിച്ചത്. മാമനെ ഞാൻ ഒരു വർഷമായി കാണുകയാണ്. ഒരുപാട് ശത്രുക്കൾ മാമനുണ്ടെന്ന് എനിക്ക് അറിയാം. അവരെ എല്ലാം എങ്ങനെയാണ് എളുപ്പത്തിൽ ഹാന്റിൽ ചെയ്യാൻ കഴിയുന്നത്? എന്നായിരുന്നു അടുത്ത ചോദ്യം. അത് വളരെ സിംപിളാണ്.
നമ്മളോട് ശത്രുത കാണിക്കുന്നവരെ ശത്രുവായി കണ്ടാൽ മാത്രമല്ലേ അവർ ശത്രുവാകുന്നുള്ളു. മിത്രമായി കണ്ടാൽ എങ്ങനെ ശത്രുവാകും?. ആരും എനിക്ക് ശത്രുക്കളല്ല. എല്ലാവരും എപ്പോഴും നന്നായിരിക്കണം. 2026ൽ എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ. വിവാഹത്തിനുശേഷം പോലും ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങൾക്കുണ്ടായി. 2026ൽ ഞങ്ങളും അടുത്ത സ്റ്റെപ്പിലേക്ക് കടക്കുകയാണ് എന്നായിരുന്നു നടന്റെ മറുപടി.
നാല്, അഞ്ച് തിരകഥകൾ ഇതിനോടകം കേട്ടു. എന്നാൽ ഒന്നിനോടും ഓക്കെ പറഞ്ഞില്ല. അതിന് കാരണം എന്താണ്?. എന്താണ് പ്ലാൻ? എന്ന ചോദ്യത്തിന് നടൻ നൽകിയ മറുപടി ഇങ്ങനെയാണ്... ആറ്റിറ്റ്യൂഡ് തന്നെയാണ് കാരണം. അതേ പഴയ ബാലയും അതേ നടനും തന്നെയാണ് ഞാൻ. സർജറിക്കുശേഷം സിനിമയിൽ നല്ലൊരു സക്സസ് കൊടുക്കണമെന്ന ആഗ്രഹം എനിക്കുണ്ട്.
വെറുതെ സിനിമ ചെയ്യാൻ വേണ്ടി ഏതെങ്കിലും സിനിമയിൽ അഭിനയിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ദൈവം സഹായിച്ച് മഹാന്മാരായ ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മോഹൻലാൽ സാർ, മമ്മൂട്ടി സാർ, സുരേഷ് ഗോപി സാർ എന്റെ പ്രിയ സുഹൃത്ത് പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുണ്ട്.

ഇനി ഒരു സിനിമ ചെയ്യുകയാണെങ്കിൽ അതിന് ഒരു അർത്ഥമുണ്ടാകണം. 2026ൽ ഈ ആഗ്രഹം നടക്കാൻ എല്ലാവരും പ്രാർത്ഥിക്കണം എന്നും ബാല പറഞ്ഞു. സന്തോഷമായി ഇരിക്കുക എന്നത് നിങ്ങളുടെ കടമയാണ്. എല്ലാം തികഞ്ഞ ശരീരം നൽകിയിട്ടും എത്രയോപേർ ജീവിതത്തിൽ പരാതികൾ നിരന്തരം പറയുന്നുണ്ട്. ഞാൻ ഒരു ഘട്ടത്തിൽ വിഷമം അനുഭവിച്ചപ്പോൾ വില ഞാൻ ശരിക്കും മനസിലാക്കി.
മരണത്തിലേക്ക് എത്തിയപ്പോഴാണ് ജീവിതത്തിന്റെ വില എനിക്ക് മനസിലായത്. സന്തോഷവും മനസമാധാനവും നമ്മൾ ഉണ്ടാക്കേണ്ട കാര്യമാണ്. നമ്മളും സന്തോഷമായിരിക്കണം. ചുറ്റുമുള്ളവരെയും ഹാപ്പിയായി വെക്കുക എന്ന പുതുവത്സര സന്ദേശം കൂടി നൽകിയാണ് ബാല വീഡിയോ അവസാനിപ്പിച്ചത്. നാൽപ്പത്തിമൂന്നുകാരനായ ബാലയുടെ മൂന്നാം വിവാഹം കഴിഞ്ഞ വർഷമായിരുന്നു.
വിവാഹശേഷം വൈക്കത്താണ് നടൻ കുടുംബസമേതം താമസിക്കുന്നത്. ഷെഫീക്കിന്റെ സന്തോഷം, ബാഡ് ബോയ്സ് തുടങ്ങിയവയാണ് ബാല അവസാനമായി ചെയ്ത മലയാള സിനിമകൾ. അഭിനയത്തിൽ സജീവമല്ലെങ്കിലും റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ഭാര്യയ്ക്കൊപ്പം കാണാൻ ബാല തിയേറ്ററിൽ എത്താറുണ്ട്.


Click it and Unblock the Notifications











