'അന്ന് അമൃതയും മകളും പോകാൻ ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചിരുന്നു നാളെ വിളിച്ചാൽ ഫോൺ എടുക്കുമോയെന്ന്'; ബാല
അന്നും ഇന്നും നടൻ ബാലയെ അലട്ടുന്ന ഏറ്റവും വലിയ സങ്കടം തനിക്ക് ഏക മകൾ അവന്തികയെ കാണാനും സംസാരിക്കാനും സാധിക്കുന്നില്ലെന്നതായിരുന്നു. അമൃതയുമായുള്ള വിവാഹബന്ധം ബാല വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണ ചുമതല അമൃതയ്ക്കാണ്. അവന്തിക കൈക്കുഞ്ഞായിരുന്നപ്പോഴാണ് ബാലയും അമൃതയും വേർപിരിഞ്ഞത്. പിന്നീട് കുറച്ച് കാലം കോടതി വിധി അനുസരിച്ച് മകളെ കാണാൻ ബാലയ്ക്ക് അനുവാദമുണ്ടായിരുന്നു.
പിന്നീട് നിയമം അനുശാസിച്ച നിബന്ധനകൾ പാലിക്കാതെ വന്നതോടെ മകളെ കാണാനുള്ള അനുമതി ബാലയ്ക്ക് നഷ്ടമാവുകയായിരുന്നു. ഇപ്പോൾ പതിമൂന്ന് വയസ് പ്രായമുണ്ട് ബാലയുടെ മകൾക്ക്. അവസാനമായി നടൻ മകളെ കണ്ട് കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കഴിഞ്ഞപ്പോഴാണ്.

മരണത്തിന്റെ പടിവാതിക്കൽ നിന്ന് തിരിച്ചെത്തിയ ബാലയുടെ ഒരേയൊരു ആവശ്യം മകളെ കാണാനും സംസാരിക്കാനും തനിക്ക് സാധിക്കണമെന്നതാണ്. കഴിഞ്ഞ ദിവസം അവന്തികയ്ക്ക് പിറന്നാൾ ആശംസിച്ച് വൈകാരികമായ വീഡിയോ ബാല പങ്കുവെച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ചും മുൻഭാര്യയെ കുറിച്ചും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
തന്റെ ജീവിതത്തിൽ തനിക്ക് നഷ്ടപ്പെട്ടതൊക്കെ ഇനി തിരിച്ച് കിട്ടുമോ എന്നാണ് ബാല ചോദിക്കുന്നത്. മനസാണ് വലുതെന്ന് നമ്മൾ എല്ലാവരും പറയാറില്ലേ..? മനസാണ് വലുതെന്നതുകൊണ്ടല്ലേ... കോടീശ്വരനെന്ന് പറയപ്പെടുന്ന ഞാൻ പാവപ്പെട്ട പെണ്ണിനെ വിവാഹം ചെയ്തത്. എന്തെങ്കിലും ഞാൻ അവരോട് ചോദിച്ചോ..? ചോദിച്ചാലും എന്തെങ്കിലും കിട്ടാനുണ്ടോ?. ഒരു വ്യക്തിയെ കണ്ടു ഇഷ്ടപ്പെട്ടു ആ തീരുമാനത്തിൽ ഉറച്ച് നിന്നു.
എനിക്ക് എന്തൊക്കെ കൊടുക്കേണ്ടി വന്നു. എന്റെ ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ടതൊക്കെ ഇനി തിരിച്ച് കിട്ടുമോ?. എന്റെ പ്രായം എനിക്ക് തിരിച്ച് കിട്ടുമോ?. മകളെ കാണുക എന്നത് ഒരു അച്ഛന്റെ അവകാശമല്ലേ. അച്ഛനെ കാണാൻ മകൾക്കും അവകാശമില്ലേ. ഞാൻ ആശുപത്രിയിൽ മരണം ഉറപ്പിച്ച് കിടന്നിരുന്നപ്പോൾ അമൃതയുടെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. ഞാൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ദിവസമാണ് സുരേഷേട്ടൻ മരിച്ചത്.
അന്ന് അമൃത കരഞ്ഞ് പാട്ട് പാടുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. ആ വേദന മലയാളികൾ എല്ലാം കണ്ടിരുന്നു. അപ്പോൾ ഒരു മകൾക്ക് അവളുടെ ജീവിതത്തിൽ അച്ഛൻ ഉണ്ടാവണമെന്നത് അമൃതയ്ക്ക് അറിയാം. ഇല്ലെങ്കിൽ അന്ന് അച്ഛൻ മരിച്ചപ്പോൾ കരയില്ലല്ലോ. ബാലയ്ക്ക് മകളെ കാണാൻ അവകാശമുണ്ടെന്ന് ഇനി ആരെങ്കിലും വന്ന് പറഞ്ഞ് തരണോ? എന്നാണ് ബാല ചോദിക്കുന്നത്.

അസുഖം കൂടിയപ്പോൾ മരണം അടുത്തുവെന്ന് എനിക്ക് മനസിലായി. ആംബുലൻസ് വന്നു. പക്ഷെ ഞാൻ മൂന്ന് മണിക്കൂർ ആംബുലൻസിൽ കയറാൻ കൂട്ടാക്കിയില്ല. കാരണം മരണം വരിക്കാൻ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. ജീവിച്ചത് മതിയെന്ന തോന്നലും വന്നു.
പിന്നീട് മകൾ എന്നെ ആശുപത്രിയിൽ കാണാൻ വന്നപ്പോൾ ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡ് എന്ന് പറഞ്ഞപ്പോൾ എനിക്ക് ജീവിക്കാൻ ഒരു കൊതി തോന്നി. അന്ന് അമൃതയും മകളും പോകാൻ ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചിരുന്നു നാളെ വിളിച്ചാൽ ഫോൺ എടുക്കുമോയെന്ന്.
അന്ന് അവർ ഉറപ്പും തന്നിരുന്നു. അമൃത ഈ അഭിമുഖം കാണുകയാണെങ്കിൽ... എന്റെ മകൾക്ക് വേണ്ടി എല്ലാം ഞാൻ മറക്കുന്നു... വിട്ടുകൊടുക്കുന്നു. മോളുടെ ജീവിതത്തിൽ ഒരു പത്ത് ശതമാനമെങ്കിലും ഞാൻ അച്ഛനായി ജീവിച്ചോട്ടേ..?
ചോദിക്കുന്നത് ഭിക്ഷയാണെങ്കിൽ അങ്ങനെ തന്നെ കരുതിക്കോളു. അതിനുള്ള മനസ് അവൾക്കുണ്ടോ?. ഇല്ലെങ്കിൽ കർമ എന്നൊന്നുണ്ട്. ദൈവമുണ്ട് എന്നാണ് ബാല പറഞ്ഞത്.


Click it and Unblock the Notifications