'തിരിച്ചുവരാൻ അവൾ എവിടെയാണ് പോയത്, മോന്റെ കാര്യങ്ങൾ നോക്കണ്ടേ?'; സംയുക്തയെ കുറിച്ച് ബിജു മേനോൻ!
മലയാളത്തിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് ഇരുവരും. നിരവധി സിനിമകളിൽ നായികാ നായകന്മാരായി അഭിനയിച്ചതിലൂടെയുണ്ടായ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുപത് വർഷമായി സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. 'നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിൻറെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്നെ ഭാഗ്യവാനാക്കുന്നത്' എന്നാണ് അവസാന വിവാഹ വാർഷിക ദിനത്തിൽ ബിജു മേനോൻ സംയുക്ത വർമയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് കുറിച്ചത്.
ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്ത വർമ്മയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും നായികാ നായകന്മാരായി എത്തി. മേഘമൽഹാർ കഴിഞ്ഞതിന് ശേഷമാണ് ജീവിതത്തിൽ ഒരുമിക്കാമെന്ന തീരുമാനത്തിലേക്ക് തങ്ങൾ എത്തിയതെന്ന് സംയുക്ത പറഞ്ഞിട്ടുണ്ട്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു സംയുക്തയുടെ തീരുമാനം.

അതേസമയം ബിജു മേനോൻ തിരക്കുള്ള അഭിനേതാവായി തുടരുകയാണ്. സംയുക്ത വർമ വെറും നാല് വർഷം മാത്രമാണ് മലയാള സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷം കൊണ്ട് പതിനെട്ട് സിനിമകൾ ചെയ്യുകയും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ സ്വന്തമാക്കുകയും ചെയ്തു. അത്രത്തോളം കഴിവുറ്റ നടിയായിരുന്നു സംയുക്ത വർമ. അതിനാൽ തന്നെ സംയുക്ത വർമയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. കുബേരനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സംയുക്ത വർമയുടെ മലയാള സിനിമ. കൂടാതെ തെങ്കാശിപ്പട്ടണത്തിന്റെ തമിഴിലും സംയുക്ത വർമ അഭിനയിച്ചിരുന്നു. സംയുക്ത അഭിനയം നിർത്തിയതോടെ ഏത് അഭിമുഖത്തിൽ ബിജു മേനോൻ പങ്കെടുത്താലും അതിൽ ഒരു ചോദ്യം സംയുക്തയുടെ തിരിച്ച് വരവ് പ്രതീക്ഷിക്കാമോ എന്നതായിരിക്കും.

അഭിനയം നിർത്തിയ സംയുക്ത വർമ ഇപ്പോൾ യോഗയും മറ്റുമായി സജീവമാണ്. കൂടാതെ സോഷ്യൽമീഡിയയിൽ തന്റെ വിശേഷങ്ങൾ സംയുക്ത പങ്കുവെക്കാറുണ്ട്. ഇപ്പോൾ ലളിതം സുന്ദരം സിനിമയുടെ പ്രമോഷൻ ചടങ്ങിൽ ബിജു മേനോൻ പങ്കെടുക്കാനെത്തിയപ്പോഴും സംയുക്തയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു. മഞ്ജു വാര്യർ തന്റെ സുഹൃത്തുക്കളും നടിമാരുമായ ഭാവന, മീര ജാസ്മിൻ, നവ്യാ നായർ തുടങ്ങിയവർ വീണ്ടും സിനിമകൾ ചെയ്ത് തുടങ്ങിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കാണ് ബിജു മേനോനോട് സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്.

ഉടനെ ബിജു മേനോന്റെ മറുപടി എത്തി. 'എനിക്കറിയാം അടുത്ത ചോദ്യം എന്റെ അടുത്തേക്കാണെന്ന്.... ഞാൻ ഇത് പ്രതീക്ഷിച്ചാണ് ഇരുന്നത്. തിരിച്ചുവരാൻ അവൾ എവിടേയും പോയിട്ടില്ലല്ലോ? അവൾ അവിടെ തന്നെ ഉണ്ട്. പിന്നെ സിനിമയിലേക്ക് തിരിച്ചുവരുമോയെന്ന് ചോദിച്ചാൽ ഒരുപാട് കുടുംബകാര്യങ്ങളുണ്ടെന്ന് പറയേണ്ടി വരും. മോന്റെ കാര്യം നോക്കണം. റണ്ടുപേരും ജോലി ചെയ്താൽ മോന്റെ കാര്യം ആര് നോക്കും. സിനിമയിൽ അഭിനയിക്കാതിരിക്കുന്നത് അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. അവൾക്ക് അഭിനയിക്കണമെങ്കിൽ അഭിനയിക്കാം' ബിജു മേനോൻ കൂട്ടിച്ചേർത്തു.
Recommended Video

ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ-മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലളിതം സുന്ദരം. സെെജു കുറുപ്പ്, സുധീഷ്, അനു മോഹൻ, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടൻ, മാസ്റ്റർ ആശ്വിൻ വാര്യർ, ബേബി തെന്നൽ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ. വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ലളിതം സുന്ദരം മാർച്ച് 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തും.


Click it and Unblock the Notifications











