'റാംപ് വാക്ക് ചെയ്തപ്പോൾ മുമ്പുകേട്ട കളിയാക്കലുകളായിരുന്നു ഉള്ളിൽ, ശരിയാകുമോയെന്ന് മമ്മൂക്ക ചോദിച്ചു'; ബിബിൻ
തിരക്കഥാകൃത്തായി എത്തി ഇന്ന് മലയാള സിനിമയിൽ നടനായും ശ്രദ്ധ നേടുകയാണ് ബിബിൻ ജോർജ്. ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച ചെറുപ്പക്കാരനാണ് ബിബിൻ.
പോളിയോ ബാധയെ തുടർന്ന് ശാരീരിക പരിമിതികൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്ന ഒരു വ്യക്തി കൂടിയാണ് ബിബിൻ. മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി പരിപാടികളുടെ തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബിബിൻ കരിയർ ആരംഭിച്ചത്.
വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അമർ അക്ബർ ആന്റണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സിനിമാ രംഗത്ത് ശ്രദ്ധനേടി.പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങൾക്കും വിഷ്ണുവും ബിബിനും ചേർന്ന് തിരക്കഥയൊരുക്കി.
ഒരു പഴയ ബോംബ് കഥ, മാർഗം കളി, ഷൈലോക്ക്, ഒരു യമണ്ടൻ പ്രേമകഥ, തിരിമാലി എന്നീ സിനിമകളിലൂടെ നടനായും ബിബിൻ ശ്രദ്ധ നേടി. വെടിക്കെട്ട് എന്ന ചിത്രത്തിലൂടെ വിഷ്ണുവും ബിബിനും ഇപ്പോൾ സംവിധായകരുമായിരിക്കുകയാണ്.

ഇപ്പോഴിത ആദ്യമായി റാംപ് വാക്ക് ചെയ്തപ്പോഴുള്ള അനുഭവം ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ബിബിൻ ജോർജ്. 'എന്റേയും വിഷ്ണുവിന്റേയും ആലോചനയിൽ പോലും സംവിധാനം ഉണ്ടായിരുന്നില്ല. അഭിനയമാണ് പണ്ട് മുതൽ ഞങ്ങളുടെ ലക്ഷ്യം.'
'അതിലേക്കുള്ള വഴിയായാണ് സ്ക്രിപ്റ്റ് എഴുത്തിനെ കണ്ടിരുന്നത്. അഭിനയം താൽപര്യമുള്ള ഒരുപാട് പേരെ എനിക്കും വിഷ്ണുവിനും അറിയാം. അവർക്കും ഞങ്ങളുടെ കൂട്ടുകാർക്കും അവസരം കൊടുക്കാൻ വേണ്ടിയാണ് സത്യസന്ധമായി പറഞ്ഞാൽ സിനിമ സംവിധാനം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയത്.'

'സംവിധാനം പോലെ തലവേദനയും ടെൻഷനും പിടിച്ച പരിപാടി വേറെ ഇല്ല. വെടികെട്ട് ഷൂട്ടിനിടയിൽ മൊത്തം പ്രശ്ങ്ങളായിരുന്നു. ഒരു അമ്പലത്തിന് മുന്നിലായിരുന്നു ഷൂട്ടിന്റെ ഏറെ ഭാഗവും നടന്നത്. ഒരു പത്തിരുപത് പേരെങ്കിലും വെടിക്കെട്ടിന്റെ ഷൂട്ട് പൂർത്തിയാകുന്നതിനുള്ളിൽ ആശുപത്രിയിൽ ആയിട്ടുണ്ട്.'
'വിഷ്ണുവിന് കൈയ്യിൽ പൊള്ളലേറ്റു, ഞാൻ വഞ്ചിയിൽ നിന്ന് വെള്ളത്തിൽ വീണ് മുങ്ങിചാവാൻ പോയി, ആർട്ടിലെ പിള്ളേർക്ക് കറന്റ് അടിച്ചു. ദിവസവും ഓരോ പ്രശ്നങ്ങളായിരുന്നു. ആരുടെയൊക്കയോ പുണ്യം കൊണ്ട് ഷൂട്ടിങ് പൂർത്തിയായി. പക്രു ചേട്ടനൊക്കെയാണ് എന്റെ പ്രചോദനം.'

