'ഞാന്‍ അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചു, സ്വസ്ഥമായ ജീവിതത്തിന് വിവാഹം തടസമാണെന്ന് കരുതി'; ബാലചന്ദ്രമേനോന്‍!
മലയാള സിനിമയിലെ സകലകലാവല്ലഭന്മാരിൽ ഒരാളാണ് ബാലചന്ദ്രമേനോൻ. ഉത്രാട രാത്രിയിൽ തുടങ്ങി എന്നാലും ശരത്തിൽ എത്തി നിൽക്കുന്നു അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്ര. ഇതിനിടയിൽ സംവിധാനം, നിർമ്മാണം, തിരക്കഥ, എഡിറ്റിങ്, അഭിനയം, ആലാപനം, സംഗീത സംവിധാനം ഉൾപ്പടെ അദ്ദേഹം കൈവക്കാത്ത മേഖലകൾ സിനിമയിലില്ല.
ശോഭന, പാർവതി, ലിസി, കാർത്തിക, ഉഷ, ആനി, മണിയൻപിള്ള രാജു, നന്ദിനി എന്നിവരെയെല്ലാം ആദ്യമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും ബാലചന്ദ്രമേനോനാണ്.
അഭിനയത്തിൽ പരിമിതികളുള്ള നടനാണെന്നാണ് സിനിമാപ്രേമികൾ ബാലചന്ദ്രമേനോനെ കുറിച്ച് പറയാറുള്ളത്. പക്ഷെ സ്വന്തമായി രചനയും സംവിധാനവും നിർവഹിച്ച സമാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ബാലചന്ദ്രമേനോൻ നേടി. കേരള ഗവൺമെന്റിന്റെ കർഷകശ്രീ അവാർഡ് ലഭിച്ച നടൻ കൂടിയാണ് ബാലചന്ദ്രമേനോൻ.
അച്ചുവേട്ടന്റെ വീട്, പ്രശ്നം ഗുരുതരം, കണ്ടതും കേട്ടതും, കാര്യം നിസ്സാരം, ഏപ്രിൽ 18 എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതിൽ ചിലത്. നല്ല കഥകളും കഥാപാത്രവുമായി ബാലചന്ദ്രമേനോൻ സിനിമയിൽ തുടർന്നും സജീവമാകണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടാറുണ്ട്.

മമ്മൂട്ടി ചിത്രം വണ്ണിൽ ചെറിയൊരു കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു. ശേഷം ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ല. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയ വഴി സിനിമാ അനുഭവങ്ങളും വിശേഷങ്ങളും നടൻ ആരാധകരുമായി പങ്കിടാറുണ്ട്.
കല്യാണം വേണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന താൻ എന്തുകൊണ്ടാണ് വിവാഹിതനായതെന്നും തന്റെ പ്രണയകഥ എത്തരത്തിലുള്ളതായിരുന്നുവെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ബാലന്ദ്രമേനോൻ വെളിപ്പെടുത്തി. 1982ലായിരുന്നു ബാലചന്ദ്രമേനോന്റെ വിവാഹം. വരദയാണ് താരത്തിന്റെ ഭാര്യ.
വരദയെ താൻ ഓടിച്ചിട്ട് കല്യാണം കഴിച്ചതാണെന്നാണ് നർമ്മം കലർത്തി ബാചന്ദ്രമേനോൻ പറഞ്ഞത്. 'എന്റെ ജീവിതത്തില്‍ എങ്ങനെയാണ് പ്രണയം ഉണ്ടായതെന്നാണ് ഞാന്‍ പറയുന്നത്. ലവ് സ്റ്റോറി പറയാൻ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയായിരിക്കും ഞാൻ അത് പറയുന്നതെന്ന് ഓർത്ത് ഭാര്യയ്ക്ക് ആശങ്കയുണ്ടായിരുന്നു.'
'പ്രണയ ഗാനങ്ങളും സിനിമകളുമൊക്കെ കുറെ കണ്ട് മനസില്‍ പതിഞ്ഞിട്ടുള്ളതാണ്. റിയല്‍ ലവ് എന്താണെന്ന് ആര്‍ക്കും ഡിഫൈന്‍ ചെയ്യാന്‍ പറ്റുന്നതല്ലല്ലോ. ദിവ്യമായ ഒരു വികാരമാണ് പ്രണയം എന്നെനിക്ക് അറിയാം. ഒരു പ്രേമം സഫലമാവാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നുണ്ടെങ്കില്‍ അത് അത്ര ദിവ്യമായ വികാരമാണെന്ന് ഞാന്‍ ആലോചിക്കാറുണ്ട്.'

'ലവ് ഈസ് ബ്ലൈന്‍ഡ് എന്ന് പറയാറില്ലേ.... ഒരാള്‍ മറ്റൊരാളെ ഇഷ്ടപ്പെടുന്നതിന് കാരണങ്ങളൊന്നുമില്ല. പ്രണയത്തിനങ്ങനെ ലോജിക്കില്ല. പ്രണയത്തെക്കുറിച്ച് സംസാരിക്കാനായി ആലോചിച്ചപ്പോഴെ ഇത്രയും കാര്യങ്ങള്‍ മനസിലേക്ക് വന്നിരുന്നു. കല്യാണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ച് നടന്ന ആളാണ് ഞാന്‍. കല്യാണം കഴിച്ചാല്‍ കുട്ടിയുണ്ടാവും. അവരുടെ കാര്യങ്ങളൊക്കെ നോക്കണം. നമുക്ക് ഇതിനൊന്നും സമയമില്ലെന്ന നിലപാടിലായിരുന്നു ഞാന്‍.'
'സ്വസ്ഥമായുള്ള ജീവിതത്തിന് വിവാഹം തടസമാണെന്നായിരുന്നു അന്നത്തെ ധാരണ. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സമയത്താണ് എന്റെ ജീവിതത്തിലൊരു പ്രണയം സംഭവിച്ചതും അത് വിവാഹത്തിലേക്ക് എത്തിയതും. ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി. അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചതാണ് ഞാന്‍', എന്നാണ് പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിച്ച് ബാലചന്ദ്രമേനോന്‍ പറഞ്ഞത്.
താൻ ഒരു നല്ല ഭർത്താവിനേക്കാൾ നല്ല അച്ഛനാണെന്ന് ഭാര്യ വരദ ചിലയിടത്ത് കുശുമ്പ് പറയാറുണ്ടെന്ന് അടുത്തിടെ ഭാര്യയ്ക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് നടൻ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. ഭാര്യയ്ക്ക് സമ്മാനങ്ങളൊന്നും വാങ്ങി നൽകാത്ത ഭർത്താവാണ് താനെന്നും ബാലചന്ദ്രമേനോൻ മടി കൂടാതെ വെളിപ്പെടുത്തിയിരുന്നു.
സിനിമാകഥ പറയുന്നതുപോലെ മനോഹരമായാണ് സിനിമയിലും ജീവിതത്തിലുമുണ്ടായ അനുഭവങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന വീഡിയോയിൽ നടൻ പറയുന്നത്. അതുകൊണ്ട് തന്നെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്.


Click it and Unblock the Notifications