'നീ ഓജോബോർഡ് ഒന്നും കളിക്കരുത്... സംഭവം ഉണ്ട്... പറഞ്ഞ് പേടിപ്പിച്ചിട്ട് ലാലേട്ടൻ പോയി'; ചന്തുനാഥ്!
പതിനെട്ടാം പടിയിലെ ജോയ് ഏബ്രഹാം പാലയ്ക്കലായി വന്ന് മലയാളികൾക്ക് സുപരിചിതനായ യുവനടനാണ് ചന്തുനാഥ്. കട്ടത്താടിയും നീളൻ മുടിയുമൊക്കെയായി വന്ന ആ ചുള്ളൻ മാഷിനെ അവതരിപ്പിച്ച ചന്തുനാഥിന് ഇപ്പോൾ കൈ നിറയെ സിനിമകളാണ്. പതിനെട്ടാം പടി ചന്തുനാഥിന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു.
കുട്ടിക്കാലം മുതൽ ചന്തുനാഥിനൊപ്പം കൂടിയ സ്വപ്നമാണ് സിനിമ. അവിടേക്ക് എത്തിപ്പെടാനായി ബെംഗളൂരു വിട്ട് നാട്ടിൽ എത്തിയപ്പോഴാണ് സുഹൃത്തുകളുടെ കൂട്ടായ്മയിൽ പിറന്ന ഹിമാലയത്തിലെ കശ്മലൻ എന്ന സിനിമയിൽ ഒരു വേഷം താരം ചെയ്യുന്നത്.
അഭിറാം സുരേഷ് ഉണ്ണിത്താനാണ് ആ സിനിമ സംവിധാനം ചെയ്തത്. വളരെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെയാണ് ചന്തുനാഥ് അതിൽ അവതരിപ്പിച്ചത്. സ്കൂൾ, കോളജ് തലങ്ങളിലൊക്കെ നാടക മത്സരങ്ങളിലും മറ്റും ആവേശത്തോടെ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് ചന്തുനാഥ്.

അധ്യാപകനായി ജോലി നോക്കുന്ന സമയത്തും അഭിനയം തന്നെയായിരുന്നു മനസിൽ. ആ സ്വപ്നത്തിലേക്കുള്ള ആഗ്രഹം വർധിച്ചപ്പോഴാണ് അധ്യാപനം ഉപേക്ഷിച്ച് പൂർണമായും ചന്തുനാഥ് സിനിമയ്ക്കായി ഇറങ്ങിയത്. പതിനെട്ടാംപടിയുടെ ആദ്യ പടിവാതിൽക്കൽ എത്തും വരെയും ശരിക്കും പ്രയാസമുള്ള കാലമായിരുന്നു ചന്തുനാഥിന്.
മാലിക്ക്, ട്വൽത്ത് മാൻ, ട്വന്റി വൺ ഗ്രാംസ്, സിബിഐ 5 ദി ബ്രെയിൻ, പാപ്പൻ, ഇനി ഉത്തരം, ലവ്ഫുള്ളി യുവേഴ്സ് വേദ എന്നിവയാണ് ചന്തുനാഥ് അഭിനയിച്ച് റിലീസ് ചെയ്ത സിനിമകൾ. ഫീനിക്സാണ് ചന്തുനാഥിന്റെ ഏറ്റവും പുതിയ റിലീസ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
21 ഗ്രാംസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് ഹൊറർ ത്രില്ലറായ ഫീനിക്സ്. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഫ്രണ്ട് റോ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഫീനിക്‌സ്. സിനിമയുടെ പ്രമോഷനായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചന്തുനാഥ് തന്റെ പ്രേതാനുഭവങ്ങൾ പങ്കിട്ടു. അക്കൂട്ടത്തിൽ ട്വൽത്ത് മാൻ സെറ്റിൽ വെച്ച് ഓജോ ബോർഡ് കളിച്ച അനുഭവവും ചന്തുനാഥ് പങ്കുവെച്ചു. ആ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

'ട്വൽത് മാൻ സെറ്റിൽ വെച്ച് ഓജോ ബോർഡ് കളിച്ചിരുന്നു. കളിക്കാൻ വേണ്ടിയിട്ടല്ല പറ്റിക്കാൻ വേണ്ടി കളിച്ചിട്ടുണ്ട്. 12 മാൻ സെറ്റിൽ വെച്ച് കളിക്കുന്നതായി അഭിനയിച്ചു. അനു സിത്താര കട്ടിലിന്റെ മേലെയൊക്കെ കേറി നിന്നു. അതിലുള്ള എല്ലാവരെയും പേടിപ്പിച്ചു. അനു മോഹനും ഞാനും ഇരുന്ന് മെഴുകുതിരി കത്തിക്കും. രാത്രി ഷൂട്ട് ഇല്ലാത്തതുകൊണ്ട് എല്ലാവരെയും വിളിച്ച് മുറിക്കുള്ളിൽ ഇരുത്തി എല്ലാ ആർട്ടിസ്റ്റും കൂടി ഇരിക്കുകയാണ്.'
'ഞാൻ ഗുഡ്സ്പിരിറ്റ് കം എന്നൊക്കെ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ അനു അത് ഊതും. പിന്നെ അത് ഊതി അണയും. വെളിയിൽ ഒരാളെ നിർത്തിയിട്ടുണ്ട് അയാൾ വന്നിട്ട് കതകിൽ ടപ്പേ ടപ്പേ എന്ന് അടിക്കും. അങ്ങനെ ഒരാൾ വന്ന് എന്ന് എല്ലാവരും വിശ്വസിച്ചു. ശേഷം ലാലേട്ടൻ വന്നു. അപ്പുറത്ത് തട്ട് തട്ടിയപ്പോൾ ഇപ്പുറത്ത് നിന്നും ഒരു തട്ട്.'
'ജീത്തു സാറും മോഹൻലാൽ സാറും കൂടെ ഡോറിൽ ഇടിച്ചുകൊണ്ട് നിൽക്കുന്നു. ഇറങ്ങെടാ വെളിയിൽ നീയാണോ ഇതിന്റെ പുറകിൽ എല്ലാവരും റൂമിൽ പൊക്കോ എന്ന് പറഞ്ഞു. എല്ലാവരും പോയി കോട്ടേജിൽ ഞാൻ മാത്രമായി. ലാലേട്ടൻ എന്നെ വിളിച്ചു എന്നിട്ട് വാ മോനേ... നീ ഓജോബോർഡ് ഒന്നും കളിക്കരുത്.'
'സംഭവം ഉണ്ട്... ലാലേട്ടൻ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ പിന്നേ ഞാൻ എത്രയോ വട്ടം എന്ന് പറഞ്ഞ് പുള്ളി നടന്ന് ചരിഞ്ഞങ്ങ് പോയി. ഞാൻ പിന്നെ അവിടെ അങ്ങനെ നിന്നു പോയി. മെഴുകുതിരി കണ്ടപ്പോൾ വരെ പേടിയായി', എന്നാണ് ചന്തുനാഥ് അനുഭവം വെളിപ്പെടുത്തി പറഞ്ഞത്.


Click it and Unblock the Notifications