'റാംപ് വാക്ക് ചെയ്യാൻ ചെന്നപ്പോൾ എനിക്ക് പരിചയമില്ലാത്ത ആളുകളായിരുന്നു മുഴുവൻ. അത് വേറൊരു ലോകമായിരുന്നു. ഫാഷന്റേയുമൊക്കെ. അതിന്റെ ഏറ്റവും വലിയ പ്രത്യേകത നടപ്പാണ്. അവിടെ ഞാൻ നടന്നു... ഒപ്പം മോഡൽസും നടന്നുവെന്നത് എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു.'
'അവിടെ നടന്നപ്പോൾ കളിയാകുമോയെന്ന പേടിയായിരുന്നു. ഞാൻ നടന്നപ്പോൾ എന്നെ പോലുള്ള ഒരുപാട് കുട്ടികൾക്ക് അതൊരു സ്റ്റൈലാകും.'
'ഇൻസ്പിരേഷൻ ആകട്ടെയെന്ന് പറയില്ല സ്റ്റൈൽ ആകട്ടെയെന്നെ പറയൂ. പടം നിർമിക്കാൻ ചിന്തയേയില്ല. ഹീറോ ആകണമെന്നത് പണ്ട് മുതലെ ഉള്ള പ്ലാൻ ആയിരുന്നു. കാമുകിക്ക് വേണ്ടി ഹിന്ദി പാട്ട് മലയാളത്തിലേക്ക് മൊഴിമാറ്റി എഴുതിയിട്ടുണ്ട്.'

'ഹിന്ദി അധ്യാപകനായിരുന്നു ഞാൻ. ബിഎ, എംഎ, ബിഎഡ്, എംഫിൽ ഇത്രയും കഴിഞ്ഞ് ഗേൾസ് സ്കൂളിൽ രണ്ട് വർഷം പഠിപ്പിച്ചിട്ടുമുണ്ട്. പക്ഷെ ആർക്കും എന്നെ കണ്ടാൽ അധ്യാപകനാണെന്ന് തോന്നില്ല. അന്നും ആഗ്രഹം സിനിമയായിരുന്നു.'
'മമ്മൂക്കയെ കാണാൻ ഷൈലോക്കിന്റെ സെറ്റിൽ ഞാൻ പോയിരുന്നു. പലർക്കും എന്നോടും ചോദിക്കണമെന്നുണ്ടാകും കാല് ശരിയാക്കാൻ പറ്റുമോയെന്ന് പക്ഷെ എനിക്ക് എന്ത് തോന്നുമെന്ന് കരുതി ചോദിക്കില്ല. പക്ഷെ മമ്മൂക്ക എന്നോട് ഓപ്പണായി ചോദിച്ചു ഇത് നേരെയാക്കാൻ പറ്റില്ലെയെന്ന്.'

'ശാസ്ത്രം വളർന്നുകൊണ്ടിരിക്കുന്നതിനാൽ ചിലപ്പോൾ അഞ്ച് കൊല്ലം കഴിയുമ്പോൾ ശരിയായേക്കും മമ്മൂക്ക എന്നാണ് ഞാൻ മറുപടി പറഞ്ഞത്. ചിലർ ബിബിൻ ജോർജ് ഒ നായർ എന്നാണ് എന്റെ ഇൻസ്റ്റയിലെ പേര് വായിക്കാറുള്ളത്.'
'അത് ബിബിൻ ജോർജ് ഓൺ എയർ എന്നാണ്. കടുവയിലെ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ഫീൽ ചെയ്തിരുന്നു' ബിബിൻ ജോർജ് പറഞ്ഞു.


Click it and Unblock the Notifications











