'ആളെ പിടികിട്ടി പക്ഷെ ഇപ്പോൾ പറയുന്നില്ല, താങ്കൾ പരിജയപ്പെടുത്തിയ ആരും മോശക്കാരല്ല'; ബാലചന്ദ്രമേനോനോട് ആരാധകർ!
മലയാളിക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ചലച്ചിത്രലോകത്തെ ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോൻ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നാൽ ഒരു കാലത്ത് കുടുംബപ്രേക്ഷകർക്ക് അത് ബാലചന്ദ്രമേനോനായിരുന്നു. എൺപതുകളിലെ ബോക്സ് ഓഫീസ് കിങായിരുന്നു ബാലചന്ദ്രമേനോൻ. കുടുംബ സദസുകളുടെ പ്രിയ നടൻ... അതിലുപരി എ ക്ലാസ് പ്രേക്ഷകരുടെ പ്രിയ സംവിധായകൻ. എൺപതുകളുടെ ആദ്യ പകുതിയിൽ മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും ജനപ്രീതിയുള്ള താരമായിരുന്നു ബാലചന്ദ്രമേനോൻ.
തമിഴിലെ ഭാഗ്യരാജിനേപ്പോലെ തന്നെ സിനിമയുടെ സമസ്ത മേഖലകളിലും കൈ വെച്ച് വിജയിപ്പിച്ച വ്യക്തിത്വം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നടനം എന്നിവയെല്ലാം ഒറ്റക്ക് ചെയ്യുന്ന സകലകലാവല്ലഭൻ. ഭാഗ്യരാജിനെ മോൾഡ് ചെയ്യുന്നതിൽ തമിഴ് ചലച്ചിത്ര വേദിയിലെ അതികായകനായ ഭാരതീ രാജക്ക് ഒരു നിർണ്ണായക പങ്കുണ്ടായിരുന്നു.

പക്ഷെ ഒരു സംവിധായകന്റെ കീഴിൽ പോലും പരിശീലനം നേടാതെയാണ് 1978ൽ ഉത്രാടരാത്രിയിലൂടെ ബാലചന്ദ്രമേനോൻ സ്വതന്ത്ര സംവിധായകനാവുന്നത്. ചലച്ചിത്ര പ്രസിദ്ധീകരണമായ നാനയുടെ മദിരാശി ലേഖകനായിരുന്ന ബാലചന്ദ്രമേനോൻ കേവലം സിനിമാ സെറ്റുകളിലെ പരിചയത്തിൻ്റെ പിൻബലത്തിലാണ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. കുടുംബസിനിമകളിൽ മേനോന്‍ ആടിത്തിമിർത്ത നായകവേഷങ്ങൾ ഇന്നും സ്ത്രീകൾക്ക് ഹരമാണ്.
തങ്ങളുടെ ഭർത്താവും കാമുകനും സഹോദരനും ഇങ്ങനെയായിരിക്കണമെന്ന് ബാലചന്ദ്ര മേനോന്‍റെ സിനിമ കണ്ട് ആരാധികമാർ കൊതിച്ച കാലഘട്ടമുണ്ടായിരുന്നു. ഹിറ്റും സൂപ്പർഹിറ്റും ഒരുക്കി മലയാളസിനിമയെ വിസ്മയിപ്പിച്ച മേനോൻ ചിത്രങ്ങൾ ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്. മലയാള സിനിമയിലെ ട്രൂ ഓൾറൗണ്ടർ തന്റെ വിശേഷങ്ങളെല്ലാം ഇപ്പോൾ സോഷ്യൽമീഡിയ പേജുകൾ വഴിയാണ് പങ്കുവെക്കാറുള്ളത്.
ചിലപ്പോൾ സിനിമയിൽ സജീവമായിരുന്ന കാലത്തെ നല്ല ഓർമകൾ പുതുതലമുറയ്ക്കായി പങ്കുവെക്കാറുമുണ്ട് ബാലചന്ദ്രമേനോൻ. ഇപ്പോഴിതാ താരം പങ്കിട്ട ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ മലയാളത്തിൽ ശോഭിച്ച് നിൽക്കുന്ന ഒരു പ്രതിഭയെ കുറിച്ചുള്ളതാണ് കുറിപ്പ്. 'പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോനായ ഞാൻ ഒരു ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുപോലും... തീർന്നില്ലാ. ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചുപോലും.'
'അമ്മയാണേ സത്യം... ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നില്ല. എന്റെ കയ്യിൽ നിന്ന് സമ്മാനം വാങ്ങുന്ന വിദ്യാർത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണുപോലും. അതേ.... സിനിമയിൽ തന്നെ. ഒന്നുമാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട്. ഇപ്പോൾ ഇതിയാൻ സംസാരവിഷയമാണെന്ന്...'

'പിടി കിട്ടിയോ..? ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ... ഇതേ നേരം പ്രതീക്ഷിക്കുക', എന്നാണ് പഴയൊരു ഫോട്ടോയ്ക്കൊപ്പം ബാലചന്ദ്രമേനോൻ കുറിച്ചത്. ഫോട്ടോയിലുള്ള കോളജ് പയ്യൻ സംവിധായകൻ ബ്ലെസിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആടുജീവിതം മികച്ച തിയേറ്റർ പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഇതുവരെ ബ്ലെസി ചെയ്തതിൽ എല്ലാ സിനിമയും ഹിറ്റാണ്.
വാരി വലിച്ച് സിനിമകൾ ചെയ്യുകയെന്നതല്ല. നല്ല സിനിമകൾ വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ മികച്ചതാക്കി പുറത്തെത്തിക്കുക എന്നതാണ് ബ്ലെസിയുടെ രീതി. ബാലചന്ദ്രമേനോന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കമന്റുകളും ലൈക്കുകളുമായി ആരാധകരും എത്തി. ബാലചന്ദ്രമേനോൻ പരിജയപ്പെടുത്തിയ ആരും മോശക്കാരല്ലെന്നാണ് കമന്റുകളിൽ ഏറെയും.
താങ്കൾ പരിജയപ്പെടുത്തിയ ആരും മോശക്കാരല്ല... ആളെ പിടികിട്ടി പക്ഷെ ഇപ്പോൾ പറയുന്നില്ല, മേനോൻ സാർ താങ്കളുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാരും മോശമായിട്ടില്ല. അതൊരു വലിയ ഈശ്വരാനുഗ്രഹമാണ്.
ഇനിയും എല്ലായ്പോഴും താങ്കൾക്ക് ഈശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ, താങ്കളുടെ കയ്യൊപ്പ് പതിഞ്ഞതൊന്നും ഒരിക്കലും മോശമായിട്ടില്ല, സാറിന്റെ തൊപ്പിയിൽ എത്രയേറെ തൂവലുകളാണ്, ആടുജീവിതം സിനിമ ഹിറ്റായപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ പറ്റി സന്തോഷം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ വന്നത്.


Click it and Unblock the Notifications











