'ഒന്ന് കണ്ണടച്ചാൽ മുന്നിൽ സുധിയാണ്, അന്ന് സുധി വളരെ ഊർജസ്വലനായിരുന്നു, ചിരിക്കുന്നത് ഇന്നാണ്'; ബിനു അടിമാലി
കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ ഒരാളാണ് നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വടകരയിലെ സ്റ്റേജ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബിനു അടിമാലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മുൻസീറ്റിലിരുന്ന കൊല്ലം സുധിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിൽ എത്തിക്കും മുമ്പ് കൊല്ലം സുധി മരിച്ചു. സീറ്റ് ബെൽറ്റ് സുധി കൃത്യമായി ധരിച്ചില്ലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനാണ്.
മുൻ സീറ്റിൽ മുഖം വന്ന് അടിച്ചതിനാൽ പല്ലുകൾ നഷ്ടമാവുകയും മുഖം ചതയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയകൾക്ക് ശേഷം വിശ്രമത്തിലാണ് മഹേഷ്. കൊല്ലം സുധിയും ബിനു അടിമാലിയും വളരെ വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്.
സുധിയുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ സുഹൃത്തിനെ അവസാനമായി കാണാൻ പോലും ബിനു അടിമാലിക്ക് സാധിച്ചില്ല.

അവസാനത്തെ സ്റ്റേജ് ഷോയിലും ബിനു അടിമാലിക്കൊപ്പം നിന്ന് കൊല്ലം സുധി കൗണ്ടറുകൾ പറയുന്നതിന്റെ വീഡിയോ ശ്രദ്ധനേടിയിരുന്നു. ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഉടൻ ബിനു അടിമാലി എത്തിയത് കൊല്ലം സുധിയുടെ കുടുംബത്തെ സന്ദർശിക്കാനായിരുന്നു. നടക്കുന്നതിനും മറ്റും ചെറിയ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ബിനു അടിമാലി ടിവി ഷോകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്.
അതേസമയം വാഹനാപകടത്തിന് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തി സംസാരിച്ചിരിക്കുകയാണ് താരം. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനാണ് ബിനു എത്തിയത്.
ചെക്കപ്പ് കഴിഞ്ഞ് മടങ്ങി വരും വഴിയാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും വേദിയിൽ സംസാരിക്കവെ ബിനു അടിമാലി പറഞ്ഞു. സുധിയെ കുറിച്ചുള്ള ഓർമകളും വിങ്ങലുകളോടെ ബിനു അടിമാലി പങ്കുവെച്ചു.
താൻ ഒന്ന് ചിരിച്ചിട്ട് പോലും പതിനഞ്ച് ദിവസത്തിൽ ഏറെയായി എന്നും നടൻ പറഞ്ഞു. 'പത്ത്, പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് ഞാൻ ചിരിക്കുന്നത്. ഭംഗി വാക്കായിട്ട് പറയുകയല്ല. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ സുധിയുടെ ഓർമകൾ കേറി വരും. ഉറങ്ങാൻ പറ്റാറില്ല. എപ്പോഴും ഒപ്പമുണ്ടായിരുന്ന ഒരു വ്യക്തി പെട്ടന്ന് ഇല്ലാതാവുകയായിരുന്നല്ലോ.'

'ജനറൽ ബോഡി യോഗത്തിൽ വന്ന് എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ സമാധാനമായി. പകുതി അസുഖം കുറഞ്ഞത് പോലെ തോന്നുന്നു. അപകടം നടക്കുന്നതിന് മുമ്പ് ഓടിച്ചാടി വന്ന് സുധി കാറിന്റെ മുൻ സീറ്റിൽ ഇരുന്നു. അങ്ങോട്ട് പോയപ്പോഴും ഇങ്ങോട്ട് വന്നപ്പോഴും അവൻ തന്നെയാണ് മുന്നിലിരുന്നത്.'
'ആ ദിവസം സുധി വളരെ ഊർജസ്വലനായിരുന്നു. അത്രത്തോളം ആക്ടീവായി അവനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത് സുധിയുടെ സമയമായിരിക്കാം', സുഹൃത്തിനെ അനുസ്മരിച്ച് വിതുമ്പി കൊണ്ട് ബിനു അടിമാലി പറഞ്ഞു. ചലിച്ചത്ര രംഗത്ത് നിന്നും നിരവധി പേർ തന്നെ കാണാൻ ഈ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വീട്ടിലേക്ക് വന്നുവെന്നും മനസറിഞ്ഞ് സഹായങ്ങൾ പലരും വാഗ്ദാനം ചെയ്തുവെന്നും ബിനു അടിമാലി പറഞ്ഞു.
ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കൊല്ലം സുധിയും ബിനു അടിമാലിയുമുൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Click it and Unblock the Notifications











