'നീ എന്റെയടുക്കൽ വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നു, ഞാൻ നിന്റെ അടുത്തുണ്ട് പാപ്പു'; മകൾക്ക് ആശംസയുമായി ബാല!
ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ദമ്പതികളായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും. സ്വപ്നം പോലെ ഒരു വിവാഹവും കുടുംബജീവിതവുമായിരുന്നു ഇരുവരും നയിച്ചിരുന്നത്. 2010ലായിരുന്നു ഇരുവരുടെയും വിവാഹം.
ആ സമയത്ത് മലയാളത്തിൽ ഒട്ടനവധി സിനിമകൾ ചെയ്ത് യുവനടനായി ബാല തിളങ്ങി നിൽക്കുകയായിരുന്നു. പിന്നണി ഗായിക എന്ന രീതിയിൽ സിനിമയിൽ അമൃതയും ചുവടുറപ്പിച്ച് തുടങ്ങിയ സമയം.
താരനിബിഢമായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഇരുവർക്കും പാപ്പു എന്ന് വിളിപ്പേരുള്ള മകൾ അവന്തിക പിറന്നു. മകൾ പിറന്ന് രണ്ട് വർഷത്തോട് അടുത്തപ്പോഴേക്കും അമൃതയും ബാലയും വേർപിരിഞ്ഞു. ഏകദേശം 2015 ഓടെയാണ് ബാല-അമൃത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്ന് പറഞ്ഞതോടെയാണ് ഇരുവർക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ച് ആരാധകർ അറിഞ്ഞത്. ദീർഘകാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ബാല-അമൃത വിവാഹ മോചനം നടന്നത് 2020ലാണ്.
ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന അമൃതയുമായി പ്രണയത്തിലായ ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. മകൾ അവന്തിക ഇപ്പോൾ അമൃതയ്ക്ക് ഒപ്പമാണ് താമസം. വളരെ വിരളമായി മാത്രമാണ് മകളെ കാണാൻ ബാലയ്ക്ക് സാധിക്കാറുള്ളത്. 'അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും.'
'ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിർത്തണം', എന്നായിരുന്നു ബാല മുമ്പൊരിക്കൽ മകളെ കുറിച്ച് പറഞ്ഞത്. അടുത്തിടെ ബാല കരൾ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ അമൃതയും മകളും കാണാനെത്തിയിരുന്നു. മകളെ എപ്പോഴും കൺനിറയെ കാണാൻ സാധിക്കണമെന്നത് ബാലയുടെ ആഗ്രഹമാണ്.
മാധ്യമങ്ങളിലും സോഷ്യൽമീഡിയ കുറിപ്പുകളിലും ബാല എപ്പോഴും സംസാരിക്കാറുള്ളത് പാപ്പുവിനെ കുറിച്ചാണ്. ഇപ്പോഴിത മകൾക്ക് പിറന്നാൾ ആശംസിച്ച് ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പാപ്പു തന്റെയടുക്കൽ വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്നാണ് വീഡിയോയിൽ ബാല പറഞ്ഞത്.

'ചില ഓർമകൾ നമ്മൾ ലോകത്ത് എവിടെയാണെങ്കിലും മറക്കാൻ പറ്റില്ല. അത്തരത്തിൽ എന്റെ മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെർത്ത് ഡെ പാപ്പു... എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകൾക്ക് ഞാനില്ലേ... പാപ്പു നിനക്ക് അച്ഛനുണ്ട്.'
'ഡാഡിയുണ്ട്... ഹാപ്പി ബർത്ത് ഡെ പാപ്പു', എന്നാണ് ബാല മകൾക്ക് പിറന്നാൾ ആശംസിച്ച് പങ്കുവെച്ച വീഡിയോയിൽ ബാല പറഞ്ഞത്. 'എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്നെ വിളിക്കുമായിരുന്നു. ഹാപ്പി ബർത്ത്‌ഡെ പാപ്പു. നീ എന്റെയടുക്കൽ വരുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങൾ എല്ലാവരും മറന്നെങ്കിൽ കുഴപ്പമില്ല', എന്ന് കുറിച്ചാണ് വീഡിയോ ബാല പോസ്റ്റ് ചെയ്തത്.
നടന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ ബാലയുടെ മകൾക്ക് ആശംസകളുമായി എത്തുകയും. മകളെ പിരിഞ്ഞ് ജീവിക്കുന്ന ബാലയെ ആശ്വസിപ്പിക്കുകയും ചെയ്തു. അച്ഛനെ മറക്കാൻ ഒരു മകൾക്കും പറ്റില്ല. പാപ്പുവിന്റെ ഉള്ളം നിറയെ ഉണ്ടാവും സ്നേഹം.
സാഹചര്യം ആയിരിക്കും കാരണം, ഒരുനാൾ അവൾ നിങ്ങളിടെ അടുക്കൽ വന്ന് ചേരും എന്നെല്ലാമുള്ള കമന്റുകളും വീഡിയോയ്ക്ക് നിറയുന്നുണ്ട്. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം ഡോക്ടർ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ബാല പതിയെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











