അമ്മയ്ക്ക് സ്വതന്ത്ര്യമായി താമസിക്കാൻ കഴിയണം, കയറിച്ചെല്ലാൻ ഒരു ഇടം; കൊച്ചിയിൽ വീട് വെക്കാതിരുന്നതിന് പിന്നിൽ
മലർവാടി ആർട്സ് ക്ലബ്ബിലൂടെ നിവിൻ പോളി അടക്കം നിരവധി ചെറുപ്പക്കാർക്ക് വിനീത് ശ്രീനിവാസൻ സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തിരുന്നു. അക്കൂട്ടത്തിൽ ഒരാൾ ദീപക് പറമ്പോൽ ആയിരുന്നു. പതിനഞ്ച് വർഷമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി ദീപക്കുണ്ട്. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം താരം ചെയ്ത് കഴിഞ്ഞു.
തട്ടത്തിൻ മറയത്തിലെ മനോജിനേയും കുഞ്ഞിരാമായണത്തിലെ ശശിയേയും മലയൻകുഞ്ഞിലെ സുമേഷിനേയും കണ്ണൂർ സ്ക്വാഡിലെ റിയാസിനേയും മഞ്ഞുമ്മൽ ബോയ്സിലെ സുധിയേയും ഒന്നും മലയാളികൾ മറക്കാൻ ഇടയില്ല. കണ്ണൂരാണ് ദീപക്കിന്റെ ജന്മനാട്. അവിടെ നിന്നും സിനിമാ മോഹം കൊണ്ടാണ് കൊച്ചിയിലേക്ക് എത്തിയത്. പതിനഞ്ച് വർഷത്തിനിടെ മുപ്പതോളം സിനിമകൾ ചെയ്ത് കഴിഞ്ഞു താരം.

സോഷ്യൽമീഡിയയിൽ സജീവമായ ദീപക് പുതുവത്സര ദിനത്തിൽ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരുന്നു. സ്വന്തമായി ഒരു വീട് പണിതതിന്റെ സന്തോഷമായിരുന്നു കുറിപ്പിൽ പങ്കുവെച്ചത്. സിനിമ നിരവധി നല്ല കാര്യങ്ങൾ തന്നു. ഇപ്പോഴിതാ ഇതും... സിനിമയ്ക്ക് നന്ദി എന്നാണ് വീടിനായി തറ കെട്ടിയതിന്റെയും നിർമാണം പൂർത്തിയായ വീടിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ദീപക് കുറിച്ചത്.
ആദ്യമായി സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന വിനീത് ശ്രീനിവാസനും ഭാര്യയും നടിയുമായ അപർണ ദാസിനും കുറിപ്പിൽ നന്ദി രേഖപ്പെടുത്തിയിരുന്നു. ആന്റണി പെപ്പെ അടക്കം നിരവധി പേരാണ് ദീപക്കിന്റെ പ്രയത്നത്തെ അഭിനന്ദിച്ച് എത്തിയത്. സ്വന്തമായൊരു വീട് എന്ന സ്വപ്നം മനസിൽ ഇല്ലാത്തവർ ചുരുക്കമാണ്. കുട്ടിക്കാലം മുതൽ സ്വന്തം വീടെന്ന സ്വപ്നം ദീപക്കിന്റെ മനസിൽ ഉണ്ടായിരുന്നു.
പക്ഷെ ആഗ്രഹം സാധിച്ചെടുക്കാൻ കുറച്ച് വർഷങ്ങൾ ദീപക്കിന് കാത്തിരിക്കേണ്ടി വന്നുവെന്ന് മാത്രം. കുറച്ച് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞാൽ തന്നെ സിനിമാക്കാർ കൊച്ചിയിൽ തന്നെ സെറ്റിലാകാൻ നോക്കും. ഷൂട്ടിങിന് പോകാനുള്ള സൗകര്യാർദം കൂടിയാണ് കൊച്ചിയിൽ സെറ്റിൽഡാകാൻ എല്ലാവരും ശ്രമിക്കുന്നത്. ഫ്ലാറ്റ് റെന്റിന് എടുക്കുന്നതിന് പകരം സ്വന്തമായി ഒന്ന് വാങ്ങുകയോ പുതിയൊരു വീട് പണിയുകയോ ചെയ്യുന്നവരാണ് ഏറെയും.
ദീപക്കും പുതിയ വീട് കൊച്ചിയിലാകും പണിതിട്ടുണ്ടാവുക എന്നാണ് നടന്റെ പോസ്റ്റ് കണ്ടപ്പോൾ ആരാധകർ കരുതിയകത്. എന്നാൽ കൊച്ചിയിൽ അല്ല സ്വന്തം നാടായ കണ്ണൂരിൽ തന്നെയാണ് നടൻ പുതിയ വീട് പണിതിരിക്കുന്നത്. അതിന് ശക്തമായൊരു കാരണവും ദീപക്കിനുണ്ട്. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നടൻ അത് പങ്കുവെച്ചിരുന്നു. അച്ഛന്റെ നാടായ അഴീക്കോടാണ് ഞാൻ വളർന്നത്. തറവാട്ടിലായിരുന്നു താമസം.

