'ഞാൻ എന്റെ അച്ഛനെ വളരെയധികം സ്നേഹിക്കുന്നുവെന്ന് പാപ്പു പറഞ്ഞു, ആ വാക്കുകൾ എപ്പോഴും മനസിലുണ്ടാകും'; ബാല
മലയാളി അല്ലെങ്കിൽ കൂടിയും മലയാളി താരങ്ങൾക്ക് നൽകുന്നതിനേക്കാൾ ഒരുപിടി സ്നേഹം അധികം നൽകി കേരളം സ്നേഹിക്കുന്ന നടനാണ് ബാല. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാല ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അസുഖം ബേധമായി വീട്ടിലേക്ക് തിരികെ എത്തിയ ബാല തന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. കരൾ രോഗം മൂർച്ഛിച്ച് ബാല ഗുരുതരാവസ്ഥയിലാണെന്ന് വാർത്തകൾ വന്നപ്പോൾ മുതൽ സിനിമാ പ്രേമികളെല്ലാം പ്രാർഥനയിലായിരുന്നു.
അതുകൊണ്ട് തന്നെ ബാലയുടെ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും മാത്രമല്ല പ്രേക്ഷകരും ആരാധകരും ആഘോഷിക്കുന്നുണ്ട്. ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോൾ ബാല ആവശ്യപ്പെട്ടത് മകൾ പാപ്പുവിനെ ഒരുവട്ടം കാണണമെന്നാണ്.
ബാലയുടെ ആഗ്രഹം അറിഞ്ഞതും മുൻ ഭാര്യ അമൃതയും മകൾ പാപ്പുയെന്ന് വിളിക്കുന്ന അവന്തികയും ആശുപത്രിയിൽ ഓടി എത്തിയിരുന്നു. ഏറെനേരം ബാലയ്ക്കൊപ്പം ചിലവഴിച്ചശേഷമാണ് ഇരുവരും മടങ്ങിയത്. ഇപ്പോഴിത മരണത്തെ മുന്നിൽ കണ്ട് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് മനസ് തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല.

ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രണ്ടാം ജന്മത്തെ കുറിച്ചും വളരെ നാളുകൾക്ക ശേഷം മകളെ കണ്ടതിനെ കുറിച്ചും ബാല മനസ് തുറന്നത്. കേരളത്തിൽ ഉള്ളവർ മാത്രമല്ല ലോകം മുഴുവൻ ഉള്ളവർ എനിക്ക് വേണ്ടി പ്രാർഥിച്ചുവെന്ന് ഞാൻ മനസിലാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏകദേശം കഴിഞ്ഞതുപോലെയായിരുന്നു. അങ്ങനൊരു ചിന്തയും വന്നിരുന്നു. ആ സ്റ്റേജിൽ നിന്നാണ് തിരികെ ജീവിതത്തിലേക്ക് വന്നത്.
ദൈവം തിരിച്ച് കൊണ്ടുവന്നുവെന്ന് വേണം പറയാൻ. അഭിനയത്തിലേക്കും തിരിച്ച് വരാൻ പോവുകയാണ്. രണ്ട്, മൂന്ന് പടം സൈൻ ചെയ്തു. നാൽപ്പത് ദിവസം കൊണ്ട് ഞാൻ റിക്കവറായി. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരുപാട് നാൾ റിക്കവർ ചെയ്യാൻ സമയം വേണം. എന്റെ കാര്യത്തിൽ എല്ലാം പെട്ടന്ന് സംഭവിക്കുകയായിരുന്നു.
പത്ത് ദിവസം കൊണ്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. മറ്റുള്ളവർ അത്ര വേഗത്തിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിടാറില്ല. അത്തരം ഒരു അവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോഴും അല്ലാത്തപ്പോഴും ഇന്നേവരെ ദൈവത്തെ കുറ്റപ്പെടുത്തുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന സമയത്ത് നിരവധി തെറ്റായ വാർത്തകൾ എന്നെ കുറിച്ച് വന്നിരുന്നു. അതിൽ ചിലത് ഞാൻ കണ്ടിരുന്നു.
ഞാൻ ഡ്രഗ്സ് യൂസ് ചെയ്യാറില്ല. പക്ഷെ ആശുപത്രിയിൽ നിന്നും വന്നശേഷം കമന്റൊക്കെ നോക്കിയപ്പോൾ ഇനി ഡ്രഗ്സ് യൂസ് ചെയ്യരുതെന്ന് നിർദേശിച്ചുള്ള മെസേജുകൾ കണ്ടിരുന്നു. അസുഖം വന്നതിന്റെ കാരണം വേറെയാണ് അത് പറയാൻ പറ്റില്ല. അസുഖത്തെ കുറിച്ച് വിവരിക്കാൻ ചെയ്യാൻ തുടങ്ങിയാൽ പലരുടേയും പേരുകൾ പറയേണ്ടി വരും. അത് വിവാദങ്ങൾക്ക് കാരണമാകും.

അഡ്മിറ്റായപ്പോൾ പൊട്ടാസ്യം, അമോണിയം ലെവൽ വരെ മാറി കിടക്കുകയായിരുന്നു. സുഹൃത്തുക്കളാരാണെന്ന് മനസിലാക്കിയതും ആശുപത്രിയിൽ കിടന്ന സമയത്താണ്. ഉണ്ണിക്കും എനിക്കും വഴക്കുണ്ടായിരുന്നു. പക്ഷെ അവൻ ആശുപത്രിയിൽ എന്നെ കാണാൻ ഓടി വന്നു. ലാലേട്ടൻ നിരന്തരം വിളിച്ച് അവസ്ഥ അന്വേഷിക്കുമായിരുന്നു.
അമ്മ സംഘടന സഹായിക്കണോയെന്ന് ചോദിച്ചിരുന്നു. പക്ഷെ സഹായം വാങ്ങിയില്ല. പാപ്പുവിനെ കണ്ടതും അവൾ പറഞ്ഞ വാക്കുകളും ഓർമയുണ്ട്. പാപ്പു കാണാൻ വന്ന സമയത്ത് ഇതിന്റെ അവസാന നിമിഷങ്ങളാണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. ഈ ലോകത്ത് ഞാൻ എന്റെ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു... അതായത് ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡെന്ന് പാപ്പു പറഞ്ഞത് ഇനിയുള്ള കാലം എപ്പോഴും ഓർക്കും.
ശാസത്രത്തിനോ, ദൈവത്തിനോ ആർക്കും മകളേയും അച്ഛനേയും പിരിക്കാൻ അവകാശമില്ല. വീട്ടിലെ ഒരു മുറി പാപ്പുവിന്റേതാണ്. പാപ്പുവിനെ കണ്ടപ്പോൾ നിനക്ക് എന്താണ് വേണ്ടതെന്നാണ് ഞാൻ ചോദിച്ചത്. ലാപ്ടോപ്പ് വേണമെന്നാണ് അവൾ പറഞ്ഞത്. അപ്പോഴാണ് മകൾ വലുതായി എന്ന തിരിച്ചറിവ് എനിക്കുണ്ടാകുന്നത്. ബാല പറയുന്നു. ബാല വളരെ നാളുകൾക്ക് ശേഷമാണ് അടുത്തിടെ മകൾ പാപ്പുവിനെ കണ്ടതും സംസാരിച്ചതും. ബാലയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം മകൾ പാപ്പു അമൃതയ്ക്കൊപ്പമാണ് താമസം.


Click it and Unblock the Notifications