'എനിക്ക് ഇപ്പോൾ മക്കൾ മൂന്നല്ല അഞ്ചാണ്, ആക്‌സിഡന്റിന് ശേഷമാണ് ആ തിരിച്ചറിവുണ്ടായത്'; ബിനു അടിമാലി പറയുന്നു!
തമാശ കൗണ്ടറുകളുമായി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച് കൊല്ലുന്ന ബിനു അടിമാലിയുടെ പേര് കേട്ടാൽ തന്നെ ആളുകൾ പൊട്ടിച്ചിരിക്കാൻ തുടങ്ങും. മിമിക്രി വേദികളിലും ചാനൽ ഫ്ലോറുകളിലും ചിരിയുടെ മാലപ്പടക്കവുമായി എത്തുന്ന ബിനു സിനിമയിലും ഇപ്പോൾ നിറഞ്ഞ് നിൽക്കുകയാണ്. നർമം കലർന്ന സംസാരശൈലിയാണ് ബിനുവിന്റെ ഹൈലൈറ്റ്.
സ്റ്റാർ മാജിക്കിന്റെ ഭാഗമായശേഷമാണ് ബിനു അടിമാലിക്ക് ആരാധകർ വർധിച്ചത്. അടുത്തിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി കുറച്ച് നാളുകൾക്ക് മുമ്പാണ് സുഖം പ്രാപിച്ച് വീണ്ടും ഷോകളിലും സിനിമകളിലും അഭിനയിച്ച് തുടങ്ങിയത്.
ഇടുക്കിയാണ് സ്വദേശമെങ്കിലും ഷൂട്ടിങ്, ഷോകൾ എന്നിവയിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനായി എറണാകുളം ആലുവയിലാണ് ബിനു വീട് വെച്ച് കുടുംബസമേതം താമസിക്കുന്നത്. അടുത്തിടെ ബിനു അടിമാലി കുടുംബസമേതം സ്റ്റാർ മാജിക്കിൽ വന്ന് വിശേഷങ്ങൾ പങ്കുവെച്ചത് വൈറലായിരുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം.

ഇടുക്കി വിട്ട് എറണാകുളത്തേക്ക് താമസം മാറ്റിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം അടിമാലിയിലേക്ക് ഓടി എത്താൻ ബിനു ശ്രമിക്കാറുണ്ട്. ബിഹൈൻവുഡ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രണ്ട് വർഷം മുമ്പ് പണിത വീടിന്റെ വിശേഷങ്ങൾ ഹോം ടൂർ സെഗ്മെന്റിന്റെ ഭാഗമായി ബിനു പങ്കുവെച്ചത്.
നാടിനെയും വീടിനെയും ഒരുപാട് സ്നേഹിക്കുന്ന ബിനുവിന് വിദേശത്ത് പരിപാടി അവതരിപ്പിക്കാൻ പോയാലും എത്രയും വേഗം നാട്ടിൽ എത്തിച്ചേരണമെന്ന ചിന്തയാണ് ഏറെയും ഉള്ളത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചിലവഴിക്കുന്നതാണ് ഏറ്റവും സന്തോഷം നൽകുന്നതെന്നും ബിനു പറയുന്നു.
'വീട്ടില്‍ ഇപ്പോള്‍ ഭാര്യയും മക്കളുമാണ് ഉള്ളത്. മൂത്ത മകന്‍ ഒരു ടൂറിലാണ്. അവന്‍ പ്ലസ് ടു എല്ലാം കഴിഞ്ഞു. പോളണ്ടില്‍ പോയി ഉപരിപഠനം നടത്തണം എന്നാണ് അവന്റെ ആഗ്രഹം. വിദേശത്തൊക്കെ അവനെ വിടുന്നത് എനിക്ക് താൽപര്യമില്ല. പക്ഷെ സുഹൃത്തുക്കളൊക്കെ അങ്ങോട്ട് പോയി എനിക്കും പോകണം എന്ന് പറഞ്ഞ് നില്‍ക്കുകയാണ് അവൻ.'
'ആത്മിക് എന്നാണ് മൂത്തയാളുടെ പേര്. രണ്ടാമത്തെ മകന്‍ ആമ്പല്‍. മകള്‍ പത്താം ക്ലാസിലാണ് പേര് മീനാക്ഷി. ഷോകളില്‍ കണ്ടറുകള്‍ പറയുന്നത് കണ്ട് ശീലിച്ചതുകാരണം പിള്ളേര്‍ക്ക് ഇപ്പോള്‍ ഞാന്‍ എന്ത് പറഞ്ഞാലും കോമഡിയാണ്. വഴക്ക് പറഞ്ഞാല്‍ പോലും ചിരിച്ചിട്ട് പോകും', എന്നാണ് ബിനു പറയുന്നത്.

