'മൈനസ് പ്ലസ്സാക്കി ഉദാഹരണമായവൻ, ബിബിൻ ജോർജ് സംഗീത സംവിധായകനാണെന്നാണ് കരുതിയത്'; ബാലയുടെ വീഡിയോ!
നടൻ ബാല എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുള്ള ഒരു സെലിബ്രിറ്റിയാണ്. കൊച്ചിയിൽ സ്ഥിരതാമസക്കാരനായ ബാലയുടെ വീട്ടിലേക്ക് സഹായം ചോദിച്ച് ദിവസവും നിരവധി പേർ എത്താറുണ്ട്. എല്ലാവരെയും നിരാശപ്പെടുത്താതെ തന്നാൽ കഴിയും വിധം സഹായിക്കാൻ ബാലയും ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ സിനിമാ സുഹൃത്തുക്കളും ബാലയെ കാണാനും കുറച്ച് സമയം താരത്തിനൊപ്പം ചിലവഴിക്കാനും എത്താറുമുണ്ട്. കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിനെത്തിയ തമിഴ് നടൻ യോഗി ബാബു ആദ്യം പോയത് ബാലയെ കാണാനാണ്.
അണ്ണാത്ത അടക്കമുള്ള സിനിമകളുടെ ഭാഗമായിട്ടുള്ളതിനാൽ തമിഴിലും നിരവധി സൗഹൃദങ്ങൾ ബാലയ്ക്കുണ്ട്. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ബാല സിനിമകളിൽ അഭിനയിച്ച് തുടങ്ങിയിട്ടില്ല. ഏറ്റവും അവസാനം പുറത്തിറങ്ങിയ ബാലയുടെ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്.

ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിൽ നായകൻ. സംവിധാനത്തിലേക്ക് അടക്കം ചുവടുവെക്കാനുള്ള പ്ലാനുകൾ ഇപ്പോൾ ബാലയ്ക്കുണ്ട്. അതേസമയം സോഷ്യൽമീഡിയയിൽ വളരെ സജീവമായ ബാല പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. നടനും തിരക്കഥാകൃത്തുമെല്ലാമായ ബിബിൻ ജോർജ് തന്റെ വീട്ടിൽ വന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ളതാണ് ബാലയുടെ വീഡിയോ.
ബിബിൻ ജോർജ് നടനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സംഗീത സംവിധായകനാണെന്നാണ് കരുതിയതെന്നും വീഡിയോയിൽ ബാല പറയുന്നുണ്ട്. പോളിയോ ബാധിച്ച് കാലിനുണ്ടായ അവശതകളെ മറികടന്ന് ബിബിൻ ജോർജ് സിനിമയിൽ ഉയരങ്ങൾ കീഴടക്കിയതിനെയും ബാല വീഡിയോയിൽ പ്രശംസിക്കുന്നുണ്ട്.
'മണിച്ചേട്ടന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ പോയിരുന്നു. അവിടെ വെച്ച് വീൽ ചെയർ വിതരണവുമെല്ലാം ഉണ്ടായിരുന്നു. ബിബിൻ ജോർജിനെ ഞാൻ നിരവധി പരിപാടികളിൽ കണ്ടിട്ടുണ്ട്. അങ്ങനെ ഞാൻ മണിച്ചേട്ടന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ പങ്കെടുക്കവെ ബിബിന്റെ അടുത്തേക്ക് പോയി.'
'എപ്പോൾ എന്നെ കണ്ടാലും ബിബിൻ ചിരിച്ച മുഖത്തോടെ ഇരിക്കുന്നുണ്ടാകും. അങ്ങനെ ആ പരിപാടിയിൽ വെച്ച് സംസാരിക്കവെ നിങ്ങൾ മ്യൂസിക്ക് ഡയറക്ടർ അല്ലേയെന്ന് ഞാൻ ബിബിനോട് ചോദിച്ചു. എന്റെ തെറ്റാണത്. പുള്ളി മ്യൂസിക്ക് ഡയറക്ടർ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. കുറച്ചുകാലം ഞാൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നില്ലല്ലോ.'

'ബിബിൻ ഇപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്. ഭക്ഷണം കഴിപ്പിച്ചിട്ടേ വിടു. എല്ലാവരും അറിയേണ്ട കാര്യം പോളിയോ ബാധിച്ച് കാല് സുഖമില്ലാതെയായിട്ടും ബിബിൻ ഡാൻസ് അടക്കം കളിച്ച് മൈനസ് പ്ലസ്സാക്കി ഉദാഹരണമായി ഉയർന്ന് വന്നു. അങ്ങനെയുള്ളവരെ ബഹുമാനിക്കണം. എന്നെ സ്നേഹിക്കുന്നവരെല്ലാം ബിബിനെയും സ്നേഹിക്കണം', എന്നാണ് ബാല ബിബിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
ഒരു പടം ചെയ്ത് തരാമോയെന്ന് ചോദിച്ചപ്പോൾ അഹങ്കാരം കാണിച്ചുവെന്നും ഡേറ്റില്ലെന്ന് പറഞ്ഞുവെന്നും തമാശയായി ബാല ബിബിനെ കുറിച്ച് പറഞ്ഞു. ബാല ചേട്ടൻ കഥ പറയാമെന്ന് പറഞ്ഞ് വിളിച്ചതാണെന്നാണ് ബിബിൻ പറഞ്ഞത്. ബാലയ്ക്ക് ഇപ്പോഴാണ് തന്നെ മനസിലായതെന്നും ബിബിൻ വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications











