'റെഡിൻ മുമ്പും വിവാഹിതനായിട്ടുണ്ടോ?, സംഗീത ഷൂട്ടിങ് സെറ്റിലെത്തി വാശിപിടിച്ചപ്പോൾ നടന്ന വിവാഹം'; രംഗനാഥൻ!
ഡോക്ടർ സിനിമയിലെ ഭഗത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തമിഴ് നടൻ റെഡിൻ കിംഗ്സ്ലി മലയാളികൾക്ക് സുപരിചിതനാകുന്നത്. ഡോക്ടർ സിനിമ റെഡിന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്കാണ് സമ്മാനിച്ചത്. ഡാർക്ക് ഹ്യൂമർ ഏറ്റവും മനോഹരമായി തന്റെ സിനിമകളിൽ ഉൾപ്പെടുത്താൻ കഴിവുള്ളയാളാണ് നെൽസൺ. എത്ര നന്നായി തിരക്കഥ എഴുതിയാലും അത് അഭിനയിക്കാൻ എത്തുന്ന താരങ്ങൾക്ക് മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ പ്രയത്നം വെറുതെയാകും.
എന്നാൽ റെഡിന്റെ കാര്യത്തിൽ ആ ഭയത്തിന്റെ ആവശ്യമില്ല. ഡാർക്ക് ഹ്യൂമർ കൈകാര്യം ചെയ്യാൻ മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ് റെഡിൻ. ഡോക്ടറിന് ശേഷം കരിയർ ബ്രേക്കുണ്ടായതിനാൽ റെഡിനും തിരക്കേറി. തമിഴിലും തെലുങ്കിലുമെല്ലാമായി കൈ നിറയെ സിനിമകളാണ് ഇപ്പോൾ റെഡിന്. ഏറ്റവും അവസാനം റെഡിൻ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട സിനിമ അന്നപൂർണിയാണ്.

റെഡിന്റെ സാന്നിധ്യമില്ലാത്ത തമിഴ് സിനിമകൾ തന്നെ വിരളമാണ്. അതേസമയം നാൽപ്പത്തിയാറുകാരനായ റെഡിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തമിഴ് ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി സംഗീതയെയാണ് റെഡിൻ വിവാഹം ചെയ്തത്. വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിൽ സംഗീത അഭിനയിച്ചിട്ടുണ്ട്.
സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗത്തിൽ ഒരു പ്രധാന വേഷം സംഗീത അവതരിപ്പിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. റെഡിനും സംഗീതയും വിവാഹിതരായി എന്ന വാർത്ത സിനിമാ ലോകത്തിന് വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത്.
ഒട്ടും പ്രതീക്ഷിക്കാത്ത രണ്ടുപേർ വിവാഹത്തിലൂടെ ഒന്നായി എന്നതാണ് സിനിമാ-സീരിയൽ പ്രവർത്തകരെ അത്ഭുതപ്പെടുത്തുന്നത്. വിവാഹ ചിത്രങ്ങൾ വൈറലായതോടെ റെഡിന്റെ ആദ്യത്തെ വിവാഹമാണോ എന്നത് സംബന്ധിച്ച് ആരാധകർക്കും പ്രേക്ഷകർക്കും സംശയമുയർന്നിരുന്നു.
ഇപ്പോഴിതാ റെഡിനുമായി സൗഹൃദമുള്ള നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ റെഡിൻ-സംഗീത ബന്ധത്തെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. സംഗീത ഷൂട്ടിങ് സെറ്റിലെത്തി വാശിപിടിച്ചതുകൊണ്ടാണ് വിവാഹം പെടുന്നനെ നടന്നതെന്നാണ് ബയൽവാൻ രംഗനാഥൻ തിരൈകൂത്ത് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

'മൈസൂരിൽ വെച്ചായിരുന്നു റെഡിൻ-സംഗീത വിവാഹം നടന്നത്. ആരെയും വിവാഹത്തെ കുറിച്ച് മുൻകൂർ അറിയിക്കാതെയും സിനിമാ പ്രവർത്തകർക്ക് അറിയിപ്പ് നൽകാതെയും മൈസൂരിലെ ഷൂട്ടിങ് സ്പോട്ടിൽ വെച്ചാണ് റെഡിൻ തന്റെ വിവാഹം രഹസ്യമായി നടത്തിയത്. നാൽപ്പത്തിയാറുകാരനായ റെഡിൻ കിംഗ്സ്ലിയുടെ ആദ്യ വിവാഹമാണോ എന്നത് പലർക്കും ഉള്ള സംശയമാണ്.'
'എന്നാൽ അത് അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യമായതിനാൽ അതിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. റെഡിൻ എന്റെ സുഹൃത്താണ്. ഷൂട്ടിങ് സെറ്റിൽ വെച്ചാണ് റെഡിൻ-സംഗീത വിവാഹം നടന്നത്. എന്തുകൊണ്ടാണ് പെട്ടന്ന് വിവാഹം ചെയ്തതെന്ന് ഞാൻ ചോദിച്ചപ്പോൾ റെഡിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഞാനും സംഗീതയും ഏറെ നാളായി പ്രണയത്തിലായിരുന്നു.'
'പെട്ടന്ന് ഒരു ദിവസം സംഗീത മൈസൂർ വന്ന് ഉടൻ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു. അതുകൊണ്ട് ഞാനും വിവാഹത്തിന് സമ്മതം മൂളി ചടങ്ങ് നടത്തുകയായിരുന്നുവെന്നാണ് റെഡിൻ പറഞ്ഞത്. നടൻ കവിന്റെ പുതിയ സിനിമയുടെ ഷൂട്ട് മൈസൂരിലാണ് നടക്കുന്നത്. റെഡിനും ഈ സിനിമയുടെ ഭാഗമാണ്. ഷൂട്ടിങ് മൈസൂരിൽ പുരോഗമിക്കുന്നു.'
'അതുകൊണ്ടാണ് അവിടെ വെച്ച് ഇരുവരുടെയും വിവാഹം നടന്നത് എന്നാണ്', റെഡിൻ-സംഗീത ജോഡിയെ കുറിച്ച് സംസാരിച്ച് ബയൽവാൻ രംഗനാഥൻ പറഞ്ഞത്. ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുലെ രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാർക് ആന്റണി എന്നിവയാണ് റെഡിന്റെ പ്രധാന സിനിമകൾ.


Click it and Unblock the Notifications