ബിനുവിന്റെ സ്വീകരണ മുറിയിലും അടുക്കളയിലും വരെ നിറഞ്ഞ് നിൽക്കുന്നത് പുരസ്കാരങ്ങളാണ്. പുരസ്കാരങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നതിന് പിന്നിലെ കാരണവും ബിനു വ്യക്തമാക്കി. 'പുരസ്കാരങ്ങളും പലരിൽ നിന്നായി ലഭിച്ച ഫോട്ടോ ഫ്രെയിമുകളും നിരവധിയുണ്ട്. കുറച്ച് പുരസ്‌കാരങ്ങള്‍ ഹാളില്‍ സൂക്ഷിച്ചിട്ടുണ്ട്.'
'അതില്‍ സുധിയ്‌ക്കൊപ്പം ഏറ്റവും അവസാനം പങ്കെടുത്ത ഷോയില്‍ നിന്ന് കിട്ടിയ പുരസ്‌കാരവുമുണ്ട്. അത് വാങ്ങിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇതുപോലൊരെണ്ണം സുധിയ്ക്കും കിട്ടിയിരുന്നു. വേറെ കുറേ പുരസ്‌കാരങ്ങള്‍ അടുക്കളയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അവിടെ പാചകം ചെയ്യാറില്ല. ഇപ്പോള്‍ പാത്രങ്ങളെക്കാള്‍ പുരസ്‌കാരങ്ങളാണ് അടുക്കളയില്‍ കൂടുതലും ഉള്ളത്. വര്‍ക്ക് ഏരിയയിലാണ് പാചകമെന്നും', ബിനു പറയുന്നു.
അപകടം സംഭവിച്ച ശേഷം തനിക്കുണ്ടായ ഒരു തിരിച്ചറിവിനെ കുറിച്ചും ബിനു വാചാലനായി. 'സ്റ്റാര്‍ മാജിക്കിലെ എല്ലാവരും ഈ വീട്ടില്‍ എന്നെ കാണാന്‍ വന്നിരുന്നു. അവരൊക്കെയായി ഇത്രയും വലിയ ആത്മബന്ധം ഉണ്ടായിരുന്നോയെന്ന് എനിക്ക് പോലും ബോധ്യം വന്നത് ആ അപകടത്തിന് ശേഷമാണ്. സുധിയുമായി വല്ലാത്ത ഒരു ബന്ധം ഉണ്ടായിരുന്നു. അവന് എന്നോടും.'
'വേണ്ടപ്പെട്ടവരെ തിരിച്ചറിയുന്നത് നമുക്കൊരു ആപത്ത് സംഭവിക്കുമ്പോഴാണല്ലോ. അപകടത്തിന് ശേഷം ഇപ്പോഴും പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. സ്റ്റെപ്‌സ് കയറാനൊക്കെ ബുദ്ധിമുട്ടുണ്ടെന്നും', ബിനു പറയുന്നു. ഒരുപാട് പണം സമ്പാദിക്കണം എന്ന ചിന്തയില്ലെന്നും സന്തോഷത്തോടെ കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബിനു പറയുന്നു.
മൂന്ന് മക്കളെ കൂടാതെ വീട്ടിലെ മറ്റ് രണ്ട് അംഗങ്ങളെയും മക്കളെന്ന സ്ഥാനത്താണ് ബിനു പരിഗണിക്കുന്നത്. 'അതിൽ ഒരാൾ വളർത്തുനായ അന്നമ്മയാണ്. സ്റ്റാർ മാജിക്ക് താരം അന്നയാണ് ആ നായയെ ബിനുവിന് സമ്മാനിച്ചത്. മൂത്ത മകൻ എന്റെ കാറാണ്. ഫോര്‍ച്യൂണര്‍. വെള്ളപ്പൊക്ക സമയത്തൊക്കെ ഞങ്ങളെ രക്ഷപ്പെടുത്തി കൊണ്ടുവന്നത് ആ കാറാണ്.'
'അതുകൊണ്ട് ആ വണ്ടിയോടും വല്ലാത്ത ആത്മബന്ധമുണ്ട്. മൂത്ത മകന്‍ അവനാണ്. അങ്ങനെ എനിക്കിപ്പോള്‍ അഞ്ച് മക്കളുണ്ടെന്നും', നർമ്മം കലർത്തി ബിനു പറയുന്നു. വീഡിയോയ്ക്ക് താഴെ ബിനുവിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് നിരവധി പേരാണ് എത്തിയത്. സ്റ്റാർ മാജിക്ക് താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ബിനുവിനാണ്.


Click it and Unblock the Notifications