'കൂട്ടത്തിൽ ഏറ്റവും പെർഫെക്ട് കാസ്റ്റിങ് ഇതായിരുന്നു... സെയിം സെയിം ബട്ട് ഡിഫറന്റ്'; റിയൽ സിക്സനൊപ്പം ബാലു!
മഞ്ഞുമ്മൽ ബോയ്സ് തരംഗമാണിപ്പോൾ. കണ്ണടക്കാൻ പറ്റുന്നില്ല. കണ്ണടച്ചാൽ ഡെവിൾസ് കിച്ചണാണ് മനസിലേക്ക് വരുന്നതെന്നാണ് സിനിമ കണ്ടിറങ്ങിയവർ ഒന്നടങ്കം പറയുന്നത്. സെക്കന്റ് ഹാഫ് മുഴുവൻ ശ്വാസം അടക്കിപിടിച്ച് ഇരുന്ന് മാത്രമെ കാണാൻ സാധിക്കുകയുള്ളു. മഞ്ഞുമ്മൽ ബോയ്സ് അതിഗംഭീരമായ ദൃശ്യാനുഭവം, സ്നേഹാനുഭവം, ഈശ്വരാനുഭവമെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ യുവാക്കളിൽ ഒരാൾ ഗുണാ കേവിൽ അകപ്പെട്ട സംഭവമാണ് ചിത്രം പറയുന്നത്.
ചിത്രം ഗംഭീരമായിട്ടുണ്ടെന്നും അന്നത്തെ ആ ദിവസങ്ങളിലേക്ക് സിനിമ തങ്ങളെ കൂട്ടിക്കൊണ്ടുപോയെന്നുമാണ് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടിറങ്ങിയശേഷം പറഞ്ഞത്. മഞ്ഞുമ്മൽ സ്വദേശികളായ സിജു, സുഭാഷ് എന്നിവരുള്‍പ്പെട്ട 11 പേരായിരുന്നു അന്ന് യാത്രാ സംഘത്തിലുണ്ടായിരുന്നത്.

കൂട്ടുകാരൻ ഗുഹയ്ക്കുള്ളിൽ വീണുവെന്ന് മനസിലാക്കിയതോടെ പിന്നീട് അവനെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു മറ്റുള്ളവർ പിന്നീട് നടത്തിയത്. സ്വന്തം ജീവിതത്തിൽ അനുഭവിച്ചകാര്യം വെള്ളിത്തിരയിൽ കണ്ടപ്പോൾ നല്ല രസം തോന്നിയെന്ന് 2006ൽ മഞ്ഞുമ്മലിൽ നിന്ന് യാത്രപോയി ഗുണാ കേവിൽ അകപ്പെട്ട സുഭാഷ് പറഞ്ഞത്. പഴയ ആ ലോകത്തിലേക്ക് ചിദംബരവും സംഘവും തിരിച്ചുകൊണ്ടുപോയി.
ഏതെങ്കിലും ദൈവം രക്ഷപ്പെടുത്താൻ വരട്ടെയെന്നായിരുന്നു ഗുഹയ്ക്കകത്ത് കിടക്കുമ്പോൾ ആലോചിച്ചത്. എന്നാൽ സുഹൃത്താണ് ദൈവത്തിന്റെ രൂപത്തിൽ വന്നത്. അനങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു അപ്പോൾ എന്നാണ് സുഭാഷ് പറഞ്ഞത്. അന്ന് സുഭാഷിനെ രക്ഷപ്പെടുത്തണം എന്ന ഒറ്റച്ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂവെന്നാണ് അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ഗുഹയ്ക്കകത്ത് ഇറങ്ങിയ സിജു പറഞ്ഞത്.
താനല്ലെങ്കിൽ കൂട്ടത്തിലെ മറ്റാരെങ്കിലും അതിനുള്ളിലേക്ക് ഇറങ്ങുമായിരുന്നുവെന്നും സിജു കൂട്ടിച്ചേർത്തു. അവൻ മരിച്ചെന്നും ഇനി കിട്ടില്ലെന്നും പലരും പറഞ്ഞു. അവന്റെ മൃതശരീരമെങ്കിലും കിട്ടാതെ തിരിച്ചുപോരില്ലെന്ന് ഞങ്ങളും പറഞ്ഞു. പോലീസിൽ അറിയിച്ചപ്പോൾ അവർ കുറേ അടിച്ചു. ഞങ്ങൾ തള്ളിയിട്ടതാണെന്നുവരെ പറഞ്ഞു. അവിടെ വേറെയും കുഴികളുണ്ട്. പക്ഷെ സുഭാഷ് വീണ അതേ കുഴിയിൽ മുമ്പ് 13 പേർ വീണിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ടെൻഷനായി.
മഴ പെയ്യാനും തുടങ്ങിയപ്പോൾ തണുത്ത് വിറച്ചുപോയി. പക്ഷെ ആ മഴ ദൈവത്തിന്റെ അനുഗ്രഹമായാണ് കരുതിയത്. മഴ പെയ്തിരുന്നില്ലെങ്കിൽ ചിലപ്പോൾ അവന് അവിടെക്കിടന്ന് വല്ലതും പറ്റിയേനേ. പുറത്തെത്തുമ്പോൾ സുഭാഷ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു എന്നാണ് കുട്ടുകാർ അന്നത്തെ അനുഭവം വെളിപ്പെടുത്തി പറഞ്ഞത്.

ചിദംബരമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ. സിനിമയുടെ ഏറ്റവും വലിയ പ്ലസ്സായി ആരാധകർ പറയുന്നത് കാസ്റ്റിങാണ്. ഗണപതിയാണ് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിനെ അവതരിപ്പിക്കാൻ പെർഫെക്ട് കാസ്റ്റിങ് നടത്തിയത്. സ്ക്രീനിൽ മഞ്ഞുമ്മൽ ബോയ്സായി പ്രത്യക്ഷപ്പെട്ട പതിനൊന്ന് പേരിൽ പെർഫെക്ട് കാസ്റ്റിങെന്ന് ഏറ്റവും കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടത് ബാലു വർഗീസ് അവതരിപ്പിച്ച സിക്സൺ എന്ന് കഥാപാത്രമാണ്.
യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിലെ സിക്സൺ എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തന്നെയാണ് സ്ക്രീനിൽ ബാലു അഭിനയിച്ചത്. റിയൽ സിക്സണൊപ്പമുള്ള സെൽഫി ബാലു വർഗീസ് സോഷ്യൽമീഡിയയിൽ പങ്കിട്ടപ്പോഴും ഇതേ അഭിപ്രായമാണ് ആരാധകർ പറഞ്ഞത്.
കൂട്ടത്തിൽ ഏറ്റവും പെർഫെക്ട് കാസ്റ്റിങ് ബാലുവിന്റേതായിരുന്നു... സെയിം സെയിം ബട്ട് ഡിറഫറന്റ്, സിക്സണിനെ ഇത്ര പെർഫെക്ടായി ബാലുവിന് അല്ലാതെ മറ്റാർക്കും അവതരിപ്പിക്കാനാവില്ല. മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം പലരും ബാലുവിന്റെ കഥാപാത്രം ഓവറാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ സിക്സണെ അടുത്ത് അറിയാവുന്നവർക്ക് ബാലു ഓവറാണെന്ന് തോന്നുകയില്ലെന്നാണ് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് പറഞ്ഞത്. റിലീസിനുശേഷം അഭിമുഖങ്ങളിൽ സിക്സൺ പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവർക്കും ബാലുവിന്റെ സിനിമയിലെ പ്രകടനങ്ങളാണ് ഓർമ വന്നത്.


Click it and Unblock the Notifications











