എന്റെ രാജ്ഞിക്ക് പിറന്നാൾ ആശംസകൾ, അവൾക്ക് പേരിട്ടത് ഞാൻ... പക്ഷെ അത് പറയാൻ എനിക്ക് ഇന്ന് അനുവാദമില്ല; ബാല
ഏറെ നാളുകൾക്കുശേഷം പുതിയൊരു വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ട് എത്തിയിരിക്കുകയാണ് നടൻ ബാല. ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികയ്ക്ക് പിറന്നാൾ ആശംസിച്ചുള്ളതാണ് വീഡിയോ. എന്നാൽ മകളുടെ പേര് എവിടേയും പരാമർശിക്കുന്നില്ല. പക്ഷെ മകളെ കുറിച്ചാണ് നടൻ സംസാരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും ക്യാപ്ഷനിൽ നിന്നും വ്യക്തമാണ്. ഒരുപാട് ആലോചിച്ചശേഷമാണ് ഇങ്ങനൊരു വീഡിയോ ഇടുന്നതെന്നും ഇത് തന്റെ കടമയാണെന്നും നടൻ പറയുന്നു.
കുറേ ആലോചിച്ച ശേഷമാണ് ഇത് പറയുന്നത്. അത്രയും ചിന്തിക്കേണ്ടി വന്നു. ചിലപ്പോൾ ചില കാര്യങ്ങൾ നമ്മൾ മനസ് തുറന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് അത് വിഷമമായാൽ ക്ഷമിക്കണം. കടമയുണ്ട് അതുകൊണ്ട് പറയുകയാണ്. ഹാപ്പി ബെർത്ത് ഡെ. പേര് പറയുന്നില്ല. മനസിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും.

ഒരു സെന്റിമെന്റുമില്ല. പക്ഷെ എപ്പോഴും ഓർക്കണം. ആരുമില്ലെങ്കിലും ഞാനുണ്ട്. ഹാപ്പി ബെർത്ത് ഡെ. പക്ഷെ എനിക്ക് ഒരു സങ്കടവുമില്ല. പേര് പോലും എടുത്ത് പറയാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ നിൽക്കുകയാണെങ്കിൽ ഒരിക്കലും അത് എന്റെ തെറ്റല്ല. ഞാനാണ് പേര് ഇട്ടത്. അതിന്റെ അർത്ഥം പ്രിൻസസ് എന്നാണ്. നീ ഇനി രാജകുമാരിയല്ല നീയാണ് രാജ്ഞി. ഒരു രാജ്യത്തിന്റെ ക്വീനാണ്. അങ്ങനെയാകണമെങ്കിൽ അതിന്റെ സ്റ്റാറ്റസ് തീർച്ചയായും എത്തിയിരിക്കും.
മൈ ഡിയർ... ഹാപ്പി ബെർത്ത് ഡെ. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ബാല പറഞ്ഞത്. എന്റെ രാഞ്ജിക്ക് ഞാനും കോകിലയും അമ്മയും ശിവയും അക്കയും ആശംസകൾ നേരുന്നുവെന്നും ബാല വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചു. ഒപ്പം വീഡിയോയുടെ അവസാനം മകളുടെ ഫോട്ടോ ബാഗ്രൗണ്ടായി വരുന്ന ഒരു ഫോട്ടോയും നടൻ പങ്കുവെച്ചു.
മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ് നൽകിയ കേസ് നിലനിൽക്കുന്നതിനാൽ മകളുടെ പേര് ബാല സോഷ്യൽമീഡിയയിൽ പറഞ്ഞാൽ വീണ്ടും പുലിവാലാകും. നിരവധി പേരാണ് ബാലയുടെ വീഡിയോയ്ക്ക് താഴെ താരത്തിന്റെ മകൾക്ക് പിറന്നാൾ ആശംസിച്ച് എത്തുന്നത്. രണ്ട് വയസുള്ളപ്പോഴാണ് മകളുമായി ബാലയുടെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് അമൃത തിരിച്ചെത്തിയത്.
ബാലയ്ക്കൊപ്പം ജീവിതം തുടർന്നാൽ തന്റേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാകുമെന്ന് മനസിലാക്കിയപ്പോൾ എടുത്ത തീരുമാനമായിരുന്നു. ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമായിരുന്നില്ല അമൃതയ്ക്ക് ലഭിച്ചത്. ശാരീരികവും മാനസീകവുമായ ഉപദ്രവങ്ങൾ അമൃതയ്ക്ക് അനുഭവിക്കേണ്ടി വന്നു. ഏറെക്കാലം കേസും കോടതിയുമായി അലഞ്ഞശേഷമാണ് വിവാഹമോചനം ലഭിച്ചത്.

ഒരു ഘട്ടം വരെ നിശ്ചിത സമയത്ത് മകളെ കാണാൻ ബാലയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവുകൾ നടൻ തെറ്റിച്ച് തുടങ്ങിയതോടെ ആ അവസരവും നിഷേധിക്കപ്പെട്ടു. അവസാനമായി മകളെ ബാല കണ്ടത് കരൾ രോഗം ഗുരുതരമായി ആശുപത്രിയിൽ കഴിഞ്ഞ സമയത്തായിരുന്നു. എന്നാൽ അമൃതയ്ക്ക് എന്നതുപോലെ ഉണങ്ങാത്ത മുറിവുകൾ മകളുടെ മനസിലും ബാല സൃഷ്ടിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ അച്ഛന്റെ സ്നേഹം തനിക്ക് വേണ്ടെന്ന് ഒരിക്കൽ മകൾ അവന്തിക തന്നെ പരസ്യമായി വന്ന് തുറന്ന് പറഞ്ഞിരുന്നു. അച്ഛൻ എന്ന രീതിയിൽ ഒരു തരത്തിലുള്ള സ്നേഹവും ബാല നൽകിയതായി തനിക്ക് ഓർമയില്ലെന്നും പേടിച്ച് അരണ്ട് ജീവിച്ച നാളുകളുണ്ടെന്നുമാണ് അമൃതയുടെ മകൾ ഒരിക്കൽ തുറന്ന് അടിച്ച് പറഞ്ഞത്.
മകളുടെ പേരിലുള്ള ഇൻഷുറൻസിൽ തിരിമറി കാണിച്ച് 15 ലക്ഷം പിൻവലിച്ചുവെന്നും വിവാഹമോചന കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി കള്ള ഒപ്പ് ഇട്ടുവെന്നതുമാണ് നടന്റെ പേരിൽ ഏറ്റവും അവസാനം അമൃത നൽകിയ പരാതി.


Click it and Unblock the Notifications











