'എന്റെ ഡയലോഗ് കേട്ടതും രോഷം വന്ന രാധിക അടുത്തിരുന്ന ഗ്ലാസ് അടിച്ച് പൊട്ടിച്ചു, ചില്ല് കയറി രക്തം ഒഴുകി'
സീരിയലിൽ നിന്നും സിനിമയിലെത്തി കരിയർ കെട്ടിപ്പടുത്ത നിരവധി പ്രതിഭകൾ ഇന്ത്യൻ സിനിമയിലുണ്ട്. സ്റ്റേജ് ഷോകൾ മൂലവും സീരിയലുകൾ വഴി ശ്രദ്ധനേടിയും തമിഴ് സിനിമയിലേക്ക് എത്തി തന്റേതായ സ്ഥാനം നേടിയെടുത്തവരിൽ പ്രധാനിയാണ് നടൻ ശിവകാർത്തികേയൻ അടക്കമുള്ളവർ. നടന്റെ പാത പിന്തുടർന്ന് നിരവധി യുവതാരങ്ങൾ സിനിമയിൽ നല്ല വേഷങ്ങൾ ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
അത്തരത്തിൽ ശിവകാർത്തികേയനെപ്പോലെ മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തി നിരവധി ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് ബാബൂസ്. ഇദ്ദേഹം ഏറെയും വില്ലൻ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. വളരെ നാളുകൾക്കുശേഷം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സിനിമാ അനുഭവങ്ങൾ നടൻ പങ്കുവെച്ചു.

ഇതുവരെയുള്ള അഭിനയ ജീവിതത്തിനിടെ ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ താരങ്ങൾ രാധികയും ഭർത്താവ് ശരത്കുമാറുമാണെന്നാണ് ബാബൂസ് പറഞ്ഞത്. അതിനുള്ള കാരണവും നടൻ വെളിപ്പെടുത്തി. ഒപ്പം പ്രവർത്തിക്കുന്നവരുടെ കഴിവിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും മനസുള്ളവരാണ് ഇരുവരും എന്നാണ് ബാബൂസ് പറഞ്ഞത്. കൂടാതെ സീരിയിൽ സെറ്റിൽ നടി രാധികയ്ക്കൊപ്പമുണ്ടായ മറക്കാനാവാത്ത അനുഭവവും ബാബൂസ് പങ്കുവെച്ചു.
രാധികയ്‌ക്കൊപ്പം നിരവധി സീരിയലുകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അവർക്കൊപ്പം ഞാൻ കൂടുതൽ വില്ലൻ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. അരസി സീരിയലിൽ നടന്ന ഒരു സംഭവം മറക്കാൻ പറ്റില്ല. ആ സീരിയലിൽ പോലീസ് ഓഫീസറുടെ വേഷമാണ് രാധിക അവതരിപ്പിച്ചത്. അതിൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്.
ഒരു സീനിൽ ഞാൻ ദേഷ്യത്തോടെ രാധികയുടെ മുറിയിലേക്ക് കടന്ന് ചെല്ലുന്നുണ്ട്. അപ്പോൾ രാധിക ഞാൻ നിനക്ക് ഒരു മിനിറ്റ് സമയം തരാം അതിനുള്ളിൽ ഇവിടം വിട്ട് പോകാൻ പറയുന്നുണ്ട്. പക്ഷെ ഞാൻ അത് കേൾക്കാതെ നെടുനീളൻ ഡയലോഗ് പറയുകയാണ് ചെയ്യുന്നത്. ഞാൻ ഡയലോഗ് മനപാഠമാക്കാറില്ല. വായിച്ച് ഉള്ളടക്കം ഗ്രഹിച്ചശേഷം എന്റെ ഭാഷയിൽ പറയുകയാണ് ചെയ്യാറ്. അത് തന്നെയാണ് ഇവിടെയും പ്രയോഗിച്ചത്.
ഞാൻ എന്റെ ഡയലോഗ് പറഞ്ഞ് അവസാനിപ്പിച്ചതും രോഷം വന്ന രാധിക അടുത്തിരുന്ന ഗ്ലാസ് അടിച്ച് പൊട്ടിച്ചു. മാത്രമല്ല ചില്ല് തുളച്ച് കയറി രാധികയുടെ കൈയിൽ നിന്ന് രക്തം വാർന്നൊഴുകി. ഞാൻ പറഞ്ഞ ഡയലോഗ് അവരുടെ കഥാപാത്രത്തെ പ്രകോപിപ്പിച്ചുവെന്നതാണ് അതിൽ നിന്ന് മനസിലാക്കേണ്ടത്. മാത്രമല്ല സീൻ കഴിഞ്ഞതും എന്റെ പ്രകടനത്തെ രാധിക അഭിനന്ദിച്ചു. ആരും പൊതുവെ ഇങ്ങനെ അഭിനന്ദിക്കാനൊന്നും തയ്യാറാവാറില്ല.

അരസി സീരിയലിലെ നായിക രാധികയാണ്. അവർ തന്നെയാണ് നിർമ്മാണം. പക്ഷെ അവർ എൻ്റെ പ്രകടനത്തെ അഭിനന്ദിച്ചു. അത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീട് സീരിയലിലെ ആ രംഗം ശരത്കുമാർ കണ്ടു. അദ്ദേഹം ഞാൻ നന്നായി അഭിനയിച്ചുവെന്നും നമ്മുടെ സിനിമയിൽ വേഷം കൊടുക്കാമെന്നും പറഞ്ഞുവത്രെ. രാധിക മാഡം പിറ്റേന്ന് എൻ്റെ അടുത്ത് വന്ന് ശരത്കുമാർ പറഞ്ഞത് എന്നോട് പറഞ്ഞു. എനിക്കും അത് വലിയ സന്തോഷമായി.
കുറച്ച് വർഷങ്ങൾക്ക് ശേഷം ശരത്കുമാർ എനിക്ക് സിനിമയിൽ അവസരം തരികയും ചെയ്തു. ആ സിനിമയിൽ ഞാനും ശരത്കുമാറും ഒരു സീനിൽ ഡയലോഗ് മനപാഠമാക്കാതെ ലൈവായി മനസിൽ വന്നത് സംസാരിക്കുകയാണ് ചെയ്തത്. അന്ന് അത് നന്നായി ചെയ്യാൻ ഞങ്ങൾക്ക് രണ്ടുപേർക്കും സാധിച്ചു. തീർച്ചയായും താൻ സിനിമയിൽ വലിയ ആളായി മാറുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
അതിനുശേഷം ഒരുപാട് അവസരങ്ങൾ വന്നു. ഇപ്പോഴും സിനിമയിലും സീരിയലിലും അഭിനയിക്കാനും സാധിക്കുന്നുണ്ടെന്നുമാണ് ബാബൂസ് രാധികയേയും ശരത്കുമാറിനെയും കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഒപ്പം അഭിനയിക്കുന്നവർ സ്കോർ ചെയ്യുമോയെന്ന ഭയമില്ലാത്ത അഭിനേതാക്കളാണ് ഇരുവരുമെന്നും ബാബൂസ് കൂട്ടിചേർത്തു.


Click it and Unblock the Notifications