എങ്കിലും സ്വന്തം വീടില്ലാത്തതിന്റേതായ സങ്കടങ്ങളുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ഒരു വീടെന്ന മോഹം യാഥാർത്ഥ്യമാകുമെന്ന സാഹചര്യം വന്നപ്പോൾ ഞാൻ അമ്മയുടെ നാടായ പിലാത്തറയില്‍ മതിയെന്ന് തീരുമാനിച്ചു. എനിക്ക് വളരെ ഇഷ്ടമുള്ള കുട്ടിക്കാലത്ത് അവധി ദിനങ്ങൾ ചെലവഴിച്ച ഇടമാണ്. മനസിൽ കുറയേറെ നല്ല ഓർമകളുണർത്തുന്ന ഗ്രാമം. 2020 ലാണ് വസ്തു വാങ്ങിയത്. തൊട്ടടുത്ത വർഷം വീടിന്റെ പണി തുടങ്ങി വച്ചു.
പിന്നീട് സാഹചര്യങ്ങളനുസരിച്ച് പതിയെപ്പതിയെ ഓരോരോ ഘട്ടങ്ങളായാണ് വീട് പണി പുരോഗമിച്ചത്. മൊത്തത്തിൽ ഒരാൾക്ക് കോൺട്രാക്ട് കൊടുക്കുകയായിരുന്നില്ല. പലരെക്കൊണ്ടാണ് ചെയ്യിച്ചത്. എല്ലായ്പ്പോഴും ഞാൻ ഒപ്പം നിന്നിട്ടുണ്ട്. തടിയൊക്കെ പരമാവധി കുറച്ച് ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായാണ് നിർമാണം പൂർത്തിയാക്കിയത്.
അങ്ങനെ നാല് വർഷത്തിനുശേഷം 2025 ഡിസംബർ ആറിന് പാലുകാച്ചൽ ചടങ്ങ് നടത്തി ദീപക് പറഞ്ഞു. വീടിന് സൗധം എന്ന് പേരിട്ടതിന് പിന്നിലെ കഥയും കൊച്ചിയിൽ വീട് വെക്കാതിരുന്നതിന്റെ കാരണവും താരം പങ്കുവെച്ചു. വീടിന് സൗധം എന്ന് പേരിട്ടതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് വീട് എന്ന അർത്ഥത്തിൽ. രണ്ട് എന്റെ അമ്മയുടെ പേര് സുധ എന്നാണ്. അതുകൂടി പരിഗണിച്ചാണ് സൗധം എന്ന് തീരുമാനിച്ചത്.
സത്യത്തിൽ സ്വന്തമായി ഒരു വീടെന്ന മോഹത്തിന്റെ പ്രധാന പ്രേരണകളിലൊന്ന് അമ്മയ്ക്ക് സ്വാതന്ത്ര്യത്തോടെ താമസിക്കാനുള്ള ഇടം എന്ന നിലയിൽ കൂടിയാണ്. അങ്ങനെയൊരു വലിയ ആഗ്രഹവുമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. പലരും ചോദിച്ചു കൊച്ചിയല്ലേ സിനിമക്കാരുടെ ലോകം അവിടെ മതിയായിരുന്നില്ലേ പുതിയ വീടെന്ന്. പക്ഷെ നാട്ടിൽ ഒരു വീട് വെയ്ക്കണം ഇടയ്ക്കിടെ കയറിച്ചെല്ലാൻ ഒരു ഇടം വേണമെന്നൊക്കെയുണ്ടായിരുന്നു എന്നും അതാണ് നാട്ടിൽ തന്നെ വീട് പണിതതിന് കാരണമെന്നും നടൻ പറഞ്ഞു.


Click it and Unblock the Notifications











