'അന്ന് അജു വര്‍ഗ്ഗീസ് അങ്ങനെ വിളിച്ചു പറഞ്ഞപ്പോള്‍ വിഷമം തോന്നി'; തുറന്നു പറഞ്ഞ് നടന്‍ ഭഗത് മാനുവല്‍
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഭഗത്. 2010-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പുരുഷു എന്ന കഥാപാത്രം താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നേടി കൊടുത്തത്. അജുവിനൊപ്പം നിവിന്‍ പോളി, ഭഗത് മാനുവല്‍, ശ്രാവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരും മലര്‍വാടിയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇവരില്‍ നിവിന്‍ പോളി സൂപ്പര്‍ താരമായപ്പോള്‍ നായകനായും സഹനടനായുമുളള വേഷങ്ങളില്‍ അജുവും ഭഗതും തിളങ്ങിയിരുന്നു.
നടനായി തിളങ്ങുന്നതിനൊപ്പം ഒരു സംവിധായകനാകാന്‍ തയ്യാറെടുക്കുകയാണ് ഭഗത്. പുതിയ സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും ഭഗത് പറയുന്നു. അജു വര്‍ഗ്ഗീസാണ് ചിത്രത്തിലെ നായകന്‍. അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ഭഗത് തന്റെ പുതിയ സിനിമയെക്കുറിച്ച് സംസാരിച്ചത്.

ഇതിനിടെ അവതാരകയായ സ്വാസിക മുമ്പ് അജു വര്‍ഗ്ഗീസ് റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി വന്നപ്പോള്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഭഗത്തിനോട് ചോദിച്ചു. അന്ന് ഭഗത്തിനെ പറ്റിക്കാന്‍ വേണ്ടി അജു നടത്തിയ പ്രാങ്ക് കോളിനെക്കുറിച്ചായിരുന്നു ചോദ്യം. ഭഗത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അജുവിന് സമയമില്ല എന്ന മട്ടില്‍ കാര്യം അവതരിപ്പിക്കുകയായിരുന്നു. പുതിയൊരു സിനിമ അജു സംവിധാനം ചെയ്യുകയാണെന്നും അതിനായി ഒരു മൂന്നു നാലു മാസം ഡേറ്റില്ലെന്നും അജു ഭഗത്തിനെ ഫോണിലൂടെ വിളിച്ച് പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതികരണമായിരുന്നു അറിയേണ്ടിയിരുന്നത്.
സിനിമ നടക്കില്ലെന്നറിഞ്ഞ് ഭഗത് ഞെട്ടിപ്പോവുകയായിരുന്നു. പക്ഷെ, ഉടന്‍ തന്നെ ഭഗത് പ്രതികരിച്ചു. ആ സിനിമ അജു ചെയ്യേണ്ട എന്നായിരുന്നു ഭഗത്തിന്റെ ഉടനെയുള്ള മറുപടി. ഇതുകേട്ട് ചിരിച്ച അജു ഭഗത്തിനോട് താന്‍ വിളിച്ചത് തമാശയായിട്ടാണെന്നും പ്രാങ്ക് കോളാണെന്നും പറഞ്ഞ് മനസ്സിലാക്കി.
ഈ വിഷയത്തെക്കുറിച്ചായിരുന്നു സ്വാസിക ഭഗത്തിനോട് ചോദിച്ചത്. ഭഗത് അതിന് വളരെ ഹൃദയസ്പര്‍ശിയായ മറുപടിയാണ് നല്‍കിയത്. അന്ന് അജു തന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ പെട്ടെന്നു വിഷമം വന്നുവെന്നും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മനസ്സില്‍ തട്ടുന്ന രീതിയില്‍ സംസാരിച്ചാല്‍ വിഷമം വരാറുണ്ടെന്നും ഭഗത് പറയുന്നു.
'എന്നോട് വളരെ അടുപ്പമുള്ളവര്‍ എനിക്കെതിരെ ചെയ്തു എന്നു തോന്നിയാല്‍ അത് മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കും. അന്ന് ആ സംഭവം കേട്ടപ്പോള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് എടുത്തു ചാടിയാലോ എന്നുവരെ വിചാരിച്ചു.' ഭഗത് വ്യക്തമാക്കി.

2010-ന് ശേഷം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് ഭഗത്. ഡോക്ടര്‍ ലവ്, മാസ്‌റ്റേഴ്‌സ്, തട്ടത്തിന്‍ മറയക്ക്, എന്‍ട്രി, ആട്, ഒരു വടക്കന്‍ സെല്‍ഫി, നെല്ലിക്ക,സണ്‍ഡേ ഹോളിഡേ, ഉയരെ, സാജന്‍ ബേക്കറി തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹനടനായി ഭഗത് തിളങ്ങി.
ഭഗത് നായകനാകുന്ന പുതിയ ചിത്രം നീലരാത്രി ഉടന്‍ പുറത്തിറങ്ങും. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഒരു ത്രില്ലര്‍ ചിത്രമായൊരുക്കിയിരിക്കുന്ന നീലരാത്രി അശോക് നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











